പ്ലാസ്റ്റിക് സർജറി എന്ന ആകർഷകലോകത്തെ ചുറ്റിപ്പറ്റി ധാരാളം കെട്ടുകഥകളുമുണ്ട്. ഇതിനുകാരണം ഈ ശസ്ത്രക്രിയയുടെ സൗന്ദര്യവർധകം എന്ന വിശേഷണം കൂടുതൽ പ്രശസ്തിയാർജിച്ചതുകൊണ്ടാണ്. പരിക്ക്, അർബുദരോഗം, പൊള്ളൽ, ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ എന്നീ അവസ്ഥകളിൽ രോഗിയുടെ ജീവനും അവയവങ്ങളും രക്ഷിക്കാൻവേണ്ടി ഉന്നതപരിശീലനം നേടിയ ഡോക്ടർമാർ ചെയ്യുന്ന പുനർനിർമാണ ശസ്ത്രക്രിയ ഉൾപ്പെടുന്നതാണ് പ്ലാസ്റ്റിക് സർജറി എന്നത്. ഇന്ന് രോഗികൾ സാധാരണയായി ചോദിക്കുന്ന ചില ചോദ്യങ്ങളിലൂടെ പ്ലാസ്റ്റിക് സർജറിയുടെ നിർണായക ഭാഗങ്ങളെക്കുറിച്ചുള്ള നിഗൂഢതകൾ അനാവരണം ചെയ്യാൻ ശ്രമിക്കുകയാണ്.

•  സൗന്ദര്യവർധക ശസ്ത്രക്രിയയും പുനർനിർമാണ ശസ്ത്രക്രിയയും ഒന്നാണോ?
അല്ല. സൗന്ദര്യവർധക ശസ്ത്രക്രിയയും പുനർനിർമാണ ശസ്ത്രക്രിയയും ഉൾപ്പെടുന്നതാണ് പ്ലാസ്റ്റിക് സർജറി. സൗന്ദര്യവും ശാരീരികരൂപവും ഉയർത്തിക്കാണിക്കുന്നതിനാണ് സൗന്ദര്യവർധക ശസ്ത്രക്രിയ ചെയ്യുന്നത്. പുനർനിർമാണ ശസ്ത്രക്രിയ എന്നത് എന്തെങ്കിലും കേടുപാടുകൾമൂലമുള്ള ശരീരഭാഗങ്ങളുടെ പുനർനിർമാണമാണ്. സൗന്ദര്യവർധക ശസ്ത്രക്രിയയും പുനർനിർമാണ ശസ്ത്രക്രിയയും ശരീരത്തിന്റെ സന്തുലനാവസ്ഥയും പൊരുത്തവും പരസ്പരപൂരകമായി പുനഃസ്ഥാപിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ പുനർനിർമാണ ശസ്ത്രക്രിയ സാധാരണനില പുനഃസ്ഥാപിക്കുകയും സൗന്ദര്യവർധക ശസ്ത്രക്രിയ സാധാരണനില മെച്ചപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

•  പ്ലാസ്റ്റിക് സർജറിയിൽ ഭൂരിഭാഗവും സൗന്ദര്യവർധക ശസ്ത്രക്രിയയാണ്.
ഇത് സൗന്ദര്യവർധക ശസ്ത്രക്രിയയെ സംബന്ധിച്ച തെറ്റായ ഒരു ധാരണയാണ്. കാരണം സൗന്ദര്യവർധക ശസ്ത്രക്രിയ കൂടുതലായി പ്രസിദ്ധി നേടുന്നതിനാലാകണം ആളുകളിൽ ധാരാളം തെറ്റിദ്ധാരണകളുണ്ട്. കൂടാതെ പ്ലാസ്റ്റിക് സർജറി സംബന്ധിച്ച ആശയങ്ങളെ വളരെ ലളിതവുമാക്കിത്തീർത്തിരിക്കുന്നു. മെറ്റീരിയൽ പ്ലാസ്റ്റിക് മേഖലയിൽ ധാരാളം പേർ സംഘടിച്ചുപ്രവർത്തിക്കുന്നതിനാൽ, യഥാർഥത്തിൽ രൂപപ്പെടുത്തുക അല്ലെങ്കിൽ ആകൃതിയിലാക്കുക എന്നർഥമുള്ള പ്ലാസ്റ്റികോസ് എന്ന ഗ്രീക്ക് വാക്കിൽനിന്നാണ് പ്ലാസ്റ്റിക് സർജറി എന്ന പേര് വന്നത്. മിക്കവാറും എല്ലാ പ്ലാസ്റ്റിക് സർജറികളിലും സൗന്ദര്യവർധക അംശമുണ്ടെങ്കിലും കൂടുതൽ ശസ്ത്രക്രിയകളും പുനർനിർമാണത്തിലാണ് ശ്രദ്ധയൂന്നുന്നത്.

