കാക്കനാട്, മില്ലുപടിയിൽ പഴയ നവോദയ സിനിമാ സ്റ്റുഡിയോയുടെ അടുത്തായി ഒരു കൊച്ചു വീടുണ്ട്. ആകാശം തൊട്ടു നിൽക്കുമ്പോലെ തോന്നിക്കുന്ന ഒരു പാലമരം അതിര് നിൽക്കുന്ന വീട്. ആ വീടിന്റെ ഇത്തിരി മുറ്റത്ത് നിറയെ ചെടികൾ. ഓരോ ചെടികളോടും വിശേഷങ്ങൾ പറഞ്ഞ് വീടിന്റെ ഉമ്മറത്തിരിക്കുന്ന ഉദ്യാനപാലകൻ മലയാളികൾക്ക് സുപരിചിതനാണ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ആമേൻ എന്ന ചിത്രത്തിലെ തെങ്ങുകയറ്റക്കാരൻ... പുണ്യാളൻ അഗർബത്തീസിലെ ജിബ്രൂട്ടൻ ‘ഇടി’ യിലെ കർത്താവ്. എന്നാൽ കാക്കനാട്ടെ വീടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോൾ ഗോകുലൻ എന്ന സിനിമാക്കാരൻ ഒരു ‘വീട്ടുകുട്ടി’ യാണ്. മുടുക്കുഴിപറമ്പിൽ സത്യദേവിന്റെയും കൗസല്യയുടെയും അഞ്ച് മക്കളിൽ നാലാമൻ.

ആദ്യ ദിവസങ്ങളിൽ ഹൗസ്‌ഫുൾ ആവാതെ, കേട്ടറിഞ്ഞ്, പറഞ്ഞറിഞ്ഞ്, കണ്ടുകണ്ട് സൂപ്പർഹിറ്റാകുന്ന ചെറിയ സിനിമ പോലെയാണ് ഗോകുലന്റെ ജീവിതം. എറണാകുളം ജഡ്ജിമുക്കിലെ കാർഡിനൽ സ്കൂളിൽ പത്ത് എ യിൽ പഠിച്ചിരുന്ന ഗോകുലനെ ഒരു പക്ഷേ ഒരവധിക്കാലത്തിനപ്പുറത്തേക്ക് സഹപാഠികളാരും ഓർത്തു കാണില്ല... അന്തർമുഖനായിരുന്ന, അധികം ആരോടും സംസാരിക്കാതിരുന്ന ഇരുണ്ട് മെലിഞ്ഞ് അല്പം വിക്കുള്ള ആ കൗമാരക്കാരനെ പഠിപ്പിച്ച അധ്യാപകരും ഓർക്കാനിടയില്ല. എന്നാൽ ‘ആമേൻ’ എന്ന ചിത്രത്തിലെ തെങ്ങുകയറ്റക്കാരനെ കണ്ടപ്പോൾ പലർക്കും നല്ല മുഖപരിചയം. ‘ചന്തിരൻ ചേട്ടന്റെ വീട് കണ്ടാൽ, അമ്പിളി മാമൻ ഉദിച്ച പോലെ’ എന്ന പരസ്യഗാനം കേരളത്തിലെ ടെലിവിഷനുകളിൽ ആവർത്തിച്ചു വന്നപ്പോൾ കൂടുതൽ പേർ തിരിച്ചറിയാൻ തുടങ്ങി. ‘ഇത് നമ്മുടെ ഗോകുലനല്ലേ..!’ അവർ പരസ്പരം പറഞ്ഞു.
തമിഴിലും മലയാളത്തിലുമായി ഇരുപതോളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ഗോകുലൻ, തന്റെ ജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും ‘നഗര’ ത്തോട് സംസാരിക്കുന്നു.  

