കരപോലെ കടലും ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമാണെന്ന് പറയുമ്പോഴും കടലെന്നാൽ സാധാരണക്കാരന് തിരയും മത്സ്യങ്ങളും പവിഴപ്പുറ്റുകളും മാത്രമാണ്... കടലെന്നാൽ അനന്തകോടി ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയാണെന്ന കാഴ്ചപ്പാടുണ്ടാക്കുന്നതായിരുന്നു സി.എം.എഫ്.ആർ.ഐ. സ്ഥാപക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനം.
 ഏതൊരു സാധാരണക്കാരനും കടലിന്റെ ജൈവ സമ്പത്തിനെ കുറിച്ച് സമഗ്രമായ അറിവ് നൽകുന്ന സി.എം.എഫ്.ആർ.ഐ.യുടെ മ്യൂസിയം തന്നെയായിരുന്നു പ്രധാന ആകർഷണം. തീൻ മേശയിലെ സ്ഥിരം സാന്നിധ്യമായ മത്തിയും അയിലയും ചൂരയും ചെമ്മീനും ഞണ്ടും മുതൽ വമ്പൻ സ്രാവുകൾ വരെ മ്യൂസിയത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.

 അന്റാർട്ടിക്കയിൽ കാണപ്പെടുന്ന ക്രിൽ വംശത്തിൽപ്പെട്ട ചെമ്മീനും കടൽക്കുതിരകളും കടൽ പശുക്കളും കടൽ പക്ഷികളും കടൽ പഞ്ഞികളും കളകളും കണ്ടപ്പോൾ വിദ്യാർത്ഥികൾക്ക് അത്ഭുതമായിരുന്നു. ഇതിൽ പലതിനും വംശനാശം സംഭവിച്ചിട്ടുണ്ടെന്ന അറിവ് കാഴ്ചക്കാരനെ കൂടുതൽ കൗതുകത്തിലാക്കി. 1972ന് മുമ്പെ ശേഖരിച്ചവയാണ് മ്യൂസിയത്തിലെ പവിഴപ്പുറ്റുകൾ. ഇവയിൽ പലതും കാലക്രമേണ മാറ്റങ്ങൾക്ക് വിധേയമായി. ചിലവയ്ക്ക് വംശനാശവും സംഭവിച്ചു. മ്യൂസിയത്തിലുള്ളവയിൽ ചിലതിന് കാലപ്പഴക്കത്താൽ മുറിവേറ്റിട്ടുണ്ട്. എങ്കിലും കാണുന്നവന്റെ കണ്ണിന് അതും അത്ഭുതമാണ്.


ആഴക്കടലിലെത്തി  ഗവേഷണ സംഘം പവിഴപ്പുറ്റുകളെ കുറിച്ച് നിരവധി പഠനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ആ പവിഴപ്പുറ്റുകൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ നിയമം അനുവദിക്കുന്നില്ല. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് നിലവിൽ വന്നതിന് ശേഷം പഠനാവശ്യങ്ങൾക്ക് മാത്രമാണ് പവിഴപ്പുറ്റുകൾ ശേഖരിക്കുന്നത്. അതും പ്രത്യേകാനുമതിയോടെ മാത്രം. ലക്ഷദ്വീപിൽ നിന്ന് ശേഖരിച്ച പവിഴപ്പുറ്റുകളും അതുപയോഗിച്ച് നിർമിച്ച കൗതുക വസ്തുക്കളും മ്യൂസിയത്തിൽ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.
