ആവശ്യമായ ചേരുവകൾ: പഴുത്ത നീലംമാങ്ങ വലുത്‌ - 2 എണ്ണം
ശർക്കര- അരക്കിലോ, തേങ്ങാപ്പാൽ -8 കപ്പ്‌, നെയ്യ്‌- 7 ടേബിൾ സ്പൂൺ, കിസ്മിസ്‌ -12 എണ്ണം, അണ്ടിപ്പരിപ്പ്‌-10 എണ്ണം, ഏലക്കായ്‌-8 എണ്ണം, ചുക്ക്‌- ഒരുകഷണം, ജീരകം-മുക്കാൽ ടേബിൾസ്പൂൺ.
തയ്യാറാക്കുന്നവിധം: പഴുത്ത മാങ്ങയുടെ തൊലി വൃത്തിയായി ചെത്തിക്കളഞ്ഞ്‌ ചെറുകഷണങ്ങളാക്കി നുറുക്കി ഒരു ഉരുളിയിൽ ഇടുക. നെയ്യ്‌ ഒഴിച്ച്‌ വേവിച്ച്‌ ഉടച്ച്‌ വരട്ടി എടുക്കുക. അതിന്‌ശേഷം അതിൽ ഉരുക്കി അരിച്ചെടുത്ത ശർക്കരചേർത്ത്‌ നന്നായി  ഇളക്കുക. മാങ്ങ വെന്ത്‌ വരട്ടിയശേഷം മാത്രം ശർക്കര ചേർക്കുക.  ശർക്കര ചേർത്ത്‌ നല്ലപോലെ ഇളക്കി പാകമാക്കുക.
അതിന്‌ശേഷം അതിൽ 3-ാമത്തെയും 2-ാമത്തെയും തേങ്ങാപ്പാൽ ചേർക്കുക. പാകത്തിന്‌ വെള്ളം  ചേർത്ത്‌ തേങ്ങ പിഴിഞ്ഞ്‌ എടുക്കുക. തേങ്ങാപ്പാൽ ചേർത്ത്‌ ഇളക്കുക. നല്ലപോലെ ഒന്ന്‌ തിളച്ചാൽ ഇറക്കുക. പിന്നെ ആദ്യത്തെ പാൽ ചേർക്കുക. ആദ്യത്തെ പാൽ കട്ടിയോട്‌ കൂടിയതായിരിക്കണം. ഒരു കപ്പ്‌ മതി. പിന്നെ ഏലക്കായ്‌, ചുക്ക്‌, ജീരകം പൊടിച്ച്‌ ചേർക്കുക. നെയ്യ്‌ തവയിൽ ഒഴിച്ച്‌ അണ്ടിപ്പരിപ്പും കിസ്‌മിസും വറുത്ത്‌ ചേർക്കുക. തവയിൽ പായസം നല്ലപോലെ ഒന്ന്‌ ഇളക്കി വെയ്ക്കുക. നല്ല മാമ്പഴ പ്രഥമൻ തയ്യാർ.