•  ഏതൊക്കെ ശരീരഭാഗങ്ങളാണ് പുനർനിർമാണ ശസ്ത്രക്രിയയിൽ ഉൾപ്പെടുന്നത് ?
ശരീരത്തിന്റെ എല്ലാഭാഗങ്ങളും; മുകൾഭാഗത്ത് തലമുതൽ കാൽവിരലിന്റെയറ്റംവരെ പുനർനിർമാണ ശസ്ത്രക്രിയയിൽ ഉൾപ്പെടുന്നു. നവജാതശിശുമുതൽ പ്രായംചെന്ന വ്യക്തിവരെ ഉള്ളവരിലും ദൂരവ്യാപകമായ ശാരീരികാവസ്ഥകളുടെ ചികിത്സയ്ക്കായും പുനർനിർമാണ ശസ്ത്രക്രിയചെയ്യുന്നു. ശരീരത്തിന്റെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതും കേടുപാടുകൾ നീക്കുന്നതും അതുപോലെ വിവിധ അവസ്ഥകളാൽ ആകൃതിമാറ്റംവന്ന ശരീരഭാഗങ്ങൾക്ക് രൂപമാറ്റം വരുത്തുന്നതുമാണ് പുനർനിർമാണ ശസ്ത്രക്രിയ എന്നതുകൊണ്ടുദേശിക്കുന്നത്.

•   എന്താണ് പുനർനിർമാണ  ശസ്ത്രക്രിയയുടെ ലക്ഷ്യം?
പുനഃസ്ഥാപനത്തിനും കേടുപാടുകൾ തീർക്കുന്നതിനും പുനർനിർമാണ ശസ്ത്രക്രിയയിൽ വളരെയധികം സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്. ശരീരത്തിന്റെ ഒരുഭാഗത്തള്ള കോശങ്ങളെടുത്ത് മറ്റൊരു ഭാഗത്തുവെയ്ക്കുക, കൃത്രിമമായ ഇംപ്ലാന്റുകൾ ശരീരത്തിൽ വെച്ചുപിടിപ്പിച്ച് ശരീരം പൂർവസ്ഥിതിയിലാക്കുക, ശരീരത്തിന്റെ ഒരു പ്രത്യേകഭാഗത്തിന്റെ പ്രവർത്തനം സാധാരണനിലയിലാക്കുക എന്നിവയാണ് പുനർനിർമാണ ശസ്ത്രക്രിയയിലൂടെ പ്ലാസ്റ്റിക് സർജറി ഡോക്ടർമാർ ചെയ്യുന്നത്.  
എന്നിരുന്നാലും പുനർനിർമാണ ശസ്ത്രക്രിയയിലൂടെ പ്ലാസ്റ്റിക് സർജറി ഡോക്ടർമാർ രൂപഭംഗി മെച്ചപ്പെടുത്താനും രൂപം പുനഃസ്ഥാപിക്കാനും ശ്രമിക്കാറുണ്ട്. പറ്റുന്നിടത്തോളം മുറിവിന്റെയോ വൈകല്യത്തിന്റെയോ പെട്ടെന്നുള്ള അഭംഗികുറയ്ക്കാനും ശസ്ത്രക്രിയയുടെ ആഘാതം കുറയ്ക്കാനും ഡോക്ടർമാർ ശ്രമിക്കാറുണ്ട്.

•   എങ്ങനെയാണ് പുനർനിർമാണ ശസ്ത്രക്രിയ ജന്മനായുള്ള മുച്ചുണ്ടുപോലുള്ള വൈകല്യങ്ങൾക്ക് സഹായകമാകുന്നത്?
മുച്ചുണ്ട് എന്നറിയപ്പെടുന്ന ചുണ്ടുകളിലും അണ്ണാക്കിലുമുള്ള വൈകല്യങ്ങളാൽ ജനിക്കുന്ന കുട്ടികൾ വിഴുങ്ങുന്നതിനും സംസാരിക്കുന്നതിനും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. സൗന്ദര്യപ്രശ്നവും പരിഹാസവും, നിർവികാരമായ പെരുമാറ്റവും സഹപാഠികളിൽനിന്നും മറ്റുള്ളവരിൽനിന്നും നേരിടേണ്ടിവരാറുണ്ട്. പ്രവർത്തനവും രൂപവും മെച്ചപ്പെടുത്താനായി ചുണ്ടുകൾക്കുചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് കൈലോപ്ലാസ്റ്റിയെന്നും അണ്ണാക്കിനുചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് പാലറ്റോപ്ലാസ്റ്റിയെന്നും പറയുന്നു. കുട്ടികൾ ഭക്ഷണം കഴിക്കുന്നതിനും മെച്ചമായി സംസാരിക്കുന്നതിനും സഹായകമാകുന്നതോടൊപ്പം കുട്ടികളുടെ ആത്മവിശ്വാസവും വർധിപ്പിക്കുന്നു.
ധമനി, ചെവി, തലയോടിന്റെ പ്രശ്നങ്ങളും, കൈകളുടെ വൈകല്യങ്ങളുംപോലെ ജന്മലേുണ്ടാകുന്ന വൈകല്യങ്ങൾ പ്ലാസ്റ്റിക് സർജറിയിലൂടെ ചികിത്സിച്ചുമാറ്റാവുന്നതാണ്.