 91 ഇനം കടൽകക്കളകളും 19 ഇനം കടൽ പഞ്ഞികളും 173 തരം സ്നിഡേറിയകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവയിൽ പലതും അപൂർവയിനങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുന്നത്. കവച ജന്തുക്കളായ ചെമ്മീനിന്റേയും ഞണ്ടിന്റേയും 149 ഇനങ്ങൾ ശേഖരിച്ചിട്ടുണ്ട്. 49 തരം നക്ഷത്ര മത്സ്യങ്ങളും വിവിധ ഇനത്തിലുള്ള 1107 മത്സ്യങ്ങളും 482 തരം കക്കകളും 20 ഇനത്തിൽ ആസിഡിയൻസും  അഞ്ച് തരത്തിലുള്ള കടൽ പക്ഷികളും കടൽ പാമ്പുകളും നീലത്തിമിംഗലം ഉൾപ്പെട്ട മൂന്ന്  സസ്തനികളും മറ്റ് കടൽ ജൈവ ജന്തുക്കളുമടക്കം  2426 സ്പീഷ്യസുകൾ മ്യൂസിയത്തിലുണ്ട്. ഇവയെല്ലാം കടലിന്റെ എത്രമീറ്റർ ആഴത്തിൽ നിന്ന് ലഭിച്ചെന്നും അതിന്റെ ശാസ്ത്രീയ നാമം എന്തെന്നും സവിശേഷതയെന്തെന്നും വ്യക്തമായി എഴുതി വെച്ചിട്ടുണ്ട്. 2015-2016 വർഷത്തിൽ മ്യൂസിയത്തിലേക്ക് പുതുതായി 90 ജൈവ വൈവിധ്യങ്ങളാണെത്തിയത്. സ്ഥാപക ദിനത്തിൽ മാത്രമല്ല മ്യൂസിയം കാണാൻ എല്ലാ പ്രവൃത്തി ദിനങ്ങളിലും അവസരമുണ്ട്.

 സി.എം.എഫ്.ആർ.ഐ.യിലെ ഫിഷറി റിസോഴ്സ് അസെസ്മെന്റ്, പെലാജിക് ഫിഷറീസ്, ഡെമേഴ്സൽ ഫിഷറീസ്, ക്രസ്റേഷൻ ഫിഷറീസ്, മൊല്ലുസ്കാൻ ഫിഷറീസ്, മറൈൻ ബയോടെക്നോളജി, മറൈൻ ബയോ ഡൈവേഴ്സിറ്റി, മാരികൾച്ചർ, ഫിഷറി എൻവയൺമെന്റ് മാനേജ്മെന്റ്, സോഷ്യോ ഇക്കണോമിക്ക് ഇവാലുവേഷേൻ ആൻഡ് ടെക്നോളജി ട്രാൻസ്ഫർ എന്നീ ഗവേഷണ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളും അവർ വികസിപ്പിച്ച സാങ്കേതിക വിദ്യകളുടേയും മാതൃക കാണാനും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവസരമുണ്ട്.
മുത്തുച്ചിപ്പി കൃഷിയുടേയും കൂടുമത്സ്യ കൃഷിയുടേയും കക്ക കൃഷിയുടേയും മാതൃകകൾ സാധാരണക്കാരെ ഏറെ ആകർഷിച്ചു. ആസിഡുകളിൽ മുക്കാതെ പച്ചയായും മത്തി, അയില, ചൂര, തെരണ്ടി തുടങ്ങിയ നാല്പതിലധികം മത്സ്യങ്ങളേയും പ്രദർശിപ്പിച്ചിരുന്നു. സമുദ്രോപരിതല മത്സ്യങ്ങൾ അടിത്തട്ടിലെ മത്സ്യങ്ങൾ എന്നിങ്ങനെ സാധാരണക്കാരന് മനസ്സിലാവും വിധം ഇവ അടയാളപ്പെടുത്തിയായിരുന്നു പ്രദർശനം.  സമുദ്ര ഗവേഷണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്താനായി ഉപകരണങ്ങളുടെ മാതൃകയുമായി സി.എം.എഫ്.ആർ.ഐ.യിലെ ഗവേഷകർ പ്രദർശനയിടങ്ങളിൽ സജ്ജരായിരുന്നു. സമുദ്രമേഖലയെ സംബന്ധിച്ച ഏത് തരം സംശയവും ഇവിടെ ഉന്നയിക്കാമായിരുന്നു. അതിനുള്ള തൃപ്തികരമായ ഉത്തരവും ഗവേഷകരുടെ കൈവശമുണ്ടായിരുന്നു. സമുദ്രജലം ശേഖരിക്കുന്ന വിധവും ഉപകരണത്തിന്റെ പ്രവർത്തനവും ജല നിർണയുമെല്ലാം ലളിതമായി വിദ്യാർത്ഥികൾക്ക് അവർ വിശദീകരിച്ച് നൽകി. സമുദ്രത്തിന്റെ രഹസ്യങ്ങളും അത്ഭുതങ്ങളും കണ്ട് മടങ്ങുന്നവരെ അവസാനം കാത്തിരിക്കുന്നത് സി.എം.എഫ്.ആർ.ഐ.യുടെ അക്വേറിയമാണ്.

