പെരിയാറിന്റെ കൈവഴിയായി ആലങ്ങാട് പഞ്ചായത്തിലൂടെ ഒഴുകുന്ന നീറിക്കോട് പുഴയിൽ മീനുകൾ ചത്തുപൊങ്ങി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.    നീറിക്കോട് പാലത്തിനു താഴെയുള്ള കടവിൽ മീനുകൾ കരഭാഗത്തേക്ക് കൂട്ടമായി അടുക്കുന്നതാണ് കണ്ടത്. അര മണിക്കൂറിനുള്ളിൽ അതിൽ പലതും ചത്തുപൊങ്ങി.  പുഴയിലേക്ക് ഏതെങ്കിലും തരത്തിലുള്ള മാലിന്യം കലർന്നതാകാം മീനുകൾ ചത്തുപൊങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഈ പുഴയിലേക്ക് വന്നുചേരുന്ന തോട്ടിൽ താത്കാലിക ബണ്ട് നിർമിക്കാറുണ്ട്. ബണ്ട് കഴിഞ്ഞ ദിവസം പൊട്ടിച്ചിരുന്നു. അപ്പോൾ കെട്ടിക്കിടന്ന വെള്ളം പുഴയിലേക്ക് ഒഴുകിയെത്തിയതും മീനുകൾ ചാകാൻ കാരണമായേക്കാം. പുഴയിലേക്ക്‌  മലിനജലം ഒഴുക്കിയതാകാമെന്നും പറയുന്നുണ്ട്.  ധാരാളം മത്സ്യസമ്പത്തുള്ള ഈ പുഴയിൽ പുറത്തുനിന്നെത്തുന്നവർ രാത്രിയിൽ വിഷം കലക്കി മീൻ പിടിക്കുന്ന പതിവുമുണ്ട്.   മീനുകൾക്ക് ഇത്തരത്തിൽ നാശം സംഭവിക്കുന്നത് പ്രദേശത്ത് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഭീഷണിയായിരിക്കുകയാണ്.