ശിവരാത്രി അടുക്കാറായി. ഇക്കൊല്ലം ശിവാലയഓട്ടത്തിന് തയ്യാറെടുക്കാം. ഇപ്പോഴേ പ്ളാൻ ചെയ്താലെ പങ്കെടുക്കാൻ സാധിക്കൂ. കാരണം ഇതുനടക്കുന്നത് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ്. പഴയകേരളം. അന്ന് തോവാള, അഗസ്തീശ്വരം, കൽകുളം, വിളവങ്കോട്, എന്നീ നാലുതാലൂക്കുകളിൽ തോവാള, അഗസ്തീശ്വരം, ഭാഗങ്ങൾ നാഞ്ചിനാട് എന്നും കൽകുളം, വിളവങ്കോട് താലൂക്കുകൾ  വേണാട് എന്നുമാണ് അറിയപ്പെട്ടിരുന്നത്. കൽകുളം-വിളവങ്കോട് 
താലൂക്കുകളിലെ ശൈവവൈഷ്ണവ വിഭാഗക്കാരുടെ ഒത്തൊരുമയുടെ നിദർശനമാണ് ശിവാലയഓട്ടം. 12 ശിവക്ഷേത്രങ്ങൾ ചുറ്റി മഹാശിവരാത്രി ദിവസം നടത്തുന്ന, 81 കിലോമീറ്റർ വരുന്ന ഓട്ടപ്രദക്ഷിണം. 
തിരുമല, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊൻമന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടൈക്കോട്, തിരുവിതാംകോട്, തൃപ്പന്നിയോട്, തിരുനട്ടാലം എന്നിവയാണ് ഈ ശിവക്ഷേത്രങ്ങൾ. പണ്ട് ഓടിത്തന്നെ പോയിരുന്ന ഓട്ടമാണെങ്കിൽ കാലം മാറിയപ്പോൾ പലരും ബൈക്കിലും കാറിലുമൊക്കെയാക്കിയിട്ടുണ്ട് ഓട്ടം. പഴയപാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരും ഉണ്ട്. ശിവരാത്രിദിനം രാത്രിവരെ ഈ ഭക്തജനഓട്ടം തുടരും. ഓട്ടത്തിൽ പങ്കെടുക്കുന്ന ഭക്തർ ഒരാഴ്ചമുമ്പേ വ്രതമെടുക്കാറുണ്ട്. 
 മാർത്താണ്ഡത്തിനടുത്തുള്ള മുഞ്ചിറ തിരുമലക്ഷേത്രത്തിൽനിന്നാണ് ഓട്ടം തുടങ്ങുന്നത്. ഇവിടെനിന്നും മാർത്താണ്ഡം വഴി തിക്കുറിശ്ശിയിലേക്ക്. 12 കിലോമീറ്റർ ദൂരത്തിൽ കുഴിത്തുറയ്ക്കടുത്ത് താമ്രപർണി നദിക്കരയിലാണ് തിക്കുറിശ്ശി ക്ഷേത്രം. അവിടെനിന്ന് അരുമന, കളിയൽ വഴി 14 കിലോമീറ്റർ തൃപ്പരപ്പിലേക്ക്. 
 പിന്നീട് കുലശേഖരം കോൺവെന്റ് ജങ്‌ഷൻ വഴി എട്ടുകിലോമീറ്റർ ഓടിയാൽ തിരുനന്തിക്കര നന്ദീശ്വരൻകോവിലായി. അവിടെനിന്ന് കുലശേഖരം കോൺവെന്റ് ജങ്‌ഷൻ വഴി ഏഴുകിലോമീറ്റർ ദൂരത്തിലാണ് പൊൻമനെ തീപിലാൻകുടി മഹാദേവക്ഷേത്രം. 
 പൊൻമനെയിൽനിന്ന് 11 കിലോമീറ്റർ ദൂരത്തിലുള്ള തിരുപന്നിപ്പാകം ശിവക്ഷേത്രമാണ് അടുത്തത്. അവിടെനിന്നും 6 കിലോമീറ്റർ മാറിയാണ് കൽകുളം നീലകണ്ഠസ്വാമിക്ഷേത്രം. മൂന്നുകിലോമീറ്റർകൂടി സഞ്ചരിച്ചാലുള്ള മേലാങ്കോടാണ് എട്ടാമത്തെ ക്ഷേത്രം. അടുത്തത് തിരുവിടൈക്കോടാണ്. അഞ്ചുകിലോമീറ്റർ. എട്ടുകിലോമീറ്ററാണ് അവിടെനിന്ന് അടുത്ത ക്ഷേത്രത്തിലേക്ക് -തിരുവിതാംകോട് മഹാദേവക്ഷേത്രം. അവിടെനിന്നും ഒമ്പതുകിലോമീറ്റർ ഓടിയാൽ തൃപ്പന്നിക്കോട് മഹാദേവക്ഷേത്രം. പിന്നെ നാലുകിലോമീറ്റർ കൂടിയായാൽ തിരുനട്ടാലമായി. നാഗർകോവിലിൽനിന്ന് 17 കിലോമീറ്റർ പടിഞ്ഞാറുമാറി ഓട്ടം അവസാനിക്കുന്ന ഇവിടെ ഹരനും ഹരിയും ഒന്നിക്കുന്ന കാഴ്ചയും കാണാം.  ഇവിടെ ചന്ദനമാണ് പ്രസാദം മറ്റുള്ളയിടങ്ങളിൽ തിരുനീരും. മൊത്തം 80 കിലോമീറ്ററാണ് പിന്നിടുന്നത്. തിരുവനന്തപുരത്തുനിന്ന് പാക്കേജ് ടൂറുകളും ഉണ്ട്.  
 ഓട്ടം തുടങ്ങുന്ന മുഞ്ചിറ മഹാദേവക്ഷേത്രം തിരുവനന്തപുരത്തുനിന്ന് 45 കി.മീ. മാറിയാണ്. നെയ്യാറ്റിൻകര പാറശ്ശാല കളിയിക്കാവിള വഴിപോവാം. കന്യാകുമാരിക്കോ നാഗർകോവിലിലേക്കോ ഉള്ള ട്രെയിനിനാണെങ്കിൽ കുഴിത്തുറ ഇറങ്ങാം. അവിടെനിന്നും 8 കി.മീ. കോഴിക്കോട്ടുനിന്നു പോവുമ്പോൾ പരശുറാം എക്സ്‌പ്രസോ ഏറനാട് എക്സ്‌പ്രസിലോ നേരിട്ട് കുഴിത്തുറ എത്താം. തിരുവനന്തപുരത്തുനിന്നും ധാരാളം ട്രെയിനുകൾ ഉണ്ട്.
 ഓടിത്തന്നെ പോവാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ധാരാളം വെള്ളംകുടിക്കുക. ചൂടുകാലമാണ് െെകയിലൊരു വിശറി കരുതുക. ക്ഷീണം തോന്നുമ്പോൾ വിശ്രമിക്കുക.

 ഈ ക്ഷേത്രങ്ങളുമായി 
ബന്ധപ്പെട്ട വിവരങ്ങൾക്ക്. 
Sucheendram Devaswom Board 
Ph: 04652 241270