വർണാഭമായ സൗന്ദര്യവുമായി നീന്തിത്തുടിക്കുന്ന മത്സ്യസുന്ദരികളെ കണ്ണിമവെട്ടാതെ ആരും നോക്കി നിന്നുപോവും. സൗന്ദര്യം കൊണ്ടും അപൂർവത കൊണ്ടും പേരുകേട്ട മത്സ്യങ്ങളാണിവിടെ സൂക്ഷിച്ചിരിക്കുന്നത്. സമുദ്ര ജീവിതത്തിന്റെ അത്ഭുതകരമായ ചെറിയ ചിത്രമെങ്കിലും ഉൾക്കൊണ്ടാവും പ്രദർശനം കണ്ടവർ മടങ്ങുക. പൊതുജനങ്ങളും വിദ്യാർത്ഥികളുമടക്കം 2500 പേരാണ് ഒറ്റ ദിവസത്തെ പ്രദർശനം കാണാൻ സി.എം.എഫ്.ആർ.ഐ.യിലെത്തിയത്. 1947ൽ മണ്ഡപത്തിലാണ് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐ. ആദ്യമായി രൂപവത്കരിച്ചത്. 72ഓടെ കൊച്ചിയിലേക്ക് ഈ സ്ഥാപനം മാറ്റി സ്ഥാപിക്കുകയായിരുന്നു. ഈ മത്സ്യസമുദ്ര ഗവേഷണ സ്ഥാപനത്തിന്റെ 69-ാം സ്ഥാപക ദിനമാണ് ആഘോഷിക്കപ്പെട്ടത്.
 

ഋഷി സുശ്രുതന്റെ  40 അടിയുള്ള പ്രതിമ സ്ഥാപിച്ചു
കൊച്ചി: ആയുർവേദ ചികിത്സയുടെ മഹത്വവും നന്മകളും കൂടുതൽ പ്രചരിപ്പിക്കണമെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
 ആയുർവേദത്തിന്റെ പരിപോഷണത്തിന് സർക്കാർ മുൻഗണന നൽകുന്നുവെന്നും ആയുഷ് അതിന്റെ ഭാഗമാണെന്നും അദ്ദേഹം  പറഞ്ഞു. ഇടപ്പള്ളി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ശസ്ത്രക്രിയയുടെയും പ്ളാസ്റ്റിക് സർജറിയുടെയും പിതാവെന്നറിയപ്പെടുന്ന ഋഷി സുശ്രുതന്റെ 40 അടി ഉയരമുള്ള പ്രതിമ ചെന്നിത്തല .അനാച്ഛാദനം ചെയ്തു
 സുശ്രുത മഹർഷിയുടെ ചികിത്സാ പാരമ്പര്യം ലോകത്തെ പരിചയപ്പെടുത്താനുള്ള ശ്രമം അഭിനന്ദനാർഹമാണ്.
 ഒന്നര വർഷത്തെ കഠിനാധ്വാനത്തിലൂടെ മനോഹരമായ ശില്പം പൂർത്തിയാക്കിയ ശില്പി ചവറ വിജയനെ മന്ത്രി  അഭിനന്ദിച്ചു.
 മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി പൂർണാമൃതാനന്ദപുരി,  ഹൈബി ഈഡൻ എം.എൽ.എ., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയന്റിഫിക് ഹെറിറ്റേജ് ഓണററി ഡയറക്ടർ ഡോ. എൻ. ഗോപാലകൃഷ്ണൻ, മേയർ സൗമിനി ജെയിൻ, കൗൺസിലർ അംബിക സുദർശൻ, മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
 സുശ്രുതൻ പത്മാസനത്തിൽ ഇരിക്കുന്ന വിധത്തിലാണ് ശില്പം രൂപകല്പന ചെയ്തിരിക്കുന്നത്.
ഒരു സംഘം ഭിഷഗ്വരൻമാർക്കൊപ്പം സുശ്രുതൻ രോഗിയെ ശസ്ത്രക്രിയ നടത്തുന്ന ശില്പവും ഇതോടൊപ്പമുണ്ട്.

അനന്തം അനുപമം...  
