വറുത്തരച്ച ഞണ്ടു കറിയുടെ മൂക്ക്തുളച്ചുകയറുന്ന മണം ഒരുകാലത്ത് നാട്ടിൻപുറങ്ങളിലെ മിക്ക വീടുകളുടെയും പടിവാതിൽവരെയെത്തിയിരുന്നു. എന്നാൽ ഇന്ന് സ്ഥിതിയാകെ മാറി. ഞണ്ട്കറി കൂട്ടണമെങ്കിൽ ഭക്ഷണശാലകളിലൊ, ഷാപ്പുകളിലൊ പോകണമെന്നായിരിക്കുന്നു. പാചകം ചെയ്യുന്നതിനായി ഒരുക്കിയെടുക്കുന്നതിലുള്ള കാലതാമസവും, താങ്ങുന്നതിലുമപ്പുറമുള്ള വിലയുമായതോടെ ഞണ്ട് വിഭവങ്ങൾ ഏതാണ്ട് അടുക്കളകളിൽ നിന്നും ഒഴിവാക്കപ്പെട്ട നിലയിലായി. 
എന്നാൽ മലയാളികൾ കൈവിട്ട ഞണ്ടുകൾക്കിപ്പോൾ സുവർണകാലമാണ്. വിദേശികളുടെ തീൻമേശകളിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ് കേരളത്തിൽ നിന്നുമെത്തുന്ന ഞണ്ടുകൾ. കേരളത്തിൽ നിന്നും ദിനം പ്രതി ടൺകണക്കിന് ഞണ്ടുകളാണ് യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിപണികളിലെത്തുന്നത്. 

എന്നാൽ കൊച്ചിയുടെ തീരദേശ മേഖലകളിൽ നിന്നുമെത്തുന്ന ‘നാടൻ മഡ്ഡു’കൾക്കാണ് ഏറെ പ്രിയം. സിംഗപ്പൂർ, തൈയ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലെ ടൂറിസ്റ്റ് മേഖലകളിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട മത്സ്യവിഭവമായി മാറിയിരിക്കുകയാണ് നമ്മുടെ ഞണ്ടുകൾ. ഞണ്ട് സൂപ്പ്, ഞണ്ട് റോസ്റ്റ്, ഫ്രൈ, കട്‌ലറ്റ് തുടങ്ങിയവ ഇവിടത്തെ ഭക്ഷണശാലകളിൽ നിന്നും ഒഴിച്ചുകൂടാനാകാത്ത വിഭവങ്ങളായി മാറിയിരിക്കുകയാണ്.കാലുകൾ കൂട്ടിക്കെട്ടി ജീവനോടെ തന്നെയാണ് വിദേശത്തേക്ക് ഞണ്ടുകളെ കയറ്റിയയയ്ക്കുന്നത്. വിദേശികളുടെ ഇഷ്ട മത്സ്യവിഭവമാക്കി ഞണ്ടിനെ മാറ്റിയതും ലൈവായി കിട്ടുമെന്നുള്ളതാണ്. 

ഭക്ഷണശാലകൾക്കൊപ്പം തന്നെയുള്ള റെഡിമെയ്ഡ് ഫാമുകളിൽ ഞണ്ടുകളെ പ്രദർശിപ്പിച്ചാണ് ആവശ്യക്കാർക്ക് പാചകം ചെയ്ത് നൽകുന്നത്. ഒരു കിലോ മഡ്ഡിന് 1300 - 1500 വരെയാണ് നാട്ടിലെ കർഷകർക്ക് കിട്ടുന്ന വില. നാല് കൗണ്ടുകളിലായിട്ടാണ് കയറ്റി അയയ്ക്കുന്നത് 750 ഗ്രാമിന് മുകളിലുള്ളവയാണ് മഡ്ഡുകളുടെ ഇനത്തിൽപ്പെടുന്നത്. 350 ഗ്രാമിന് താഴെയുള്ളതാണ് ഏറ്റവും ചെറുത്. 
കേരളത്തിലെ ഞണ്ടുകൾ പിടിക്കുന്ന സീസണും, സംഗപ്പൂർ, തൈവാൻ തുടങ്ങിയ രാജ്യങ്ങളിലെ ന്യൂഇയർ ആഘോഷങ്ങളും ഒരേ സമയത്തായതാണ് വിപണിവില കൂടാനിടയാക്കിയത്. 