ഗോകുലനെ ആളുകളുടെ ഇടയിൽ പോപ്പുലറാക്കിയ വേഷം തെങ്ങുകയറ്റക്കാരന്റേതാണല്ലോ... ശരിക്കും തെങ്ങു കയറാൻ അറിയാമോ?
 
സത്യം പറഞ്ഞാൽ, തെങ്ങു കേറാനൊന്നും അറിയില്ല. ആമേനിൽ ഒരു ചെറിയ വേഷം ഉണ്ടെന്ന് പറഞ്ഞ് ലൊക്കേഷനിൽ പോയതാണ്. ആമേനിന്റെ അസോസിയേറ്റ് രതീഷ് കുമാർ എന്റെ ഒരു സുഹൃത്തായിരുന്നു... അവനാണ്  ആ സിനിമയിൽ ഒരു വേഷം ഉണ്ടെന്ന് പറഞ്ഞ് വിളിച്ചത്. അവിടെ ചെന്നപ്പോൾ പറഞ്ഞു, നേരത്തെ പറഞ്ഞ വേഷമല്ല, കുറച്ചു കൂടെ പ്രാധാന്യമുള്ള വേഷമാണെന്ന്. അപ്പോൾ സന്തോഷമായി. നേരെ സംവിധായകനെ പോയി കണ്ടു. അദ്ദേഹം ആദ്യം ചോദിച്ചത്, ‘തെങ്ങ് കയറാമല്ലോ ല്ലേ...’ എന്നാ...! വേഷമാണല്ലോ പ്രധാനം... അഭിനയിക്കാനുള്ള കൊതി കൊണ്ട് അങ്ങനെ പൊത്തിപ്പിടിച്ച് കേറി. അത് വെറുതെ ആയില്ല. ഞാൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ആ വേഷത്തിലൂടെയാണ്.

 അന്തർമുഖനായ ഗോകുലൻ ഒരാൾക്കൂട്ടത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്ന കലാകാരനായത് എങ്ങനെയാണ്?
 കോളേജ് പഠനകാലത്താണ് അത് സംഭവിച്ചത്. തൃക്കാക്കര ഭാരതമാത കോളേജിലായിരുന്നു ഡിഗ്രി പഠനം. കോളേജിലെ എൻഎസ്എസ് ക്യാമ്പിൽ കോമഡി സ്കിറ്റൊക്കെ ചെയ്ത് സഹപാഠികളുടെ

ഇടയിൽ അത്യാവശ്യം തമാശകളൊക്കെ പറഞ്ഞ് നടന്നിരുന്ന സമയം. എൻഎസ്എസ് ക്യാമ്പിലെ പ്രകടനം കണ്ടിട്ട്, കോളേജ് യൂണിയനിലെ ചേട്ടൻമാർ യൂണിവേഴ്‌സിറ്റി കലോത്സവത്തിന് നാടകത്തിൽ അഭിനയിക്കാൻ വിളിച്ചു. ആ സമയത്ത് അഭിനയം ഒന്നും മനസ്സിലേ ഇല്ല. അതുകൊണ്ടു തന്നെ മാന്യമായി ഉഴപ്പി. ഞാൻ റിഹേഴ്‌സൽ ക്യാമ്പിൽ നിന്ന് മുങ്ങി. അടുത്ത വർഷവും ഇത് തന്നെ സംഭവിച്ചു. നാടകം പഠിപ്പിക്കാൻ എത്തിയവർ പക്ഷേ എന്നെ ശ്രദ്ധിച്ചിരുന്നു. അവസാന വർഷം ആയപ്പോഴേക്കും എനിക്കും തോന്നി, ഒന്ന് അഭിനയിച്ചു നോക്കാമെന്ന്. അന്ന് ഞങ്ങളെ നാടകം പഠിപ്പിക്കാനെത്തിയ മനോജേട്ടനും വിനോദേട്ടനുമാണ് എന്നിൽ ഒരു അഭിനേതാവ് ഉണ്ടെന്ന് തിരിച്ചറിഞ്ഞതും പിന്നീട് സിനിമയിലേക്ക് വഴി തിരിച്ച് വിട്ടതും. ലോഹിതാദാസിന്റെ അസോസിയേറ്റ് ആയിരുന്നു മനോജേട്ടൻ. വിനോദേട്ടൻ സ്കൂൾ ഓഫ് ഡ്രാമ പ്രൊഡക്ടാണ്.

