സ്വന്തം കഴിവ് കണ്ടെത്തിയതാണ് സുനിത കൊളത്തൂർ എന്ന അഭിനേത്രിയുടെ വിജയം. മികച്ചശമ്പളം ലഭിച്ചിരുന്ന ജോലി രാജിവെച്ചിറങ്ങുമ്പോൾ മനസ്സിലുണ്ടായിരുന്ന ആത്മവിശ്വാസമാണ് സുനിതയെന്ന നടിയെ രൂപപ്പെടുത്തിയത്. നഴ്‌സിങ് എന്ന ജോലിയെക്കാളിഷ്ടം അഭിനയത്തോടാണെന്ന തിരിച്ചറിവാണ് സുനിതയുടെ ജീവിതം മാറ്റിയത്. മലപ്പുറം കൊളത്തൂർ സ്വദേശിയാണെങ്കിലും സുനിത ഇപ്പോൾ തൃശ്ശൂർ ഒളരിയിലാണ് താമസം.

കൊളത്തൂരിൽനിന്ന് 
തൃശ്ശൂരിലേക്ക്

മലപ്പുറം കൊളത്തൂർ എന്ന ഗ്രാമത്തിൽ ജനിച്ച സുനിതയ്ക്ക് നാടകത്തോടും അഭിനയത്തോടും ഇഷ്ടംതോന്നുന്നത് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ്. വീട്ടിലെ ആർക്കും നാടകവുമായോ സിനിമയുമായോ ബന്ധമില്ല. പക്ഷേ, എന്നും തന്റെ ആഗ്രഹങ്ങൾക്കൊപ്പം അവർ നിൽക്കുന്നുവെന്നതാണ് തന്റെ ധൈര്യമെന്ന് സുനിത പറയുന്നു. 
കൊളത്തൂർ വായനശാലയിൽ അരങ്ങേറിയ നാടകങ്ങളിൽ അഭിനയിച്ചാണ് അരങ്ങിലേക്കെത്തിയത്. പിന്നീട് നഴ്‌സിങ്ങ്‌ മേഖലയിലേക്ക്‌ തിരിഞ്ഞു. ജോലി ലഭിച്ചെങ്കിലും എവിടെയോ എന്തോ ഒരു കുറവ് അനുഭവപ്പെട്ടിരുന്നു. അഞ്ചു വർഷത്തിനുള്ളിൽ തന്റെ മേഖല അതല്ലെന്ന് തിരിച്ചറിഞ്ഞു. ജോലി രാജിവെച്ചിറങ്ങുമ്പോഴാണ് കൂട്ടുകാർ നാടകക്യാമ്പുകളെക്കുറിച്ച് പറയുന്നത്. 
പിന്നെ ഓരോ ക്യാമ്പുകളിലേക്ക് വൈദ്യസഹായത്തിനായി പോകും. അങ്ങനെ നാടകത്തോട് കൂടുതൽ അടുത്തു. 2009-ൽ ഇറ്റ്‌ഫോക്ക് കാണാൻ തൃശ്ശൂരിലെത്തിയ സുനിത പിന്നീട് തൃശ്ശൂരിൽ താമസമാക്കുകയായിരുന്നു. തന്റെ കഴിവ് വളർത്തിയെടുക്കാൻ ഇതിലുംമികച്ച സ്ഥലം മറ്റൊന്നില്ല എന്ന തിരിച്ചറിവുതന്നെയായിരുന്നു ഇതിനുപിന്നിൽ. 

സ്‌കൂൾ ഓഫ് ഡ്രാമ

വീണ്ടും പഠിക്കണമെന്ന ആഗ്രഹമാണ് സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിയാക്കിയത്. 2011-ൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ഡിഗ്രിക്ക് ചേർന്നു. ഇപ്പോൾ പി.ജി. വിദ്യാർഥിയാണ്. ഇതിനിടയിൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്ന് സൗത്ത് കൾച്ചർ ആക്ടിങ് ഡിപ്ലോമ നേടി. നാടകവുമായി കൂടുതൽ ഇടപഴകാനും ഇത് സഹായകമായി. 
 പണ്ട് നാട്ടിൻപുറത്തു വരുന്ന നാടകങ്ങൾ കാണാൻ മുൻനിരയിൽ സ്ഥാനംപിടിക്കാറുണ്ടായിരുന്നു. പക്ഷേ, പലപ്പോഴും പിൻനിരയിലേക്ക് തള്ളപ്പെടും. ശരിക്ക് കാണാൻതന്നെ സാധിക്കാത്ത അവസ്ഥ. എന്നാലിന്ന് നാടകമത്സരങ്ങളെ ജഡ്ജ് ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ ആ വളർച്ചയിൽ താൻ അഭിമാനിക്കുന്നുണ്ടെന്ന് സുനിത പറയുന്നു.