കൃഷിയിടങ്ങളിൽ നിന്നും പിടിക്കുന്ന ഞണ്ടുകൾ അതത് ദിവസങ്ങളിൽ തന്നെ കയറ്റി അയയ്ക്കുന്നതിനുള്ള സൗകര്യമൊരുങ്ങിയതും ഇവിടത്തെ ഞണ്ട് വിപണിയെ ഉഷാറാക്കി. പരമാവധി വിലകിട്ടുന്നതിനും ഇത് സഹായകരമായി മാറിയതായി കടമക്കുടിയിൽ ഞണ്ട് കൃഷി നടത്തുന്ന വരാപ്പുഴ സ്വദേശി ജോൺ കല്ലുവീട്ടിൽ പറഞ്ഞു.

ഒരുക്കാൻ പ്രയാസം
 
ഞണ്ട് വിഭവങ്ങൾ ഏറെ സ്വാദിഷ്ടമാണെങ്കിലും, ഇത് പാചകത്തിനായി ഒരുക്കിയെടുക്കുന്നത് അത്ര എളുപ്പമല്ല. ശരിയല്ലാത്ത രീതിയിൽ ഒരുക്കിയാൽ മാംസം നഷ്ടമാകുന്നതിനും കാരണമാകും. എന്നാൽ പരമ്പരാഗതമായ രീതിയിൽ ഞണ്ടിനെ ഒരുക്കിയെടുക്കുന്നത് അറിയാനായാൽ ഏറെ എളുപ്പവുമാണ്. സാധാരണ രീതിയിൽ ഞണ്ട് നീന്തുവാൻ ഉപയോഗിക്കുന്ന വിശറിക്കാലുകളിൽ പിടിച്ചാണ് പാചകത്തിനായി ഒരുക്കിയെടുക്കുക. 

ആദ്യം ചെറുകാലുകൾ അടർത്തിമാറ്റണം, തുടർന്ന് ഞണ്ട് കടിക്കുവാൻ ഉപയോഗിക്കുന്ന കാലുകൾ അടർത്തിയെടുക്കണം. കാലുകളിൽ അടങ്ങിയിട്ടുള്ള മാംസ ഭാഗമാണ് ഏറെ രുചികരമായിട്ടുള്ളത്. ഞണ്ടിന്റെ കണ്ണുകൾ ഉള്ള ഭാഗം മുകളിലേക്കാക്കി കത്തിയുടെ മൂട് കൊണ്ട് പതുക്കെ മുട്ടിയാൽ തോടിൽ നിന്നും മാംസം പൂർണമായും അടർന്നു പോരും. ഏറെ എളുപ്പവും, സുഖകരവുമാണെങ്കിലും ഈ രീതി പലർക്കും അറിയാത്തതാണ് ഞണ്ട് ഇഷ്ടമാണെങ്കിലും, വാങ്ങി പാചകം ചെയ്യാൻ വീട്ടമ്മമാരെ പിന്നോട്ടടിപ്പിക്കുന്നത്.

നാടന്റെ കാലം 
വിദേശ മാർക്കറ്റുകളിൽ പുഴഞണ്ടുകൾക്ക് പ്രിയം ഏറിയതോടെ ഞണ്ടു കൃഷി നാട്ടുമ്പുറങ്ങളിൽ സജീവമാണിപ്പോൾ. സീസണുകളിൽ മാത്രം നടന്നിരുന്ന ഞണ്ടുകൃഷി വർഷം മുഴുവനും നടത്തുകയാണിപ്പോൾ. ചുരുങ്ങിയ നാളുകൾക്കകം പൂർണ വളർച്ചയെത്തുമെന്നതാണ് മറ്റൊരു സവിശേഷത. മൂന്ന് മാസംകൊണ്ട് വളർച്ചയെത്തും. തോടിന്റെ കട്ടിനോക്കിയാണ് വളർച്ച മനസ്സിലാക്കുന്നത്. ഞണ്ടുകളിൽ പ്രധാനി മഡ്ഡുകളാണ്. 750 ഗ്രാമിലേറെ തൂക്കം വരുന്നവയാണ് മഡ്ഡുകൾ. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിൽ ഏറെയും മഡ്ഡുകളാണ്. 

