കൃഷി ചെയ്യാന്‍ താത്പര്യമുണ്ടോ? സൗജന്യമായി ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രമുണ്ട്‌

ജൈവ പച്ചക്കറി കൃഷിയോട് ആഭിമുഖ്യം വർദ്ധിച്ചുവരുന്നുണ്ടെങ്കിലും കൃഷി അത്രയ്ക്ക് മെച്ചപ്പെടുന്നില്ലെന്ന ആവലാതിയാണ് മിക്കവർക്കും. ടെറസ്സിലും ഇത്തിരിയുള്ള പറമ്പിലും ആവേശത്തോടെയാണ് കൃഷി തുടങ്ങിയത്. പക്ഷേ, വിളവ് വേണ്ടത്ര പോര. ഒന്നോ രണ്ടോ കായകൾ കിട്ടിയാലായി. അതും തീരെ ചെറുത്. പിന്നെ, ഇലമുരടിപ്പും മറ്റ് കീടബാധകളും. ചെടികൾ ഓജസ്സില്ലാതെ നിൽക്കുന്നു. കീടബാധ കണ്ട്  പുകയിലക്കഷായം പോലുള്ള കീടനാശിനികൾ ഉപയോഗിച്ചാൽ വലിയ ഫലവും കാണുന്നില്ല. പ്രതീക്ഷിച്ച ഫലം കാണാത്തതിനാൽ നിരാശ. ‘ഇനിയീപ്പണിക്കില്ലെ’ന്ന് ആത്മഗതവും. 
ഇത് അറിവില്ലായ്മയിൽ നിന്നുണ്ടാകുന്നതാണെന്ന് നല്ല കൃഷിക്കാരും കൃഷി ഉദ്യോഗസ്ഥരും പറയുന്നു. സൂക്ഷ്മാണുക്കൾ ഉള്ള മണ്ണിൽ നട്ടാലേ മികച്ച വിളവ്‌ കിട്ടൂ, ചെടിക്ക് ഓജസ്സുണ്ടാവൂ. നല്ല ജൈവവളങ്ങളും വളർച്ചാ ത്വരകങ്ങളും കൃത്യമായ ഇടവേളകളിൽ ചേർത്തു കൊടുക്കണമെന്ന്‌ സാരം. കീടബാധ കണ്ടതിനു ശേഷമല്ല, ജൈവ കീടനാശിനികൾ ഉപയോഗിക്കേണ്ടത്. അതും ആദ്യം മുതൽതന്നെ കൃത്യമായ ഇടവേളകളിൽ പ്രയോഗിച്ചുകൊണ്ടേയിരിക്കണം. നടാനെടുക്കുന്നത് നല്ല വിത്തും തൈകളും കൂടിയായാൽ മികച്ച വിളവ് ഉറപ്പ്.  
ഇങ്ങനെ കൃഷി ചെയ്യാൻ താത്‌പര്യമുള്ളവർക്ക് സൗജന്യമായി ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്‌ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്ര (കെ.വി.കെ.)ത്തിലെ വിദഗ്ദ്ധർ തയ്യാറാണ്. അവർക്ക്‌ പുറമെ, കെ.വി.കെ.യുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന അസംഖ്യം മികച്ച കർഷകരുടെ അറിവും പ്രയോജനപ്പെടുത്താൻ സാധിക്കും. മായം ചേരാത്ത ജൈവവളവും കീടനാശിനിയും വളർച്ചാ ത്വരകങ്ങളും തങ്ങൾ  തയ്യാറാക്കി നൽകുന്നുണ്ടെന്നും കെ.വി.കെ. മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യൻ പറഞ്ഞു.

അവയിൽ ചിലത്
പഞ്ചഗവ്യം- വനപ്രദേശത്ത് മാത്രം മേയാൻ വിടുന്നതും കൃത്രിമ കാലിത്തീറ്റകൾ അല്പം പോലും നൽകാത്തതുമായ നാടൻ പശുക്കളിൽ നിന്ന് ലഭിക്കുന്ന ചാണകം, മൂത്രം, പാൽ, തൈര്, നെയ്യ് എന്നിവയ്ക്ക് പുറമെ പാളയൻകോടൻ പഴം, ശർക്കര, കരിക്കിൻവെള്ളം മുതലായവ ചേർത്ത് ഉണ്ടാക്കുന്ന സസ്യവളർച്ചാ ത്വരകം. വിളയുടെ വളർച്ച കൂടും, വിളവ് കൂടും. 

