1965 ഏപ്രിൽ ഒൻപതിൽ ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ കാഞ്ഞർകോട്ട്  സർദാർ പോസ്റ്റിൽ കാവൽനിന്ന പോലീസുകാരെ പാകിസ്താൻ പട്ടാളം ആക്രമിച്ചു. ആക്രമണത്തിൽ നിരവധി പോലീസുകാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയുമുണ്ടായി. രാജ്യരക്ഷയെ പിടിച്ചുലച്ച സംഭവമായിരുന്നു ഇത്‌. ഇത്തരം ഒളിയാക്രമണത്തെ നേരിടാൻ അതിർത്തിയിൽ പുതിയ ഒരു സേനാസംവിധാനമുണ്ടാക്കാൻ അന്നത്തെ കേന്ദ്രസർക്കാർ തീരുമാനിച്ചു. 
തുടർന്ന് 1965 ഡിസംബർ ഒന്നിന് അതിർത്തി രക്ഷാസേനയായ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്
(ബി.എസ്.എഫ്.) രൂപവത്‌കരിച്ചു. കെ.എഫ്.റസ്തംജിയായിരുന്നു ബി.എസ്.എഫിന്റെ ആദ്യ ഡയറക്ടർ ജനറൽ. 
രാജ്യത്തിന്റെ പലയിടങ്ങളിലും രാപകൽ കർമനിരതരാണ് ബി.എസ്.എഫ്. ജവാന്മാർ. രണ്ടുലക്ഷത്തി അൻപത്തിയേഴായിരം ഭടന്മാരാണ് ഇപ്പോൾ അതിർത്തി കാക്കുന്നത്. ഇവരിൽ 40 ശതമാനത്തോളം മലയാളികളുമുണ്ട്.
2011 ഏപ്രിലിലാണ് തിരുവനന്തപുരത്ത്‌ മുട്ടത്തറയിൽ ബി.എസ്‌.എഫിന്റെ സൈനിക കേന്ദ്രം സ്ഥാപിക്കുന്നത്. 10,000ത്തോളം മലയാളി ജവാന്മാരാണ് ബി.എസ്.എഫിലുള്ളത്. വിരമിച്ചശേഷം അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ലഭിക്കണമെന്നുള്ള ലക്ഷ്യത്തോടെയാണ് മുട്ടത്തറയിൽ കേന്ദ്രം സ്ഥാപിക്കുന്നത്. മുൻ ഡി.ജി.പി. രമൺ ശ്രീവാസ്തവയുടെ പ്രത്യേക താത്‌പര്യമാണ് തിരുവനന്തപുരത്ത് ബി.എസ്.എഫിന്റെ സെക്ടർ ആസ്ഥാനം ഉയരാൻ കാരണം. ജീവനക്കാർക്ക് കാന്റീൻ സൗകര്യം, വിരമിച്ചവരുടെ പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെയുള്ളവ  ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്. 250 സൈനികരാണ് ഇവിടെയുള്ളത്.   
കോയമ്പത്തൂർ, ബെംഗളൂരു, തൃശ്ശൂർ എന്നിവിടങ്ങളിൽ റിസർവ് സേനയായി ഏർപ്പെടുത്തിയിരിക്കുന്ന യൂണീറ്റുകളുടെയും ചുമതല തിരുവനന്തപുരം കേന്ദ്രത്തിനാണ്‌. എല്ലാ യൂണിറ്റിലുമായി ഏതാണ്ട് 5,500 സൈനികരുമുണ്ട്.  കോഴിക്കോട് നാദാപുരത്ത് പുതിയ യൂണിറ്റ് തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. ബി.എസ്.എഫിന് തിരുവനന്തപുരത്ത് പ്രത്യേക മോട്ടോർ വാഹന യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ യൂണിറ്റിലെ വാഹനങ്ങളുടെയും  അറ്റകുറ്റപ്പണിയും ഇവിടെയാണ്  ചെയ്യുന്നത്.

കേരളത്തിനും തലസ്ഥാനത്തിനും രക്ഷകർ

മുട്ടത്തറയിൽ ബി.എസ്.എഫ്. തിരുവനന്തപുരം സെക്ടർ സ്ഥാപിച്ചത് വിവിധ ലക്ഷ്യങ്ങളോടെയാണ്. തിരഞ്ഞെടുപ്പ്, ആഭ്യന്തരകലാപങ്ങൾ തടയുക, മറ്റു അടിയന്തര ആവശ്യങ്ങൾക്കും സേനയെ ഉപയോഗപ്പെടുത്താനാകും. സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് സൈനിക സേവനം നൽകുന്നതിനും ബി.എസ്.എഫ്. തയ്യാറാണ്‌. അടിയന്തര സേവനം ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടാൽ അവരുടെ അനുമതിയോടെയാണ് സേന എത്തുകയെന്ന്‌ തിരുവനന്തപുരം കേന്ദ്രം ഹെഡ്ക്വാർട്ടേഴ്‌സ് മേധാവി ഡി.ഐ.ജി. ബാബു ചന്ദ്രൻ നായർ പറഞ്ഞു. 
നക്സൽ സംഘങ്ങളെ വേട്ടയാടുന്നതിനും അതിർത്തിൽ സ്തുത്യർഹ്യ സേവനം നടത്തുന്നതിനും ബി.എസ്.എഫ്. വഹിക്കുന്ന പങ്ക് വലുതാണ്. ബി.എസ്.എഫ്. രൂപവത്‌കരിച്ചശേഷം  രാജ്യത്തെ പല സംഭവങ്ങളിലും മുഖ്യപങ്കാണ് സേന നടത്തിയിട്ടുള്ളത്.  
കാർഗിൽ യുദ്ധത്തിൽ പട്ടാളത്തോടൊപ്പം തോളോട് ചേർന്നുനിന്ന് പോരാടിയ ചരിത്രവും ബി.എസ്‌.എഫിനുണ്ട്‌. 