നാടകത്തിൽ നിന്ന് നേരെ സിനിമയിലേക്ക് വരികയായിരുന്നോ?

അല്ല. അതിനിടയിൽ ചില ആൽബങ്ങളിൽ അഭിനയിച്ചിരുന്നു. നാടകസുഹൃത്തുക്കളുടെ തന്നെ പ്രൊഡക്‌ഷനായിരുന്നു അതും. മനോജേട്ടനും വിനോദേട്ടനും ആണ് എന്നെ അതിലേക്ക് വിളിക്കുന്നത്. ‘അഴകൊത്ത മൈന’ എന്ന ആൽബം. അപ്പോൾ ഞാൻ കുസാറ്റിൽ പി.ജി. ക്ക്‌ പഠിക്കുകയാണ്. ആൽബത്തിലെ പാട്ട് ഹിറ്റായിരുന്നു. ടി.വി. യിൽ ആ പാട്ട് വന്ന് തുടങ്ങിയതോടെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. അങ്ങനെ കാമ്പസ്സിൽ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ഒക്കെ ആയി. കുസാറ്റിൽ ബെസ്റ്റ് ആക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തി​േയറ്റർ ഗ്രൂപ്പുള്ള കാമ്പസാണ് കുസാറ്റ്. കുസാറ്റിൽ വച്ച് നിരവധി നാടകങ്ങൾ ചെയ്തു. ആയിടയ്ക്കാണ് സിനിമാമോഹം മനസ്സിൽ കേറുന്നത്.
 
ആദ്യസിനിമ ഏതായിരുന്നു? എങ്ങനെയായിരുന്നു ആ അവസരം ലഭിച്ചത്?
 
‘അവൾ പേർ തമിഴരസി’ എന്ന തമിഴ് സിനിമയിലാണ് ആദ്യം അഭിനയിച്ചത്. അത് മനോജേട്ടന്റെയും വിനോദേട്ടന്റെയും പരിചയത്തിലൂടെ കിട്ടിയ അവസരമായിരുന്നു. ആദ്യത്തെ മലയാള സിനിമ കുടുംബശ്രീ ട്രാവൽസ്. കുസാറ്റിൽ ഞങ്ങളുടെ ഒരു നാടക റിഹേഴ്‌സൽ നടക്കുന്നതിന്റെ ഇടയിലാണ് കുട്ടിസ്രാങ്കിന്റെ തിരക്കഥാകൃത്തായ പി.എഫ്. മാത്യൂസും ‘എട്ടു സുന്ദരികൾ’ എന്ന സീരിയലിന്റെ സംവിധായകനായ കിരണും എന്നെ ശ്രദ്ധിക്കുന്നത്. കുടുംബശ്രീ ട്രാവൽസ് എന്ന സിനിമ സംഭവിക്കുന്നത് അങ്ങനെയാണ്. ജയറാം, ജഗതി, മണിയൻപിള്ള രാജു തുടങ്ങിയവർക്കൊപ്പം ഒരു വേഷം. അഭിനയിച്ചതിന് ആദ്യമായി പ്രതിഫലവും കിട്ടി. സ്വന്തമായി ഡബ്ബിങ്ങും ചെയ്തു. ഒരു ആത്മവിശ്വാസവും സന്തോഷവുമൊക്കെ തോന്നി. പിന്നെയും ചെറിയ വേഷങ്ങൾ വന്നു. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രം... ഔട്ട്‌സൈഡർ... മഞ്ഞ... അങ്ങനെ കുറച്ചു ചിത്രങ്ങൾ. അതോടെ സിനിമയെ ഗൗരവത്തോടെ കാണാൻ തുടങ്ങി.  

