രണ്ട്  മീൻവിജയകഥകൾ

സംതൃപ്തരായ എഴുപത്തിഅയ്യായിരം ഉപഭോക്താക്കൾ. പ്രതിദിനം രണ്ടായിരം മുതൽ മൂവായിരം വരെ ഓർഡറുകൾ. അവർക്കായി കൈമാറുന്നത് ആറ്്‌ ടണ്ണോളം മത്സ്യമാംസങ്ങൾ. ഉള്ളം കൈയിലൊതുങ്ങുന്ന ഒരു മൗസ് ക്ലിക്കിലാണ് ഈയൊരു വ്യാപാരം നടക്കുന്നതെന്നറിയുമ്പോൾ എല്ലാവരും ഒന്ന് അമ്പരന്നേക്കും. രാജ്യ തലസ്ഥാനമായ ഡൽഹിയും മെട്രോനഗരമായ െബംഗളൂരുവും കടന്ന് കൊച്ചിയിലും തിരുവനന്തപുരത്തും ഓൺലൈൻ മത്സ്യമാംസക്കച്ചവടം പൊടിപൊടിക്കുകയാണ്. മലയാളികൾ നയിക്കുന്ന ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഫ്രഷ് ടു ഹോം’ ആണ്  രാസവസ്തുക്കൾ ചേർക്കാത്ത കടൽ-കായൽ മത്സ്യങ്ങളും കോഴി, താറാവ്, ആട് തുടങ്ങിയ മാംസങ്ങളും ഒരു മൗസ് ക്ലിക്കിൽ ലഭ്യമാക്കുന്നത്. ചന്തകളിൽ പോകാതെ, ചെളിവെള്ളം ചവിട്ടാതെ, ദുർഗന്ധം ശ്വസിക്കാതെ മീൻവാങ്ങാവുന്ന ഈ ഓൺലൈൻ വ്യാപാരത്തിന്റെ തുടക്കവും ഉയർച്ചയും എല്ലാം വിസ്മയകരമാണ്.

വഴിയൊരുക്കിയത് സാമ്പത്തികമാന്ദ്യം

 ഒരു വ്യാഴവട്ടക്കാലത്തോളം സ്വകാര്യ സീ ഫുഡ് കമ്പനിയിൽ പ്രവർത്തിച്ച്  2000ത്തിൽ സ്വന്തമായി ബിസിനസ് ആരംഭിച്ചയാളാണ് ചേർത്തല പള്ളിപ്പുറം കരോണ്ടുകടവിൽ മാത്യു ജോസഫ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് ആദ്യമായി ഫ്രഷായ മത്സ്യം കയറ്റി അയക്കുന്നതായിരുന്നു ആ ബിസിനസ്. അതിനിടെയാണ് ലോകത്തെയാകെ തകർത്ത സാമ്പത്തിക മാന്ദ്യം. അതോടെ മാത്യുവിന്റെ കമ്പനിയും പ്രതിസന്ധിയിലായി. ദുബായിയിലും മറ്റും അന്ന് നെയ്മീൻ വിൽക്കുന്നത് 350 മുതൽ 400 വരെയുള്ള വിലയ്ക്കായിരുന്നു. എന്നാൽ നാട്ടിൽ അപ്പോഴത്തെ വിലയാകട്ടെ 400 രൂപ മുതൽ മേലോട്ടായിരുന്നു. ഇതേക്കുറിച്ച് വീട്ടിൽ ഭാര്യയുമായി സംസാരിച്ചപ്പോൾ ‘‘എന്നാൽ എന്തിനാണ് മീൻ കയറ്റി അയയ്ക്കുന്നത്, ഇവിടെത്തന്നെ കൊടുത്താൽ പോരേ’’ എന്ന മറുചോദ്യമാണ് തമാശരൂപേണ മാത്യു നേരിട്ടത്. ആ ചോദ്യമാണ് ഇന്നത്തെ നിലയിലെത്തി നിൽക്കുന്ന ഈ ബിസിനസിന്റെ പ്രചോദനം.
 പ്രാദേശിക വിപണിയിലെ വില്പനയ്ക്കായി തയ്യാറെടുക്കുന്ന സമയം മാതൃകയാക്കാൻ ഒരു സൈറ്റുപോലും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പുതിയ ആശയത്തെക്കുറിച്ച് വിശദമായ പഠനം നടത്തി. പനങ്ങാട് ഫിഷറീസ് കോളേജിലെ സുഹൃത്ത് ഡോ. ദിനേഷായിരുന്നു വേണ്ട സഹായങ്ങൾ നൽകിയത്. കോളേജിൽ നിന്ന് റിക്രൂട്ട് ചെയ്ത മൂന്നു വിദ്യാർഥികളെയും ചേർത്ത് മാത്യു ജോസഫ് ബിസിനസിന്റെ മറ്റൊരു തലത്തിലേക്ക് ഇറങ്ങുന്നത് അങ്ങനെ. 2012ൽ കൊച്ചി ആസ്ഥാനമായി ‘സീ ടു ഹോം’ എന്നപേരിൽ ‘മീനിനെ വലയിലാക്കി’. നെറ്റിൽ പരതിയാൽ ഒന്നാംതരം പച്ചമീൻ വിട്ടിലെത്തുമെന്നതായതോടെ സീ ടു ഹോം പെെട്ടന്ന് ക്ലിക്കായി. മലയാളിയുടെ ഈ ബിസിനസ് തന്ത്രം തേടി ഫോബ്‌സ് മാഗസിൻ പോലും എത്തി. മീനിന് ആവശ്യക്കാരേറിയതോടെ കൂടുതൽ പണംമുടക്കി ബിസിനസ് വിപുലീകരിക്കേണ്ട സാഹചര്യമായി. ഇതിനായി ബങ്കുകളെ സമീപിക്കാനൊരുങ്ങുമ്പോഴാണ് സീ ടു ഹോം ഇന്നത്തെ ഫ്രഷ് ടു ഹോം ആയി മാറുന്നതിനുള്ള വഴി തെളിഞ്ഞത്.