രാജൻ കടലുണ്ടി, സുബ്രഹ്മണ്യൻ തമ്പി, ബാലകൃഷ്ണൻ കതിരൂർ എന്നിവർ    പ്രദർശന വേദിയിൽ                                      
വ്യത്യസ്തമായ രചനാ രീതികൾ പിന്തുടരുന്ന മൂന്ന് ചിത്രകാരന്മാരുടെ പെയിന്റിങ് പ്രദർശനമാണ് എറണാകുളം ദർബാർ ഹാൾ ഗാലറിയിൽ. രാജൻ കടലുണ്ടി, ബാലകൃഷ്ണൻ കതിരൂർ, സുബ്രഹ്മണ്യൻ തമ്പി എന്നിവരുടെ ചിത്രങ്ങളിലും ഈ വൈവിധ്യം പ്രകടമാണ്. ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രദർശനം ടി. കലാധരൻ ഉദ്ഘാടനം ചെയ്തു.
 2007-ൽ ലളിതകലാ അക്കാദമിയുടെ വിജയരാഘവൻ എൻഡോവ്മെന്റ് സ്വർണ മെഡൽ ലഭിച്ച രാജന്റെ വരകളിൽ പ്രകൃതിയും മനുഷ്യനുമുണ്ട്. അക്രിലിക്, എണ്ണച്ചായം എന്നിവയാണ് മാധ്യമങ്ങൾ.
 ബാലകൃഷ്ണന്റെ ജലച്ചായ ചിത്രങ്ങളിൽ ഏകവർണമുള്ള അമൂർത്ത രൂപങ്ങളാണ്. ഭൂമിയും ജലവും അതിലെ കഥാപാത്രങ്ങളാണ്. ഉപാസന, തണുപ്പുകാലം, മഴ, തീ, റെഡ് ചില്ലി എന്നിങ്ങനെ പേരിട്ടവയാണ് ചിത്രങ്ങൾ.
 അക്രിലിക്കിൽ ആണ് സുബ്രഹ്മണ്യൻ തമ്പിയുടെ രചനകൾ. ഹമ്പി പോലെയുള്ള ചരിത്ര ശേഷിപ്പുകളും കൂട്ടത്തിലുണ്ട്. ഗാലറിയിലെ മുകൾ നിലയിൽ നടക്കുന്ന പ്രദർശനം ഈ മാസം ഒൻപതിന് അവസാനിക്കും.

കസേര പിടിക്കാന് നേതാക്കളുടെ പടയോട്ടം...

നേർക്കാഴ്ച
കെ.പത്മജൻ

ഭരണം പിടിക്കുന്നതിന്  മുന്നോടിയായുള്ള പടയോട്ടമായിരുന്നു കേരള യാത്രകൾ.
ഇപ്പോള് ഭരണപക്ഷത്തുള്ളവരും ജാഥയുമായി ഇറങ്ങിയിരിക്കുകയാണ്
എങ്ങോട്ടു തിരിഞ്ഞാലും ജാഥാ നായകര് കൈയുയര്ത്തിപ്പിടിച്ചു നില്ക്കുന്നു. നാടും നഗരവുമെല്ലാം നേതാക്കളുടെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു. കവലകളിലെല്ലാം ഇടമില്ലാത്ത വിധത്തില് ഫ്ലക്സുകള് തിങ്ങിയിരിക്കുകയാണ്. അപകട ഭീഷണി ഉയര്ത്തിക്കൊണ്ടാണ് പല സ്ഥലങ്ങളിലും നേതാക്കളുടെ വലിയ കട്ടൗട്ടുകള് ആടിക്കൊണ്ടിരിക്കുന്നത്. കാഴ്ച മറച്ചുകൊണ്ടാണ് ഫ്ലക്സുകളും മറ്റും കെട്ടിയിരിക്കുന്നത്. യാത്രകളുടെ പേരില് നാട്ടില് നടക്കുന്ന പിരിവു ഭീഷണിയാണ് ജനങ്ങള് നേരിടുന്ന മറ്റൊരു പുകില്...
 നേതാക്കളുടെ സൗന്ദര്യ പ്രദര്ശനത്തിനപ്പുറം, എന്തിനുവേണ്ടിയാണ് യാത്രയെന്ന് ഒരുപിടിയുമില്ല... അല്ലെങ്കില്ത്തന്നെ കാരണം അന്വേഷിക്കുന്നതെന്തിനാണ്... തിരഞ്ഞെടുപ്പാകുമ്പോള് പാര്ട്ടികള് വഴിപാടു പോലെ നടത്തുന്ന ഏര്പ്പാടാണിതെന്ന്  അറിയാത്തവരില്ല. അധികാരം പിടിക്കാന് ആഗ്രഹിക്കുന്ന ആളെ മുന്നില് നിര്ത്തിക്കൊണ്ടുള്ള ഒരു കേരള പര്യടനം. സിഗരറ്റുകൂടില് പുകവലി ആരോഗ്യത്തിന് ഹാനികരം എന്നെഴുതിയതു പോലെയാണ് നേതാവിന്റെ കട്ടൗട്ടിന് താഴെ യാത്രയുടെ ലക്ഷ്യമെഴുതിയിരിക്കുന്നത്.