പലരും സിനിമയ്ക്കുവേണ്ടി പഠനം നിർത്തുമ്പോൾ സിനിമയിൽ തുടരാനായി പഠിക്കാൻ പോയ വ്യക്തിയാണ് ഗോകുലൻ എന്ന് കേട്ടിട്ടുണ്ട്. ആ കഥയ്ക്ക് പിന്നിൽ സത്യമുണ്ടോ?
കുറച്ചൊക്കെ അതിൽ സത്യമുണ്ട്. സിനിമയിൽ അവസരങ്ങൾ വന്നുതുടങ്ങിയ സമയത്താണ് എന്റെ പി.ജി. പഠനം പൂർത്തിയാകുന്നത്. ഏതെങ്കിലും കോഴ്‌സിന് ചേർന്നെങ്കിൽ മാത്രമേ എനിക്ക് അഭിനയം, സിനിമ എന്നൊക്കെ പറഞ്ഞ് നടക്കാൻ പറ്റൂ. അല്ലെങ്കിൽ ജോലിക്ക് പോകേണ്ടി വരുമല്ലോ. അതുകൊണ്ട് ഞാൻ നേരെ പോയി കുസാറ്റിൽ എം.ഫില്ലിന്റെ എൻട്രൻസ് എഴുതി. അത് കിട്ടി. അങ്ങനെ സിനിമയ്ക്കായി ഞാൻ പിന്നെയും വിദ്യാർത്ഥിയായി. കൂടെ സിനിമയിലും സജീവമായി. ആമേൻ സിനിമയിലെ തെങ്ങുകയറ്റക്കാരൻ എന്ന ലേബൽ ഗുണം ചെയ്തു. സത്യൻ അന്തിക്കാടിന്റെ ‘പുതിയ തീരങ്ങൾ...’ രഞ്ജിത്ത് ശങ്കറിന്റെ ‘മോളി ആന്റി റോക്ക്‌സ്...’ അതിൽ നിന്ന് ‘പുണ്യാളൻ അഗർബത്തീസ്...’ അതിലെ ജിബ്രൂട്ടനെ ജയസൂര്യയ്ക്ക് ഇഷ്ടമായി. പിന്നെ അദ്ദേഹം വേഷങ്ങൾ തന്നു. സു..സു... സുധി വാത്മീകത്തിലെ ‘ഉപേ’ എന്ന കഥാപാത്രം. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയ വേഷങ്ങളായിരുന്നു ഇതെല്ലാം. ജയസൂര്യ ഇപ്പോഴും വലിയ സപ്പോർട്ടാണ്.
 
സിനിമ തന്നെയായിരിക്കണം നമ്മുടെ തട്ടകം എന്ന് തീരുമാനിച്ചത് എപ്പോഴാണ്?

ആമേൻ കഴിഞ്ഞപ്പോൾ സിനിമയിൽ അവസരങ്ങൾ വന്നുതുടങ്ങി. സിനിമയിൽനിന്ന് വരുമാനം കിട്ടിത്തുടങ്ങി. എന്നാൽ ജോലി ആയി തോന്നുന്നുമില്ല. എനിക്ക് അഭിനയിക്കാൻ ഇഷ്ടമാണ്. ആ ഇഷ്ടത്തിലൂടെ എനിക്ക് വരുമാനവും കിട്ടുന്നു. ആസ്വദിച്ച് വരുമാനം ഉണ്ടാക്കാൻ പറ്റുന്നു. അതുകൊണ്ടാണ് സിനിമയിൽ നിൽക്കാൻ തീരുമാനിച്ചത്. സിനിമ ആസ്വദിക്കാൻ പറ്റുന്നവരെ, ആ ത്രിൽ ഉള്ളിടത്തോളം കാലം ഇത് ചെയ്യും. എന്നാലും അസ്ഥിരമാണ് ഈ മേഖല... നിൽക്കാൻ പറ്റുന്നിടത്തോളം ചെയ്യുക. കൂടെ പഠനം കൊണ്ടു പോകണം. പി.എച്ച്ഡി. ചെയ്യണം. ഇന്ത്യൻ ഇക്കണോമിക്‌സ് സർവീസ് എക്‌സാമിനേഷൻ എഴുതണം എന്നുമുണ്ട്. ഇതൊക്കെ അഭിനയത്തിന്റെ കൂടെ കൊണ്ടു പോകാൻ കഴിയുന്നതാണ്.

