ചെറായി: മീൻപിടിത്തക്കാർക്ക് നെയ്‌മീൻ സുലഭമായി ലഭിക്കുന്ന മാസങ്ങളാണ് ജനവരിയും ഫിബ്രവരിയും. എന്നാൽ  കടലിലെ മത്സ്യ വറുതി നെയ്‌മീനിനേയും ബാധിച്ചു.മറ്റു മത്സ്യങ്ങളെ പോലെ നെയ്മീന്റെ ലഭ്യതയും കുറയുകയാണ്.   പുറംകടലിൽ കപ്പൽ ചാലുകൾക്കുമപ്പുറത്ത് പാറക്കൂട്ടങ്ങൾക്കരികെ പോയി ചൂണ്ടയിടുന്ന ചെറിയ ഫൈബർ വള്ളങ്ങളാണ് ഈ സമയങ്ങളിൽ നെയ്‌മീൻ കൊയ്ത്ത് നടത്താറ്. എന്നാൽ നെയ്‌മീനിന്‌ പകരം  ഇവർക്ക് ഇപ്പോൾ വലിയ കോലാൻ മത്സ്യമാണ് കൂടുതലായി ലഭിക്കുന്നത്. ഈ മാസങ്ങളിൽ ചൂണ്ടപ്പണിക്ക്‌ പോകുന്ന ബോട്ടുകൾക്കും സാമാന്യം നല്ല രീതിയിൽ നെയ്‌മീൻ ലഭിക്കാറുള്ളതാണ്.  15 കിലോ വരെ തൂക്കമുള്ള നെയ്‌മീനുകൾ ചൂണ്ട ബോട്ടുകളിൽ നിന്നും ഇറക്കി വിൽപ്പനയ്ക്കായി ഹാർബറുകളിൽ നിരത്തിയിടുന്ന  ഒരു കാലം ഉണ്ടായിരുന്നു.  അതെല്ലാം ഇപ്പോൾ വെറും പഴങ്കഥകൾ മാത്രമായി അവശേഷിക്കുകയാണെന്ന് ഹാർബറിലെ മത്സ്യവ്യാപാരിയായ കെ.എസ്. സുജിഷ് പറയുന്നു. ഇപ്പോൾ കുറഞ്ഞ തോതിൽ നെയ്‌മീൻ ലഭിക്കുന്നുണ്ടെങ്കിലും 10 കിലോയിൽ കൂടുതൽ ഉള്ളവ വിരളമാണ്. മാത്രമല്ല ഭൂരിഭാഗവും നെയ്‌മീനിന്റെ ചെറിയ ഇനമായ ചെമ്പാൻ ആണ്. മത്സ്യത്തിന്‌ ആവശ്യക്കാർ ഇന്ന് ഏറെയാണെങ്കിലും അതിനനുസരിച്ചുള്ള മത്സ്യം ലഭ്യമല്ല. ചുരുക്കി പറഞ്ഞാൽ കേരളത്തിൽ ഇന്നു പിടിക്കുന്ന മത്സ്യങ്ങൾ കേരളീയരുടെ തീൻമേശയിൽ വിളമ്പാനുള്ളത് തന്നെ ഒക്കുന്നില്ല. ഇത് മൂലം കയറ്റുമതി മേഖല തളർച്ചയിലാണ്. പൊതുവെ മത്സ്യത്തിന്‌ വൻ ക്ഷാമം നിലനിൽക്കുന്നതിനാൽ മത്സ്യത്തിനും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണിപ്പോഴെന്ന് അന്തസ്സംസ്ഥാന മത്സ്യവ്യാപാരിയായ ജോണി അഭിപ്രായപ്പെടുന്നു.