അമച്വർ നാടകങ്ങളെ സ്നേഹിക്കുന്ന സഹോദരങ്ങളായ നിഖിൽദാസിന്റെയും നിജിൽദാസിന്റെയും ജീവിതകഥ വായിക്കാം

അടുത്ത ഒരു ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു. ഈ അനൗൺസ്‌മെന്റ് സാധാരണ കേൾക്കുന്നത് പ്രൊഫഷണൽ നാടകവേദികളിലാണ്. അത്തരം ഒരു അനൗൺസ്‌മെന്റ് ഇവരെക്കുറിച്ച് സങ്കൽപ്പിച്ചാൽ ഇങ്ങനെ പറയേണ്ടി വരും. നാടകരചന: നിഖിൽദാസ്, സംവിധാനം: നിജിൽദാസ്...അല്ലെങ്കിൽ നേരേ തിരിച്ച്.അമച്വർ നാടകങ്ങളാണ് ഈ സഹോദരങ്ങളുടെ ജീവനും ആത്മാവും.
ചെറുപ്പത്തിലേ രക്തത്തിൽ കയറിക്കൂടിയ കമ്പം. നിഖിൽദാസിന്റെയും നിജിൽദാസിന്റെയും ജീവിതത്തിൽ നാടകത്തിന്റെ കർട്ടനുയരുന്നത് തൃശ്ശൂർ രംഗചേതനയിലൂടെയാണ്. ചെറിയച്ഛൻ മുരളി അടാട്ട് ആയിരുന്നു കാരണക്കാരൻ. അടാട്ടെ പുറനാട്ടുകര എന്ന വീടിന്റെ ടെറസ് നാടകങ്ങളുടെ റിഹേഴ്‌സൽ കേന്ദ്രമായിരുന്നു. അടാട്ട് അമ്പിളി തീേയറ്റേഴ്‌സിന്റെ പ്രതാപകാലം. ഇതു കണ്ടാണ് നിഖിലും നിജിലും വളർന്നത്.
അച്ഛൻ പരേതനായ ദേവദാസിന് നാടകവുമായി നേരിട്ടു ബന്ധമില്ലെങ്കിലും ക്ഷേത്രവാദ്യകലാകാരനായിരുന്നു. കുട്ടികളുടെ കഴിവു തിരിച്ചറിഞ്ഞ് മുരളി അവരെ നാടകവേദിയിലേക്ക് കൈപിടിച്ചു നടത്തുകയായിരുന്നു. സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയിട്ടുള്ളയാളാണ് മുരളി. ആരോഗ്യവകുപ്പിൽ നഴ്‌സായ അമ്മ ലളിതയ്ക്ക് മക്കളുടെ നാടകക്കമ്പത്തിൽ ആദ്യമൊക്കെ കുറച്ച് ആശങ്കയുണ്ടായിരുന്നു. ഇപ്പോൾ പക്ഷേ അവരുടെ ഇഷ്ടത്തിനൊപ്പം.കോളേജ് പഠനകാലത്തുതന്നെ ഇരുവരും തിയേറ്റർ രംഗത്ത് സജീവമായി.കേരളവർമ കോളേജിൽ ഡിഗ്രി കാലത്തും നാട്ടിക എസ്.എൻ. കോളേജിൽ പി.ജി. കാലത്തും നിഖിൽ ഒട്ടേറെ നാടക ഫെസ്റ്റിവലുകളിൽ പങ്കെടുത്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവത്തിൽ മികച്ച നടനായി. 
അനുജൻ നിജിലും ഒട്ടും കുറച്ചില്ല. ഡി- സോൺ കലോത്സവത്തിൽ നിജിൽ മികച്ച നടനായി. ഡി- സോണിൽ തുടർച്ചയായി നാലു വർഷം നിജിൽ ആദ്യസമ്മാനങ്ങളിൽ വന്നിരുന്നു. രണ്ടുവർഷം ഒന്നാം സ്ഥാനം നേടി. ഇതേ കാലയളവിൽ സംഗീത നാടക അക്കാദമിയുടെ അെമച്വർ നാടക മത്സരത്തിൽ രണ്ടുതവണ പുരസ്‌കാരം നേടി.അടാട്ടെ കൂട്ടുകാർ ചേർന്ന് അവതരിപ്പിച്ച ‘ഞായറാഴ്ച’ എന്ന നാടകം കണ്ട് നിഖിൽദാസിനെ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലേക്ക് സത്യൻ അന്തിക്കാട് ക്ഷണിച്ചു. ചെറിയ വേഷമായിരുന്നതിനാൽ ശ്രദ്ധിക്കപ്പെട്ടില്ല.  ഭൂപടങ്ങൾ മാറ്റിവരയ്ക്കുമ്പോൾ എന്ന നാടകവും പ്രേക്ഷകശ്രദ്ധ നേടി.നീലക്കുയിൽ എന്ന സിനിമയുടെ നാടകാവിഷ്‌കാരം ഇവർ തയ്യാറാക്കി റിയാദിൽ അവതരിപ്പിച്ചിരുന്നു. ഷൈജു അന്തിക്കാടായിരുന്നു സംവിധാനം.