വിദ്യാഭ്യാസം വളരെ ആവശ്യമുള്ള കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. അത് ജോലിക്ക് വേണ്ടി മാത്രമാകരുത് എന്നാണ് എന്റെ പോളിസി.  വിദ്യാഭ്യാസം കൊണ്ട് മാത്രമാണ് എനിക്ക്‌ ഈ ആത്മവിശ്വാസം ഉണ്ടായത്. ജോലിക്ക് വേണ്ടിയല്ല ഞാൻ പഠിച്ചത്. എട്ടിൽ തോറ്റ, അന്തർമുഖനായ, വിക്കനായ, ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് കഷണ്ടിയായ ഗോകുലന് ഇന്ന് ആളുകളോട് ആത്മവിശ്വാസത്തോടെ പെരുമാറാൻ കഴിയുന്നത് വിദ്യാഭ്യാസം കൊണ്ടാണ്. വിദ്യാഭ്യാസം വലിയ ആകാശങ്ങൾ തുറന്നു തരും... വലിയ ചിന്തകൾ നൽകും. സങ്കോചമില്ലാതെ, തുറന്ന് ആളുകളോട് ഇടപഴകാൻ കഴിയുന്ന ഒരാളാക്കി എന്നെ മാറ്റിയതിൽ എന്റെ കലാലയങ്ങൾക്കും സുഹൃത്തുക്കൾക്കും വലിയ പങ്കുണ്ട്.   

തിരക്കുകളിൽ നിന്ന് ഓടിയെത്താൻ ആഗ്രഹിക്കുന്ന ഇടം എവിടെയാണ്?

എനിയ്ക്കങ്ങനെ രണ്ട് ഇടങ്ങളുണ്ട്. ഒന്ന് എന്റെ വീടാണ്. വീട്ടിലെത്തിയാൽ എനിക്ക് എങ്ങും പോകാൻ തോന്നില്ല. ‘ഫാമിലി ഫസ്റ്റ്... ഫിലിം നെക്‌സറ്റ്’ അതാണ് എന്റെ ഒരു രീതി. എവിടെ പോയാലും എനിക്ക് തിരികെ വരണം. വീട്ടിലേക്ക്. വീടിന്റെ ചുറ്റുപാടും എനിക്ക് പ്രധാനപ്പെട്ടതാണ്. ഇവിടത്തെ മരങ്ങളും ചെടികളും അങ്ങനെ ഓരോന്നിനോടും എനിക്ക് വല്ലാത്ത അടുപ്പമുണ്ട്. വ്യക്തികളോടെന്ന പോലെ ഉള്ള ഒരു ഇഴയടുപ്പം. രണ്ടാമത്തേത് ‘സെലിബ്രേഷൻസ്’ എന്ന കുസാറ്റിലെ സുഹൃത്തുക്കളുടെ കൂട്ടായ്മയാണ്. ആ കൂടിച്ചേരലുകൾ ഞാനൊരിക്കലും നഷ്ടപ്പെടുത്താറില്ല.

പച്ചപ്പിലേക്ക് അടുപ്പിച്ചത്?