മലയാളം മുതൽ
കന്നഡവരെ

ചുരുങ്ങിയ കാലയളവിനുള്ളിൽ അമ്പതിലധികം നാടകങ്ങളിൽ സുനിത അഭിനയിച്ചു. നരിപ്പറ്റ രാജുവിന്റെ ‘വെള്ളിയാഴ്ച’, ‘ബാൽക്കെണി’, കുമാരവർമയുടെ ‘അൻഡോറ’, ‘ലെയേഴ്‌സ് ഓഫ് ബ്ലാങ്കറ്റ്‌സ്’, ‘മധ്യധരണ്യാഴി’ തുടങ്ങിയ നാടകങ്ങളിൽ മികച്ചവേഷം ചെയ്യാൻ സുനിതയ്ക്ക് കഴിഞ്ഞു.  കന്നഡ നാടകത്തിൽ അഭിനയിച്ചതാണ് തന്റെ മറ്റൊരുനേട്ടമായി സുനിത കാണുന്നത്. 
‘മലേഗലല്ലിമധുമകളു’, ‘സിരി’ എന്നീ കന്നഡനാടകങ്ങളിൽ അഭിനിയിച്ചു. ആദ്യമൊക്കെ ഭാഷ പ്രശ്‌നമായിരുന്നെങ്കിലും ഇപ്പോൾ പ്രശ്‌നമില്ലെന്ന് സുനിത പറയുന്നു. കന്നഡനാടകം കാണാൻ ടിക്കറ്റെടുക്കാൻതന്നെ നിറയെ ആളുകളായിരിക്കും. 
കന്നഡനാടകങ്ങൾ പ്രാധാന്യം നൽകുന്നത് അവരുടെ കലകൾക്കും സംസ്‌കാരത്തിനുമാണ്. ചില നാടകങ്ങൾ എട്ടുമണിക്കൂർ നീണ്ടുനിൽക്കുന്നതായിരിക്കും. ഒരേ നാടകത്തിൽത്തന്നെ വ്യത്യസ്ത വേഷവും ചെയ്യേണ്ടി വരുമെന്നും സുനിത പറയുന്നു. 

നാടകംവഴി 
സിനിമയിലേക്ക്

ഏറ്റവും ഇഷ്ടം നാടകത്തോടാണെങ്കിലും സിനിമയിലും ചെറിയ വേഷങ്ങൾ സുനിത ചെയ്തിട്ടുണ്ട്. കമ്മട്ടിപ്പാടം, സ്വർണ്ണക്കടുവ എന്നിവയിൽ അഭിനയിച്ചു. സജാസ് റഹ്‌മാന്റെ 'കളിപ്പാട്ടക്കാരൻ' എന്ന സിനിമയിലൂടെയാണ് സ്‌ക്രീനിലേക്ക് വരുന്നത്. 
 നാടകത്തിൽ അഭിനയത്തിന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നതാണ് സിനിമയേക്കാളും നാടകത്തോട് ഇഷ്ടം കൂടാൻ കാരണമെന്ന് സുനിത പറയുന്നു. നാടകത്തിന് പുറമേ ലൈറ്റിങ് ക്രമീകരണവും സുനിതയ്ക്ക് ഏറെ താത്‌പര്യമുള്ള മേഖലയാണ്. പല നാടകങ്ങൾക്കും ലൈറ്റിങ് ചെയ്യാനായി പോകാറുണ്ട്. 
 ഒരു പെൺകുട്ടി എന്ന പരിമിതി ചിലപ്പോൾ ജോലിക്ക് തടസ്സമാകാറുണ്ടെങ്കിലും അവയൊക്കെ അവഗണിക്കാറാണ് പതിവെന്ന് സുനിത പറയുന്നു. ഓരോ നാടകത്തിനും ഓരോ കളറും മൂഡുമായിരിക്കും. ഇതിന് അനുകൂലമാകുന്ന രീതിയിൽ ലൈറ്റിങ് ചെയ്യണം. അതിനായി പരീക്ഷണങ്ങളും സുനിത നടത്താറുണ്ട്. മേക്കപ്പ്, കോസ്റ്റ്യൂം എന്നിവയും നാടകത്തിനുവേണ്ടി ചെയ്യാറുണ്ട്. 

നാടകത്തിലേക്ക് 
സ്ത്രീകൾ കടന്നുവരണം

സിനിമയിൽ അഭിനയിക്കുമ്പോൾ എല്ലാസൗകര്യവും നടിമാർക്ക് ലഭിക്കുന്നുണ്ടെങ്കിൽ ഇതിനു നേരെ വിപരീതമാണ് നാടകങ്ങളിൽ. നാടകങ്ങളിൽ അഭിനയിക്കാൻ പോകുമ്പോൾ സ്ത്രീകൾക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരാറുണ്ട്. ബാത്ത്റൂം വരെ ലഭിച്ചെന്നുവരില്ല. 
 അസൗകര്യങ്ങൾ പേടിച്ചിട്ടാണോ എന്നറിയില്ല സ്ത്രീകൾ നാടകരംഗത്തേക്ക് കടന്നുവരുന്നത് കുറവാണ്. എല്ലാ സൗകര്യവും ലഭിക്കുമെന്ന് പ്രതീക്ഷിച്ച് നാടകത്തിൽ അഭിനയിക്കാൻ വരരുതെന്ന് സുനിത പറയുന്നു. ഒരുസ്ത്രീക്ക് അവളിൽ വിശ്വാസമുണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ട. 
സ്വയം കഴിവ് തിരിച്ചറിഞ്ഞാൽ പിന്നെ അതിനായി പരിശ്രമിക്കുക. വഴിയിൽ പല തടസ്സങ്ങളുമുണ്ടാകും. അവയെ മറികടക്കുന്നിടത്താണ് വിജയം കണ്ടെത്തുന്നതെന്നാണ്‌ സുനിതയുടെ അനുഭവം.
സ്‌കൂൾ ഓഫ് ഡ്രാമയുടെ ‘മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകൾ’ എന്ന നാടകമാണ് സുനിത ഇപ്പോൾ അഭിനയിക്കുന്നത്. ഇറ്റ്‌ഫോക്കിൽ ഈ നാടകം അവതരിപ്പിക്കുന്നുണ്ട്.