മധ്യവേനൽ അവധിക്കാലയാത്രയ്ക്ക് പറ്റിയ ഇടമാണ് വയനാട്. വെള്ളച്ചാട്ടങ്ങളും തടാകങ്ങളും തണുപ്പും സുഖകരമാണ്. കാട്ടുതീയും വേനലും കാരണം പലതും അടച്ചിട്ടിരിക്കുകയാണിപ്പോൾ. എന്നാൽ കർലാഡ് സഞ്ചാരികളെയും കാത്തിരിപ്പുണ്ട്. വെറുമൊരു തടാകമായല്ല. സാഹസികവിനോദങ്ങൾക്ക് വേദിയായി, അത്തരക്കാർക്ക് ഒരുദിവസം ചെലവഴിക്കാനുള്ള വകകളുമായാണ് കർലാഡ് കാത്തിരിക്കുന്നത്. 
കോഴിക്കോട്ടുനിന്ന് കൽപ്പറ്റയ്ക്ക് 72 കിലോമീറ്റർ, അവിടെനിന്ന്‌ കാവുമന്ദംവഴി 20 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. ബസിലാണ് യാത്രയെങ്കിൽ കാവുമന്ദം ഇറങ്ങി ഓട്ടോ പിടിക്കണം. വയനാട് അഡ്വഞ്ചർ ക്യാമ്പ് എന്ന ബോർഡ് കാണാം. 
പുൽത്തകിടിയും പൂച്ചെടികളും പിടിപ്പിച്ച് ഭംഗിയാക്കിയ തടാക തീരം. 250 മീറ്റർ നീളമുള്ള സിപ് ലൈനിലൂടെ പറക്കാം. കേബിൾ ഘടിപ്പിച്ച ടവറിനു മുകളിൽനിന്ന് ഇരുകൈയും വീശി പക്ഷിയെപ്പോലെ പറക്കുന്നതിന്റെ ഹരം. ഹെൽമെറ്റും മറ്റ് സുരക്ഷാഉപകരണങ്ങളും ധരിച്ച് പറക്കാം. ഓരോരുത്തരെയും കയറ്റി വിടുമ്പോൾ ഇക്കരെനിന്ന് അക്കരയ്ക്ക് ചില ഫോൺസന്ദേശങ്ങൾ പോകുന്നുണ്ട്. തൂക്കം കൂടുതലുള്ള ആളാണ്, തൂക്കം കുറവാണ് എന്നിങ്ങനെ. തൂക്കം കൂടുതലുള്ളവർ നല്ലവേഗത്തിൽ അക്കരെയെത്തും. കുറവുള്ളവരെയാകട്ടെ ചിലപ്പോൾ അക്കരെ നിൽക്കുന്നവർ വലിച്ചടുപ്പിക്കേണ്ടിവരും.
   ചുണ്ടിൽ പുഞ്ചിരിയും കണ്ണുകളിൽ തിളക്കവുമായാണ് ഓരോരുത്തരും വന്നിറങ്ങുന്നത്. എന്തോ നേടിയതിന്റെ വലിയ ആഹ്ലാദം അവരുടെയൊക്കെ മുഖത്ത് കാണാം. സാഹസികതയുടെ ത്രിൽ.
തിരിച്ചുവരാൻ ബോട്ടാണ്. തടാകത്തിലൂടെ സഞ്ചരിക്കാൻ രണ്ടു സീറ്റുള്ള പെഡൽ ബോട്ടും നാലു സീറ്റുള്ള പെഡൽ ബോട്ടുമുണ്ട്. കയാക്കിങ്ങിനായി പത്ത് കയാക്കുകളും. തടാകത്തിലൂടെയുള്ള ഈ കയാക്കിങ് നല്ലൊരനുഭവമാണ്. 
റോക്ക് ക്ലൈമ്പിങ് ആണ് മറ്റൊരു ഇനം. കയറിന്റെ സഹായത്തോടെ ബോർഡിലെ ടവറിനുമുകളിൽ കേറാം. കാണുമ്പോൾ ഓടിക്കയറാമെന്നു തോന്നിയേക്കാം. എന്നാൽ അത്ര എളുപ്പമല്ല കാര്യങ്ങൾ. 
 കയറിൽ പിടിച്ചുകയറാൻ മാത്രമല്ല, കയറുന്നതുകാണാനും ആളുണ്ടാവും. പുതിയ സാഹസികവിനോദങ്ങളും ആസൂത്രണംചെയ്യുന്നുണ്ടിവിടെ. സിപ് ലൈനിലൂടെ പറക്കുന്ന പരിപാടി ഇടയ്ക്ക് മുടങ്ങാറുണ്ട്. അതുകൊണ്ടുതന്നെ പോവുംമുമ്പ് വിളിച്ച് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. (ഫോൺ 04936 250440. ലൂക്ക-9847884242)
കർലാഡിനൊപ്പം കാണാൻ ഏറെയിടങ്ങളുണ്ട്. ബാണാസുര സാഗർ ഡാം: കർലാഡുനിന്ന് പടിഞ്ഞാറത്തറ-തരിയോട് റോഡ് വഴി ഏഴുകിലോമീറ്റർ പോയാൽ ബാണാസുര ഡാമിലെത്താം. 
മീൻമുട്ടി വെള്ളച്ചാട്ടം: ബാണാസുര ഡാമിൽനിന്ന് രണ്ടു കിലോമീറ്റർകൂടി പോയാൽ മീൻമുട്ടി വെള്ളച്ചാട്ടത്തിലെത്താം.
പൂക്കോട് തടാകം: കർലാഡുനിന്ന് വൈത്തിരി തരുവണ റോഡ് വഴി 23 കിലോമീറ്റർ പോയാൽ പൂക്കോട് തടാകത്തിൽ എത്താം. കാരാപ്പുഴ ഡാം: തരിയോട്-വട്ടോത്ത് റോഡ് വഴി 36 കിലോമീറ്റർ പോയാൽ കാരാപ്പുഴ ഡാം ആയി.