കിലോയ്ക്ക് 1300 മുതൽ 1500 വരെയാണ് ഇതിന്റെ വില. കടുത്ത പച്ചനിറത്തിലുള്ള കട്ടിയുള്ള തോടുള്ളതാണ് മഡ്ഡുകൾ. പെൺ ഞണ്ടുകൾക്കും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. പെൺ ഞണ്ടുകളെ തിരിച്ചറിയുന്നതും നിറത്തിലൂടെയാണ്. സ്വർണ നിറത്തിലുള്ളവയാണ് പെൺഞണ്ടുകൾ. എന്നാൽ താരതമ്യേന ചെറുതായിരിക്കും. പെൺ ഞണ്ടുകളിൽ അടങ്ങിയിട്ടുള്ള പൊന്ന് (നെയ്യ്) ഏറെ രുചികരവും, ഔഷധപ്രദവുമാണ്. തൊടിൽ നിന്നും അടർത്തിമാറ്റിയാണ് പൊന്ന് എടുക്കുന്നത്. മഡ്ഡുകളുടെ വിലയിൽ നിന്നും 300 രൂപയോളം കുറവാണ് പെൺ ഞണ്ടുകൾക്ക്. വാട്ടർ ഞണ്ടുകളാണ് മൂന്നാമത്തേത്, ജലാംശം കൂടുതലും മാംസം കുറവുമുള്ളതിനാലാണ് വാട്ടർ ഞണ്ടെന്ന പേര് വീഴാൻ കാരണമായത്. നാട്ടുമ്പുറങ്ങളിൽ കറിഞണ്ട് എന്ന് അറിയപ്പെടുന്ന ഇവയുടെ വില 200 - 250 രൂപയാണ്. 


ഞണ്ട് കട്‌ലെറ്റ് 
ഞണ്ട് വിഭവങ്ങൾ പലതരത്തിൽ പാചകം ചെയ്‌തെടുക്കുന്നുണ്ടെങ്കിലും, ഞണ്ടിന്റെ തോടുപയോഗിച്ച് ഉണ്ടാക്കുന്ന കട്‌ലെറ്റുകൾക്കാണ് ഏറെ പ്രിയം. ഞണ്ടിന്റെ രൂപത്തിൽ തന്നെ തയ്യാറാക്കുന്ന കട്‌ലെറ്റിന് ആവശ്യക്കാർ ഏറെയാണ്. തോടിൽ നിന്നും മാംസം അടർത്തി മാറ്റിയതിന് ശേഷം ചേരുവകൾ ചേർത്ത് തോടിൽ തന്നെ പാചകം ചെയ്താണ് കട്‌ലെറ്റ് ഉണ്ടാക്കുന്നത്. (ചേരുവ മറ്റ് കട്‌ലെറ്റുകൾ ഉണ്ടാക്കുന്ന പോലെത്തന്നെ) ഞണ്ട് റോസ്റ്റ്, ഞണ്ട് ഫ്രൈ, ഞണ്ട് വറുത്തരച്ച കറി തുടങ്ങി ഒട്ടേറെ വിഭവങ്ങളും ഉണ്ട്. 


ചീഞ്ഞ ചാളയും കപ്പയും ഇഷ്ട വിഭവം
നമുക്ക് ഞണ്ട് എത്രമാത്രം ഇഷ്ടമാണോ അതിലേറെയിഷ്ടമാണ് ഞണ്ടിന് ചാളയും കപ്പയും, ചീഞ്ഞചാളയാണെങ്കിൽ പെരുത്തിഷ്ടമാണെന്നാണ് കർഷകർ പറയുന്നത്. ഫാമുകളിലും, കെട്ടുകളിലുമൊക്ക വളർത്തുന്ന ഞണ്ടുകൾക്ക് പ്രധാനമായും നൽകുന്ന ഭക്ഷണം ഇതാണ്.