മുതൽമുടക്കുന്നത് വമ്പന്മാർ

പണം സ്വരൂപിക്കാനുള്ള നീക്കത്തിനിടെ മാത്യുവിന് ഒരു ഫോൺ കോൾ വന്നു. സീ ടു ഹോമിന്റെ സ്ഥിരം ഉപഭോക്താവായിരുന്ന ഷാൻ കടവിൽ ആയിരുന്നു മറുതലയ്ക്കൽ. സിങ്ക എന്ന ലോകത്തിലെ എണ്ണപ്പെട്ട ഓൺലൈൻ ഗെയിം കമ്പനിയുടെ ഇന്ത്യൻ സി.ഇ.ഒ. ആയിരുന്ന ഷാൻ ബിസിനസിൽ മാത്യുവുമായി കൈകോർക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. മീനിനൊപ്പം മാംസവും വിപണിയിലെത്തിക്കാമെന്ന തീരുമാനമായതോടെ സീ ടു ഹോം, ഫ്രഷ് ടു ഹോം ആയി. കൊച്ചിയിൽ നിന്ന് കമ്പനിയുടെ ആസ്ഥാനം െബംഗളൂരുവിലേക്ക് മാറ്റി. ഷാൻ കടവിൽ സി.ഇ.ഒ.യും മാത്യു സി.ഒ.ഒ.യുമായ ഫ്രഷ് ടു ഹോം വളരെ ചെറിയകാലയളവിൽ വിജയകരമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. അതോടെ ചില ഭീമന്മാർ ഈ കമ്പനിയിൽ നിക്ഷേപത്തിനെത്തി. ഫെയ്‌സ് ബുക്കിന്റെ ആദ്യ നിക്ഷേപകരിലൊരാളായ മാർക് പിൻകസ്, യു.എ.ഇ.യിലെ മെഷ്‌റക് ബാങ്ക് ചെയർമാനും അൽ ഗുറൈർ ഗ്രൂപ്പ് സാരഥിയുമായ അബ്ദുൾ അസീസ് ഗുറൈർ,ഗൂഗിൾ ഏഷ്യ സി.ഇ.ഒ. രാജൻ ആനന്ദൻ, ലോകത്തിലെ ഏറ്റവും വലിയ മൂന്ന്‌ ഇൻവെസ്റ്റ്‌മെന്റ് ബാങ്കുകളുടെ ചെയർമാൻമാരായ വാൾട്ടർ ക്രെഷ്‌ചെഖ്, പീറ്റ് ബ്രിഗേർ, ടിം ഫ്ലെക്കെർറ്റി, ഇൻവെസ്റ്റ്‌മെന്റ് രംഗത്തെ ഭീമനായ സോഫ്റ്റ് ബാങ്ക് എന്ന ജാപ്പനീസ് കമ്പനിയുടെ ഇന്ത്യൻ തലവൻ പവൻ ഒൺഗൊൽ എന്നിവർ ഈ പ്രമുഖരിൽ ചിലരാണ്.

ചൂടോടെ കച്ചവടം

www.freshtohome.com എന്ന ലിങ്കിൽ കയറി ഓർഡർ നൽകിയാൽ മത്സ്യവും മാംസവും ലഭിക്കും. നത്തോലി മുതൽ കൊമ്പൻ സ്രാവ് വരെ ഫ്രഷ് ടു ഹോമിൽ നിന്നും വാങ്ങാം. ശുദ്ധജല -കടൽ മത്സ്യങ്ങൾ, കക്ക, കണവ, ഞണ്ട്, കൊഞ്ച്, കോഴി, ആട്, കുട്ടനാടൻ താറാവ് എന്നിവയും ലഭിക്കും. കച്ചവടം ഓൺലൈനിലാണെങ്കിലും ഉപഭോക്താവിന് തങ്ങൾ വാങ്ങുന്ന ഉത്‌പന്നത്തിന്റെ വലിപ്പവും തൂക്കവും ഒക്കെ അറിയാൻ കഴിയും. അതുകൊണ്ടുതന്നെ വാങ്ങുന്ന തൂക്കത്തിന് മാത്രം വില നൽകിയാൽ മതിയാകും എന്ന പ്രത്യേകതയുമുണ്ട്. എല്ലില്ലാത്ത കഷ്ണങ്ങൾ, കറിവയ്ക്കാൻ പാകത്തിലുള്ള കഷ്ണങ്ങൾ, എന്നിങ്ങനെയും ഇവിടെ ഉത്‌പന്നങ്ങൾ ലഭ്യമാണ്. മുറിക്കാതെ വേണ്ടവർക്ക് അങ്ങനെയും കിട്ടും. വലിയ കഷ്ണങ്ങൾ, ആന്തരിക ഭാഗങ്ങൾ നീക്കം ചെയ്തത് എന്നിങ്ങനെ ഉപഭോക്താവിന്റെ ആവശ്യം എന്താണോ അതെല്ലാം ഇവർ മൗസ്‌ ക്ലിക്കിൽ ലഭ്യമാക്കുന്നു.