‘സെലിബ്രേഷൻസ്’ കൂട്ടായ്മയാണ് എന്ന പ്രകൃതിയിലേക്ക് അടുപ്പിച്ചതും. നാടകത്തിന് വേണ്ടി ഉണ്ടായ ഗ്രൂപ്പായിരുന്നു അത്. പിന്നെ സെലിബ്രേഷൻസിന്റെ നേച്ചർ ക്യാമ്പുകൾ വന്നു. അതിലൊക്കെ ഞാനും സജീവമായി. അങ്ങനെയാണ് പച്ചപ്പിനോടും പ്രകൃതിയോടും കൂടുതൽ അടുക്കാൻ തുടങ്ങിയത്. മരങ്ങളും ചെടികളും വളർത്താനും പരിപാലിക്കാനും തുടങ്ങി. വല്ലാത്ത ഒരു ഉണർവ് തരുന്ന പരിപാടിയാണ്.
 
ഒരു അഭിനേതാവ് എന്ന നിലയിൽ സ്വന്തം അഭിനയത്തെ എങ്ങനെ വിലയിരുത്തുന്നു?

കുടുംബശ്രീ ട്രാവൽസിലൊക്കെ ഓവർ ആക്ടിങ് ആയിരുന്നു എന്നു തോന്നിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ കുറച്ചു കൂടെ മെച്ചപ്പെട്ടു എന്നാണ് തോന്നുന്നത്. ഓരോ സിനിമയിലൂടെയും പുതിയ പുതിയ കാര്യങ്ങൾ പഠിക്കുന്നു. ഇപ്പോഴത്തെ സിനിമയിൽ ‘ആക്ടിങ്’ അല്ലല്ലോ,... ‘ബിഹേവിങ്’ അല്ലേ.... ലളിതമായി ചെയ്യാനാണല്ലോ ഏറ്റവും ബുദ്ധിമുട്ട്.
 
പുതിയ പ്രൊജക്ടുകൾ?

വ്യാസൻ എടവനക്കാടിന്റെ ‘അയാൾ ജീവിച്ചിരിപ്പുണ്ട്’ എന്ന സിനിമയാണ് ഇപ്പേൾ ഷൂട്ടിങ് പൂർത്തിയായ ചിത്രം. കമ്മട്ടിപ്പാടത്തിലെ ബാലൻ എന്ന കഥാപാത്രത്തെ ചെയ്ത മണികണ്ഠന്റെ പുതിയ സിനിമയാണിത്. വിജയ് ബാബുവും ചിത്രത്തിൽ നല്ലൊരു വേഷം ചെയ്യുന്നുണ്ട്. ആമേനിന്റെ അസോസിയേറ്റ് ആയിരുന്ന രതീഷ് കുമാറിന്റെ ചിത്രം ‘തൃശ്ശിവപേരൂർ ക്ലിപ്ത’ത്തിലും ഒരു വേഷം ചെയ്യുന്നുണ്ട്. സിനിമയ്ക്കൊപ്പം നാടകവും ഞാൻ ഗൗരവമായി തന്നെയാണ് കാണുന്നത്. നല്ല നാടകങ്ങൾക്ക് ഇപ്പോൾ കാണികളും ഉണ്ടാകുന്നുണ്ട്. അങ്ങനെയുള്ള ചില പ്രൊജക്ടുകൾ ചെയ്യാനുള്ള ചർച്ചകളും നടക്കുന്നു.

അവസാനമായി ഒരു കാര്യം കൂടി. ഇനി തെങ്ങിൽ കയറാൻ പ്ലാൻ ഉണ്ടോ?

(ചിരിക്കുന്നു) തെങ്ങുകയറ്റം തത്‌കാലം അജൻഡയിലില്ല. പക്ഷേ, അപ്രതീക്ഷിതമായല്ലേ പലതും സംഭവിക്കുന്നത്. നല്ല കാര്യങ്ങൾ സംഭവിക്കട്ടെ... അതിനായി കാത്തിരിക്കുന്നു.