•  പുനർനിർമാണ ശസ്ത്രക്രിയ ഉപകാരപ്രദമാവുന്ന അക്വയേഡ് അവസ്ഥകൾ എന്തൊക്കെയാണ്?
ഈ അവസ്ഥകൾ രൂപപ്പെടുന്നത് അല്ലെങ്കിൽ സംഭവിക്കുന്നത് ജനനത്തിനുശേഷം അസുഖങ്ങൾ, അണുബാധ, അപകടം, മുറിവ് എന്നിവയാലാണ്. അർബുദം, മുറിവ്, പൊള്ളൽ, അണുബാധ, മറ്റ് അസുഖങ്ങൾ എന്നീ അക്വയേഡ് അവസ്ഥകൾ പുനർനിർമാണ ശസ്ത്രക്രിയയിലൂടെ ചികിത്സിച്ചുമാറ്റാവുന്നവയാണ്. അർബുദരോഗികളിൽ ചർമം, സ്തനം, തല, കഴുത്ത്. പേശികൾ തുടങ്ങിയ വളരെയധികം അർബുദ അവസ്ഥകളിൽ പുനർനിർമാണ ശസ്ത്രക്രിയകൾ ഫലപ്രദമാണ്.

പരിക്ക്, മുറിവുകൾ എന്നീ അവസ്ഥകളിൽ പുനർനിർമാണ ശസ്ത്രക്രിയാസാങ്കേതികവിദ്യകൾ പ്രധാനപങ്കു വഹിക്കുന്നുണ്ട്. അപകടത്തിൽ കൈകൾക്ക് സംഭവിക്കുന്ന മുറിവുകൾ, പുറംകാലിനുസംഭവിക്കുന്ന പൊട്ടലുകൾ,  മുഖത്തിലുണ്ടാകുന്ന മുറിവുകൾ എന്നിവ പരിഹരിക്കുകയെന്നത് സാധാരണയായി ചെയ്യുന്ന ചികിത്സകളാണ്.

അണുബാധയുള്ളവരിൽ പുനർനിർമാണ ശസ്ത്രക്രിയയിലൂടെ ഗുരുതരമായ അണുബാധയെത്തുടർന്ന് നശിച്ച കോശങ്ങൾ നീക്കം ചെയ്യുകയും ചുറ്റുമുള്ള ഭാഗങ്ങളുടെ കേടുപാടു തീർക്കുകയും ചെയ്യുന്നു. പുനർനിർമാണ ശസ്ത്രക്രിയയിലൂടെ പൊള്ളലേറ്റ രോഗികളുടെ പുനരുജ്ജീവനം സാധ്യമാക്കുന്നു.

പുനർനിർമാണ ശസ്ത്രക്രിയയിലൂടെ ഞരമ്പുകൾ ചുരുങ്ങൽ, മരവിപ്പ്, സന്ധിവാതം, ഞരമ്പുവീക്കം, കൈപ്പത്തിയിലും വിരലുകളിലും ചർമത്തിനടിയിലുള്ള കോശങ്ങൾ കട്ടിയാകുന്ന അവസ്ഥയായ ഡപ്യൂട്രെൻസ് കൺട്രാക്ചർ തുടങ്ങിയ ധാരാളം അവസ്ഥകൾ പുനർനിർമാണ ശസ്ത്രക്രിയയിലൂടെ കൈകാര്യം ചെയ്യാനാകും.

writer is...
സീനിയർ കൺസൾട്ടന്റ്  & എച്ച്.ഒ.ഡി., പ്ലാസ്റ്റിക്, വാസ്‌കുലർ & റീകൺസ്ട്രക്ടീവ്  സർജറിവിഭാഗം, ആസ്റ്റർ മിംസ്, കോഴിക്കോട്