 ആദ്യമൊക്കെ പ്രതിപക്ഷക്കാര് മാത്രമായിരുന്നു കേരള ജാഥകള് നടത്തിയിരുന്നത്. കസേര പിടിക്കുന്നതിന് മുന്നോടിയായുള്ള പടയോട്ടമായിരുന്നു ഈ യാത്രകള്. ഇപ്പോള് ഭരണപക്ഷത്തുള്ളവരും ജാഥയുമായി ഇറങ്ങിയിരിക്കുകയാണ്...
ജാഥകളുടെ പേര് കേള്ക്കുമ്പോള്ത്തന്നെ ചിരിവരും. ഉണര്ത്തുപാട്ട്, ഉറക്കുപാട്ട്, നവകേരള യാത്ര, വിമോചന യാത്ര, വിവേചന യാത്ര, ജനകീയ യാത്ര... എന്തിന്,  ഭരണക്കാർ വരെ കേരളരക്ഷാ മാര്ച്ച് നടത്തി ജനങ്ങളെ നാണംകെടുത്തുന്നു... അണികളെ വിളിച്ചുകൂട്ടി, അവര്ക്കിടയിലൂടെ കുരുക്ഷേത്രഭൂമിയിലെ പാര്ത്ഥനെപ്പോലെ  രഥവുമുരുട്ടി വരുന്ന നേതാക്കളുടെ തനിയാവര്ത്തനങ്ങൾ കാണുമ്പോള് പൊതുജനം ചിരിയടക്കുകയാണ്.
 താന്താന് ചെയ്യുന്ന കര്മങ്ങള് താൻതാന് അനുഭവിക്കുമെന്നാണ് പറയുന്നത്. എറണാകുളത്തെ കോണ്ഗ്രസിന് എണ്പത്തിനാല് ജനറൽ സെക്രട്ടറിമാരെ സമ്മാനിച്ച് ജമ്പോ ഡി.സി.സി. ഉണ്ടാക്കാന് കൂട്ടുനിന്ന ആളാണ് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്.
പാര്ട്ടിക്ക് ഈ തീരുമാനം കരുത്തുപകരുമെന്ന് പറഞ്ഞപ്പോള് ഇത്രയും പ്രതീക്ഷിച്ചില്ല. ജാഥയും നയിച്ച് എറണാകുളത്ത് എത്തിയപ്പോള് കാര്യങ്ങള് ബോധ്യമായി. തോപ്പുംപടിയില് പ്രസംഗം കേള്ക്കാന് സദസ്സിലുള്ളതിനേക്കാള് കൂടുതല് നേതാക്കള് സ്റ്റേജില്. ജനനായകന് സ്വീകരണം മുറുകിയപ്പോഴേക്കും സ്റ്റേജ് നിലംപൊത്തി. മുന്ന് സംഘാടകര്ക്ക് പരിക്കേറ്റു. ഭാഗ്യത്തിന് നായകന് പരിക്കില്ലാതെ രക്ഷപ്പെട്ടു. സരിതയും ബിജുരമേശും കൂടി നല്കിയ പരിക്കു തന്നെ ഭീകരം... ഏന്തിവലിഞ്ഞാണെങ്കിലും യാഗാശ്വത്തെ എങ്ങനെയെങ്ങിലും തിരുവനന്തപുരത്ത് കൊണ്ടുപോയി കെട്ടാനുള്ള തത്രപ്പാടിലാണിപ്പോള്...
  ജാഥയ്ക്ക് മുന്നോടിയായി അണികള്ക്ക് നല്കിയ നിർദേശങ്ങളില് ഫ്ലക്സ് ഉപയോഗിക്കരുതെന്ന ആദര്ശമൊക്കെ പറഞ്ഞിരുന്നു. ഇതുപ്രകാരം കീഴ്കമ്മിറ്റികള് ഇല്ലാത്ത കാശുമുടക്കി തുണിബോര്ഡുകള് തയ്യാറാക്കി. എന്നാല് ഡി.സി.സി. കൂറ്റന് ഫ്ലക്സുകള് തന്നെ അടിച്ചു. കെ.പി.സി.സി. മാനദണ്ഡം നടപ്പാക്കിയ കീഴ്കമ്മിറ്റികള് ഇപ്പോള് കാശുപോയെന്ന് വിലപിക്കുകയാണ്.
