പാലക്കാട് ആലത്തൂരില്‍ നിന്നും ചെന്താമരയും ഭാര്യ വത്സലയും കരിമ്പനച്ചക്കര കുട്ടയിലാക്കി വില്‍പനയ്ക്ക് എത്തിയിട്ടിണ്ട്. പാലക്കാട്ടെ വടക്കേമുറിയില്‍ തങ്കയും പാലക്കാടന്‍ രുചി പേറുന്ന നാടന്‍ ചക്കരയുമായി മാറ്റപ്പാടത്തുണ്ട്.  പണ്ടുകാലം മുതലേ ആരോഗ്യപൂര്‍ണമായ തേച്ചുകുളിക്ക് ഉപയോഗിക്കുന്ന ഇഞ്ച ഇവിടെ കിട്ടും. ഇഞ്ച തേടിയും ഇഞ്ചയിട്ട് കുളിച്ചും ശീലമുള്ളവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ കൈനിറയെ ഇഞ്ച വാങ്ങാവുന്നത് ഇവിടെ നിന്നാണ്.  പാലക്കാടു നിന്ന് മറ്റു സാമഗ്രികളും വില്‍പനയ്ക്കുണ്ട്. അതില്‍ പാലക്കാടന്‍ കത്തികളാണ് പ്രാധാന്യം. കറിക്കത്തി മുതല്‍ വാക്കത്തി വരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.  നാട്ടുമാമ്പഴങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട്. കണി വെള്ളരി, വിവിധയിനം ചെടികള്‍, വിത്തുകള്‍, പ്ലാസ്റ്റിക് ഉപകരണങ്ങള്‍, കയര്‍ ഉത്പന്നങ്ങള്‍, കുടുംബശ്രീ ഭക്ഷ്യവസ്തുക്കള്‍, കശുവണ്ടി,  അലങ്കാരവസ്തുക്കള്‍, വള, മാല, കമ്മല്‍ തുടങ്ങി അരിമുറുക്കു വരെ വില്‍പനയ്ക്കുണ്ട്. 

ഉണക്കമത്സ്യങ്ങളുടെ ശേഖരം
ഉണക്ക മത്സ്യങ്ങളുടെ ഒരു നീണ്ടനിര തന്നെ മാറ്റപ്പാടത്തെ വില്‍പനകേന്ദ്രത്തിലുണ്ട്. പെരിയാറിലെ പുഴ മത്സ്യങ്ങളും കടല്‍മീനുകളും ഇവയില്‍പ്പെടും. വന്‍ സ്രാവ് ഉണക്കിയെടുത്ത് കഷ്ണങ്ങളാക്കിയത്, ചെമ്മീന്‍, നന്തന്‍, പള്ളത്തി, നങ്ക്, ബ്രാല്‍, പല്ലിക്കോര തുടങ്ങി വിവിധയിനം ഉണക്കമത്സ്യങ്ങള്‍. ഇവ കിലോഗ്രാമിന് നൂറു മുതല്‍ 650 രൂപ വരെ വിലയുള്ളവയുമുണ്ട്.