കമ്പനിയുടെ പേരിനെ അന്വർത്ഥമാക്കി  രാസവസ്തുക്കൾ ചേർക്കാത്ത മത്സ്യങ്ങളും മാംസവും  ഏറ്റവും വേഗം ഉപഭോക്താക്കൾക്കെത്തിക്കുന്നു എന്നതാണ് ഇവരുടെ പ്രവർത്തന വിജയം. ഉച്ചയ്ക്ക് 12 വരെ കിട്ടുന്ന ഓർഡറുകൾ അന്നുതന്നെയും പിന്നീട് വൈകീട്ട് 6 വരെയുള്ള ഓർഡറുകൾ പിറ്റേദിവസം രാവിലെ പത്തിനകവും ഉപഭോക്താവിന്റെ വീട്ടിലെത്തും. ഡൽഹി, െബംഗളൂരു, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിൽ ഇന്ന് കമ്പനിയുടെ മത്സ്യത്തിന്‌ കട്ടിങ്‌ ഫാക്ടറികൾ പ്രവർത്തിക്കുന്നു. 360 പേർക്ക് നേരിട്ടും അഞ്ഞൂറോളം പേർക്ക് പരോക്ഷമായും ജോലി നൽകുന്ന കമ്പനിയാണ് ഇന്ന് ഫ്രഷ് ടു ഹോം.  

 നോട്ട് ക്ഷാമത്തെത്തുടർന്ന് ജനങ്ങൾ നട്ടംതിരിഞ്ഞപ്പോൾ ‘ഇന്ന് കടം നാളെ രൊക്കം’ എന്ന പേരിൽ ഫ്രഷ് ടു ഹോം അവതരിപ്പിച്ച പദ്ധതി ഏറെ അനുഗ്രഹമായി. തങ്ങളുടെ ഉപഭോക്താക്കളെ വിശ്വാസത്തിലെടുത്ത കമ്പനി മത്സ്യവും മാംസവും കടമായി നൽകുകയായിരുന്നു.

എല്ലാം ഓൺ ലൈനിലേക്ക്...

 വില്പനയിൽ ഓൺലൈൻ തന്ത്രം ഉപയോഗപ്പെടുത്തിയ ഫ്രഷ് ടു ഹോം ഇപ്പോൾ മീൻ വാങ്ങുന്നതിനും പുതിയൊരു സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്. കമ്പനി സ്വയം രൂപകല്പന ചെയ്ത ആപ്ലിക്കേഷനാണ് ഇത്. വലയിലാകുന്ന മീൻ ഏതെന്നും അതിന്റെ വലിപ്പവും അളവും ഒക്കെ ഈ ആപ്ലിക്കേഷൻ വഴി കമ്പനിയെ അറിയിക്കാൻ കഴിയും. അതുകൊണ്ടുതന്നെ മീൻവില്പന കടവുകളിലും ഹാർബറുകളിലുമൊന്നും പുലർച്ചെ എത്താതെതന്നെ ഇവർ വിലയുറപ്പിച്ച് മീൻ  വാങ്ങുന്നു. പിന്നെ ഇതേ ഉത്‌പന്നങ്ങളുടെ വില്പന ഓൺലൈൻ വഴി നടത്തുന്നു.

‘ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന ഗുണമേന്മ ഉറപ്പാക്കുന്നതാണ് ഫ്രഷ് ടു ഹോം വിതരണം ചെയ്യുന്ന എല്ലാ ഉത്‌പന്നങ്ങളും. അതുതന്നെയാണ് ഞങ്ങളുടെ വിജയരഹസ്യവും’- ഷാൻ കടവിലും മാത്യു ജോസഫും പറയുന്നു. കേരളത്തിൽ  കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, തിരുവല്ല, പാലാ, പാലക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലേക്കുകൂടി പ്രവർത്തനം ഉടൻ വ്യാപിപ്പിക്കുമെന്നും ഇവർ അറിയിച്ചു. ഒന്നു ചൂടാക്കിയാൽ ഉപയോഗിക്കാൻ കഴിയുന്നതരത്തിൽ മത്സ്യ-മാംസാഹാരസാധനങ്ങളും കമ്പനി ഉടൻ വിപണിയിലെത്തിക്കും.