‘ദശി ഗോമൂത്ര -നാടൻ പശുക്കളിൽ നിന്നു കിട്ടുള്ള മൂത്രം നൈട്രജൻ സമ്പുഷ്ടമാകയാൽ വളർച്ച ത്വരിതപ്പെടുത്തുന്നു. മൃദു ശരീരികളായ കീടങ്ങളെ നിയന്ത്രിക്കുകയും ചെയ്യും. 
അമിനോ പ്ലസ് -ഐസിടാത്തതും രാസവസ്തുക്കൾ ചേരാത്തതുമായ മത്തിയും ഉപ്പില്ലാത്ത ശർക്കരയും കൂട്ടിച്ചേർത്ത് പുളിപ്പിച്ച് തയ്യാറാക്കുന്ന വളർച്ചാ ത്വരകം. ചെടിക്ക് നല്ല വളർച്ചയുണ്ടാകും. ചാഴി തുടങ്ങിയ കീടങ്ങളെ അകറ്റി നിർത്തും. മണ്ണിലെ സൂക്ഷ്മാണുക്കളെ പരിപോഷിപ്പിക്കും. 

ന്യൂട്രിസ്ലറി- നാടൻ പശുവിന്റെ ചാണകം, വേപ്പിൻ പിണ്ണാക്ക്, കപ്പലണ്ടിപ്പിണ്ണാക്ക് എന്നിവ ചേർത്ത് പുളിപ്പിച്ചെടുക്കുന്ന ജൈവ മിശ്രിതം. സസ്യങ്ങൾക്ക് ഉത്തമ മേൽവളം. 

വേപ്പിൻ പിണ്ണാക്ക് -ആര്യവേപ്പിൻ കുരുവിന്റെ പരിപ്പിൽ നിന്ന് എണ്ണയെടുത്ത ശേഷമുള്ള ശുദ്ധമായ പിണ്ണാക്ക്. നല്ല ജൈവ വളവും കീടനാശിനിയും. മിത്ര കീടങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. 

സമ്പുഷ്ട ചാണകപ്പൊടി -നാടൻ പശുക്കളുടെ ചാണകം അവയുടെ മൂത്രവുമായി ചേർത്ത് സമ്പുഷ്ടമാക്കി ഉണക്കി പൊടിച്ചെടുത്തത്. ഗ്രോബാഗിൽ നിറയ്ക്കേണ്ട മിശ്രിതത്തിൽ ചേർത്തുകൊടുക്കാം. മേൽവളമായും ഉപയോഗിക്കാം. 

വേപ്പെണ്ണ -ആര്യവേപ്പിൻ കുരുവിന്റെ പരിപ്പിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ. വേപ്പധിഷ്ഠിത കീടനാശിനികൾ ഉണ്ടാക്കാൻ ഉത്തമം. സോപ്പ് ചേർത്ത് വെള്ളത്തിൽ നേർപ്പിച്ച് നേരിട്ട് തളിക്കാം.

നീം-ഡി പെസ്റ്റ്- വേപ്പെണ്ണ പ്രധാന ചേരുവയായ കീടനാശിനി. സോപ്പ് അടങ്ങിയിട്ടുള്ളതിനാൽ നേരിട്ട് വെള്ളത്തിൽ ലയിപ്പിച്ച് തളിക്കാം. നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ ഫലപ്രദം. മറ്റു കീടങ്ങളേയും അകറ്റി നിർത്തും. 

ഓർഗാനോ എക്സൽ -വേപ്പിൻ പിണ്ണാക്കും കടലപ്പിണ്ണാക്കും കലർത്തി തയ്യാറാക്കുന്ന ജൈവ വളക്കൂട്ട്. 

ഫിഷ്‌ ലൈസർ -കടൽമീൻ അവശിഷ്ടങ്ങളും ചകിരിച്ചോറും ചേർത്ത് തയ്യാറാക്കുന്ന മികച്ച വളം. 

കൂടാതെ, പുകയിലക്കഷായ കിറ്റും നന്മ, മേന്മ, ശക്തി, ശ്രേയ, എന്നീ കീടനാശിനികളും ഫിറമോൺ കെണി, പഴക്കെണി എന്നിവയും ട്രൈക്കോെഡർമ, സ്യൂഡോ മൊണാസ്, ബ്യുവേറിയ, വെർട്ടിസിലിയം, വാം, അസോസ്പൈറില്ലം, എന്നീ വളർച്ചാ ത്വരകങ്ങളും കെ.വി.കെ. യിൽ ഉണ്ട്. ഇവയെല്ലാം പ്രയോഗിക്കേണ്ട വിധവും അവിടെ നിന്ന് അച്ചടിച്ച് നൽകുന്നുണ്ട്.  വിശദ വിവരങ്ങൾക്ക് ഫോൺ: 8281757450 (രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ).

jchandranpk@gmail.com