ഉണ്ണി ആർ., സോക്രട്ടീസ് വാലത്ത്, ഇ. സന്തോഷ് കുമാർ എന്നിവരുടെ ചെറുകഥകൾ നാടകരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കു വേണ്ടിയാണെങ്കിൽ ഇവർതന്നെ നാടകരചന നടത്തും. കേരളവർമയിൽ പഠിക്കുമ്പോൾ ഡി- സോൺ കലോത്സവത്തിൽ നിഖിൽ രചിച്ച് നിജിൽ സംവിധാനം ചെയ്്ത ‘കവചിത് ‘ എന്ന ഹിന്ദി നാടകത്തിന് ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. ‘ചരിത്രത്തിലേക്ക് ഒരു ഏട്’ എന്ന നാടകമാണ് ഇപ്പോൾ അവതരിപ്പിച്ചുവരുന്നത്. ഇറ്റ്‌ഫോക്‌, നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ ഫെസ്റ്റിവൽ, ധർവാഡ് ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ ഇത് അവതരിപ്പിച്ചു. ജയിംസ് ഏലിയയുടെ രചനയ്ക്ക് സംവിധാനം നിർവഹിച്ചിരിക്കുന്നത് ജോസ് കോശിയാണ്. കട്ടക്ക് ഫെസ്റ്റിവലിലും ഇവർ നാടകം കളിച്ചിട്ടുണ്ട്.രംഗചേതനയിലെ കെ.വി. ഗണേഷാണ് അഭിനയത്തിന്റെ ബാലപാഠങ്ങൾ പകർന്നു തന്നതെന്ന് ഇരുവരും പറയുന്നു. കോളേജിൽ ഒരുമിച്ചു പഠിച്ചവരിൽ പലരും നാടകരംഗത്തുതന്നെയുണ്ട്. ഇവരുടെ നാടകങ്ങൾക്കു സ്ഥിരം സംഗീതം നൽകുന്നത് കൂട്ടുകാരനായ മിഥുൻ മലയാളമാണ്.പാറമേക്കാവ് സ്‌കൂളിലെ അധ്യാപകൻ കൂടിയാണിദ്ദേഹം. വിവേകോദയം സ്‌കൂളിലെ അധ്യാപകൻ രാമദാസാണ് എപ്പോഴും പ്രകാശനിയന്ത്രണം ഒരുക്കുന്നത്. രംഗപടം ഷിനോജ്. ഈ കൂട്ടായ്മയാണ് ശക്തിയെന്ന് നിഖിലും നിജിലും പറയുന്നു.
നിഖിൽ പൂർണസമയം തീയേറ്റർ പ്രവർത്തകനാണ്. കേരളവർമയിലെ ബിരുദത്തിനുശേഷം അടാട്ടെ പോസ്റ്റുമാനായി പ്രവർത്തിക്കുകയാണ് നിജിൽ. സ്‌കൂൾ കലോത്സവങ്ങളിൽ ഇവരുടെ നാടകങ്ങൾ തേടി പലരും എത്താറുണ്ട്.
സാമ്പ്രദായിക രീതികളെ തകർത്ത് കേരളത്തിന്റെ ഗ്രാമങ്ങളിലുടനീളം നാടകം കളിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. നാടകത്തിന്റെ ഭാവി അെമച്വർ നാടകങ്ങളിലാണെന്നും ഇവർ വിശ്വസിക്കുന്നു. സിനിമാ ചർച്ചകളും നടക്കുന്നുണ്ട്. നിജിൽ സംവിധാനം ചെയ്ത നാടകങ്ങൾക്കാണ് കഴിഞ്ഞ മൂന്നുവർഷമായി ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ‍(യു.പി.)ഒന്നാം സ്ഥാനം ലഭിക്കുന്നത്.

ഇനി ട്വിസ്റ്റ്: കണ്ണൂരിൽ ജനുവരിയിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവം. ഹയർസെക്കൻഡറി വിഭാഗം നാടകത്തിന്റെ ഒന്നാം സ്ഥാനം പ്രഖ്യാപിക്കുന്നു. തൃശ്ശൂർ വിവേകോദയം ബോയ്‌സ് സ്‌കൂൾ അവതരിപ്പിച്ച ‘ഒരിടത്ത് ഒരിടത്തി’നാണ് ഒന്നാം സ്ഥാനം. സംവിധാനം: നിഖിൽദാസ്.
ഹൈസ്‌കൂൾ നാടകത്തിന് രണ്ടാംസ്ഥാനം കുട്ടനെല്ലൂർ അഗസ്റ്റിൻ അക്കര സ്‌കൂൾ അവതരിപ്പിച്ച ‘പലഹാരപ്പന്തയം’ എന്ന നാടകത്തിന്. രചന: നിഖിൽദാസ്. സംവിധാനം: നിജിൽദാസ്.