കണ്ണീർവാതക ഷെല്ലുകൾ

കലാപങ്ങളും അക്രമങ്ങളുമുണ്ടാകുന്ന സ്ഥലങ്ങളിൽ സൈന്യവും പോലീസും  കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കാറുണ്ട്. രാജ്യത്തെ എല്ലാ സേനാവിഭാഗത്തിനും ഈ കണ്ണീർവാതക ഷെല്ലുകൾ വിതരണം ചെയ്യുന്നത് ബി.എസ്.എഫാണ്. ടെക്കാൻപൂരിലെ  പ്രതിരോധ ഫാക്ടറിയിലാണ്  ഷെല്ലുകൾ നിർമിക്കുന്നത്. നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപുകൾ, മൗറീഷ്യസ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്കും ബി.എസ്.എഫ്. നിർമിക്കുന്ന കണ്ണീർവാതക ഷെല്ലുകളാണ് ഉപയോഗിക്കുന്നത്. 

ഒട്ടകസേനയും

റിപ്പബ്ലിക്ക് പരേഡിന് ഒട്ടകപുറത്ത് സേനാംഗങ്ങൾ കടന്നുപോകുന്ന കാഴ്ച നമുക്ക് പരിചിതമാണ്. മറ്റുസേനകൾക്ക് ഇല്ലാത്തതും പ്രതിരോധമേഖലയിൽ ഒട്ടകത്തെ ഉപയോഗിച്ചുള്ള സേനയും ബി.എസ്.എഫിനാണുള്ളത്. ഇതിനുപുറമേ സേനയ്ക്ക് ഡോഗ് സ്ക്വാഡ്, കുതിരസേന എന്നിവയും ഉണ്ട്. 
കൂടാതെ  പ്രത്യേക ദൗത്യങ്ങളുമായി പോകുന്ന സേനാംഗങ്ങൾക്കായി വിമാനവിഭാഗവും സേനയ്ക്കുണ്ട്. ആവ്‌റോ വിമാനങ്ങൾ, സൂപ്പർ കിങ്‌ വിമാനം, എംബ്രേസർ, എ.എൽ.എച്ച് ധ്രുവ് ഹെലികോപ്ടർ, ആറ് എം.ഐ. 17 IV  ഹെലികോപ്ടറുകൾ,  എം.ഐ. 17V5  ഹെലികോപ്ടറുകളുമാണ് സേനയുടെ എയർവിങ്‌ വിഭാഗത്തിലുള്ളത്. വെള്ളപ്പൊക്കം, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവയുണ്ടാകുമ്പോൾ ദുരന്തമേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള  അത്യാധുനിക ബോട്ടുകളും അനുബന്ധ  സൗകര്യങ്ങളും  സേനയ്ക്കുണ്ട്. 

അതിർത്തിയിൽ വനിതാ വിഭാഗവും

ഇന്തോ-പാക്, ഇന്തോ -ബംഗ്ലാദേശ് അതിർത്തികളിൽ പുരുഷന്മാർക്ക് പുറമെ ബി.എസ്‌.എഫ്‌.വനിതകളെയും 
നിയോഗിച്ചിരിക്കുകയാണ്. 
  അതിർത്തിയിൽ നുഴഞ്ഞുകയറുന്ന പെൺതീവ്രവാദികളെ പിടികൂടുന്നതിനും നേരിടുന്നതിനുമാണ് വനിതകളെ നിയോഗിച്ചിരിക്കുന്നത്. 
തീവ്രവാദ പ്രവർത്തനങ്ങളിൽ സ്ത്രീകളും ഉൾപ്പെട്ടതോടെയാണ് വനിതകളെയും  അതിർത്തിയിൽ വിന്യസിക്കാൻ 
തീരുമാനിച്ചത്. 870 ഓളം വനിതകളാണ് യുദ്ധമേഖലയിലുള്ളത്. 

ബി.എസ്.എഫിൽ ചേരാം

സൈനിക  സേവനത്തിൽ താത്‌പര്യമുള്ളവർക്ക്  ആവശ്യമായ ഉപദേശങ്ങളും പരിശീലനത്തിനുള്ള വഴികാട്ടിയും കൂടിയാണ്  തിരുവനന്തപുരം കേന്ദ്രം. ബി.എസ്.എഫ്.  വെൽ​െഫയർ അസോസിയേഷനാണ് ഇതിനുള്ള സേവനങ്ങൾ നൽകുക.