  നയിക്കുന്ന ആളിനല്ല ഉന്നയിക്കുന്ന മുദ്രാവാക്യത്തിനാണ് പ്രസക്തിയെന്നതാണ് വിപ്ലവപാര്ട്ടികളുടെ പൊതുനയം. എന്നാല് ആ വീരവാദമൊക്കെ  സഖാക്കള് ഉപേക്ഷിച്ചിട്ട് കാലങ്ങളായി. തമിഴ്നാട്ടിലെ തലൈവിയെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ് നേതാവിന്റെ കൂറ്റന് പടമുയര്ത്തുന്നത്. മത്സരിച്ച് ഫ്ലക്സും കട്ടൗട്ടുമെല്ലാം വെച്ച്, ഏരിയാ കമ്മിറ്റികള് തങ്ങളുടെ കൂറും വിധേയത്വവും ഉറക്കെ പ്രഖ്യാപിക്കുകയാണ്. ചിലര് ഒരു പടികൂടി കടന്ന്, ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന വ്യംഗ്യത്തില് സ്വന്തം പടം വെച്ച് നേതാവിന് അഭിവാദ്യമര്പ്പിച്ച് മാധ്യമങ്ങളില് പരസ്യം നല്കിയിരിക്കുന്നതും കൗതുകക്കാഴ്ചയായി. പാര്ട്ടിയിലെ പഴമക്കാര് പുത്തന് കൂറ്റുകാരുടെ ഇത്തരം വെപ്രാളങ്ങള് കണ്ട് വാ പൊളിക്കുകയാണ്.  എല്ലാവരുടേയും പടം വയ്ക്കുന്ന ഈ കോപ്രായങ്ങളെയാവുമോ ഇനി ജനകീയ ജനാധിപത്യ വിപ്ലവമെന്ന് വിളിക്കുന്നത്?
 താമരപ്പാര്ട്ടിയിലെ കാര്യങ്ങള് നേരെ മറിച്ചാണ്. അവിടെ പടനായകനൊപ്പം നേതാക്കള് ഇരിക്കുന്നത് ഷോക്കടിച്ചതു പോലെയാണ്. ഇരിക്കാന് ഇഷ്ടമില്ല, ഇരുന്നില്ലെങ്കില് പണി കിട്ടും. സംഘം കൊണ്ടുവന്ന നേതാവായതു കൊണ്ട് മിണ്ടാന് വയ്യ. വായിലെ കൈപ്പും മധുരവും എന്ന ഭാവത്തിലായിരുന്നു ജാഥാ നായകനൊപ്പം നേതാക്കളുടെ ഇരിപ്പ്.
 കാസർകോടു വച്ച് ആവേശംകൂടി പല്ല് ഊരിത്തെറിച്ചതിനാലാവണം, കൊച്ചിയിലെത്തിയപ്പോള് എന്.സി.പി.യുടെ ഉണര്ത്തുപാട്ട് ശൗര്യം പോയി  ഉറക്കുപാട്ട് പോലെയായി... യാത്ര കടന്നുപോയത് ആരും അറിഞ്ഞില്ല. ആളെ അറിയിക്കാന് നടത്തിയ പത്രസമ്മേളനങ്ങളും വേണ്ടപോലങ് ഏറ്റില്ല.
 പടയോട്ടങ്ങള് ഒടുങ്ങുന്നില്ല... ചെറിയേട്ടന്മാരുടെ ജനകീയ യാത്രയും ലീഗിന്റെ പച്ചച്ചെങ്കൊടി യാത്രയുമെല്ലാം ഉടനെ ജില്ലയിലേക്ക് പ്രവേശിച്ചു കളയുമെന്ന ഭീഷണി നിലനില്ക്കുന്നു. തിരഞ്ഞെടുപ്പിന് രണ്ടു മാസം കൂടിയുണ്ട്... നെഞ്ചിലേറ്റാന് ജാഥകള് ഇനിയുമേറെ വരാനുണ്ട് ...ജാഗ്രതൈ...