വാഴക്കൂമ്പ്‌ പായസം

റോബസ്റ്റ വാഴക്കൂമ്പ്‌ അല്ലാത്ത എല്ലാ കൂമ്പും ഉപയോഗിക്കാം.
1. വാഴക്കൂമ്പ്‌ ചെറുതായി അരിഞ്ഞത്‌ -250 ഗ്രാം. 2. ഉണ്ടശർക്കര -300 ഗ്രാം. 3. കശുവണ്ടി -10 എണ്ണം, 4. കിസ്‌മിസ്‌ -20 എണ്ണം, 5. ഏലയ്ക്ക -4 എണ്ണം. 6. തേങ്ങാപ്പാൽ (ഒരു തേങ്ങയുടേത്‌).
പാകം ചെയ്യുന്നവിധം:  വാഴക്കൂമ്പ്‌ ചെറുതായി അരിഞ്ഞ്‌, പ്രഷർകുക്കറിൽ വേവിച്ച്‌, ആറുമ്പോൾ മിക്സിയിൽ അടിച്ചെടുക്കുക. തേങ്ങാപ്പാൽ ഒന്നാം പാലും രണ്ടാം പാലും എടുക്കുക. ഉരുളിയിൽ ശർക്കര അര ക്ളാസ്‌ വെള്ളം ഒഴിച്ച്‌ ഉരുക്കുക. അതിലേക്ക്‌ വാഴക്കൂമ്പ്‌ ഒഴിക്കുക. രണ്ടാം പാലും ഒഴിക്കുക. അടിക്കു പിടിക്കാതെ ഇളക്കണം. കുറുകിക്കഴിയുമ്പോൾ തേങ്ങാപ്പാൽ ഒഴിക്കുക, അധികം കുറുകാതെ ഇതിലേക്ക്‌ കശുവണ്ടിയും കിസ്‌മിസ്ും നെയ്യിൽ വറുത്തിടുക, ഏലയ്ക്ക പൊടിച്ചു ചേർക്കുക. ഉണക്ക നാളികേരം ചെറുതായി അരിഞ്ഞ്‌ നെയ്യിൽ മൂപ്പിച്ച്‌ ചേർക്കാം.

കോഴി ഇറച്ചി മുക്കിപ്പൊരിച്ചത്‌

ചേരുവകൾ: കോഴി -ഒന്ന്‌, ഗോതമ്പുമാവ്‌ -ഒന്നര കപ്പ്‌, മുട്ട -ഒന്ന്‌, വെളുത്തുള്ളി (അരിഞ്ഞത്‌) -ഒരു ടേബിൾസ്പൂൺ, മഞ്ഞൾ -അര ടീസ്പൂൺ,  മുളകുപൊടി -ഒരു ടീസ്പൂൺ, കുരുമുളകു പൊടി- അര ടീസ്പൂൺ,  മല്ലിപ്പൊടി- ഒരു ടീസ്പൂൺ, ജീരകപ്പൊടി -അല്പം, ബേക്കിങ്‌ പൗഡർ -അര ടീസ്പൂൺ, ഉപ്പ്‌ -പാകത്തിന്‌.പാകം ചെയ്യുന്നവിധം: കോഴി ഇറച്ചി വലിയ കഷണങ്ങളായി മുറിക്കുക. വെളുത്തുള്ളി പൊടിയായി അരിഞ്ഞത്‌, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഉപ്പ്‌ എന്നീ ചേരുവകൾ നല്ലവണ്ണം കൂട്ടയോജിപ്പിച്ച്‌ ഇറച്ചിയിൽ പുരട്ടി വയ്ക്കുക. ഈ ചേരുവകളൊക്കെ ഇറച്ചിക്കുള്ളിൽ നന്നായി പിടിച്ചുചേരാൻ വേണ്ടി ഫോർക്കുകൊണ്ട്‌ കുത്തിയാൽ നല്ലതാണ്‌. ഏകദേശം ഒരു മണിക്കൂറോ അതിലധികമോ കഴിഞ്ഞ്‌ മുക്കിപ്പൊരിക്കാൻ തുടങ്ങാം.ഇറച്ചി മുക്കാനുള്ള കൂട്ടുണ്ടാക്കുന്ന വിധം: ഗോതമ്പു പൊടിയും ബേക്കിങ്‌ പൗഡറും നന്നായി കൂട്ടിക്കലർത്തുക. ഇതിൽ മുട്ടയും ഉടച്ചുചേർത്ത്‌ കൂട്ട്‌ നല്ലവണ്ണം അടിച്ചു മയപ്പെടുത്തുക. ആവശ്യത്തിന്‌ അല്പം ഉപ്പു ചേർക്കുക. കൂട്ടിന്റെ മുറുക്കം കുറയ്ക്കാൻ വെള്ളം ചേർക്കാവുന്നതാണ്‌.  മേൽപ്പറഞ്ഞ കൂട്ടിൽ ഇറച്ചിക്കഷണങ്ങൾ ഓരോന്നായി മുക്കി എണ്ണയിൽ പൊരിക്കുക. നല്ല ബ്രൗൺ നിറമായാൽ കോരി എടുക്കാം.  ഇറച്ചിയുടെ തൊലിയും ഉപ്പും മസാലയും പുരട്ടി പൊരിച്ചെടുക്കാം. കൂട്ടിൽ മുക്കേണ്ട ആവശ്യമില്ല. നല്ല ബ്രൗൺ നിറമായാൽ മാറ്റാവുന്നതാണ്‌. കുട്ടികൾക്ക്‌ പ്രിയങ്കരമായിരിക്കും. കറുമുറെ പൊട്ടിച്ചുതിന്നാം.