എഴുത്തിനുള്ള ഊര്‍ജം മുഴുവന്‍ ലഭിക്കുന്നത് വായനയില്‍ നിന്നാണെന്ന് കവിയും ഗാനരചയിതാവുമായ
കൈതപ്രം ദാമോദരന്‍ നമ്പൂതിരി. വായനയാണ് എന്നെ ഞാനാക്കിയത് അദ്ദേഹം പറയുന്നു.
രാവുപുലരും വരെ...
പത്ത് വയസ്സു മുതൽ വായിക്കുന്നുണ്ട്. ‘കൈതപ്രം പൊതുജന വായനശാല’യുടെ തുടക്കം മുതൽ അതിന്റെ പ്രവർത്തനങ്ങളിൽ ഞാനുണ്ട്. ഇപ്പോൾ അമ്പതുകൊല്ലം കഴിഞ്ഞു വായനശാലയ്ക്ക്. മല്ലിശ്ശേരി കരുണാകരൻ മാഷിന്റെ നേതൃത്വത്തിൽ മാതമംഗലത്ത് ‘ജ്ഞാനഭാരതി വായനശാല’ തുടങ്ങുമ്പോൾ പുസ്തകം തിരഞ്ഞെടുക്കാനും ശേഖരിക്കാനുമൊക്കെ ഞാനുമുണ്ട്. അന്നൊരു പതിമൂന്ന് വയസ്സുണ്ടാവും. പത്താം ക്ലാസ് കഴിയുംവരെ ആ വായന തുടർന്നു. അക്കാലത്തെ വായനയാണ് എന്നെ ഞാനാക്കിയത്.
കണ്ട പുസ്തകങ്ങളെല്ലാം വായിക്കുകയല്ല ചെയ്യാറ്്. തിരഞ്ഞെടുത്തവയാണ് വായിക്കാറ്്. അതിന് എന്നെ സഹായിച്ചത് എന്റെയൊരു ജ്യേഷ്ഠനാണ്. പേരമ്മയുടെ മകനായ വി.എൻ. ഈശ്വരൻ നമ്പൂതിരി. അദ്ദേഹം അപാര വായനക്കാരനായിരുന്നു. അന്നത്തെ വായനക്കാലം ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽപ്പുണ്ട്. കുറേപ്പേർ ഒന്നിച്ചിരുന്നാണ് വായന. ഒരാൾ വായിക്കും. മറ്റുള്ളവർ ശ്രദ്ധിക്കും. മിക്കവാറും വായനക്കാരൻ ഞാനാകും. ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' വായിച്ചത് ഓർമയിൽ തെളിയുന്നു. രാത്രി വായന തുടങ്ങിയതാണ്. ലയിച്ചങ്ങനെ സമയം പോയതറിഞ്ഞില്ല. പുലർച്ചെ പേരമ്മ വിളക്കുമായി വരുമ്പോഴും ഞങ്ങൾ വായനയിൽത്തന്നെ...
സംഗീതകാലം
സ്കൾകാലം കഴിഞ്ഞപ്പോഴേക്കും സംഗീതത്തിലേക്ക് തിരിഞ്ഞു. അപ്പോഴും വായന വിട്ടില്ല. സിനിമയിൽ തിരക്കുള്ളപ്പോഴും ആസ്വദിച്ചുള്ള വായനയ്ക്ക് സമയം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. പാട്ടെഴുത്തിന് ചെന്നൈയിലേക്കൊക്കെ പോകേണ്ടിവരും. എന്നാലും രണ്ടുദിവസത്തെ ഇടവേളയുണ്ടാകുമ്പോൾ പോലും വീട്ടിലേക്കു മടങ്ങാറാണ് പതിവ്. വായനയിലൂടെ തലച്ചോറിൽ ശേഖരിക്കപ്പെട്ടതാണ് എഴുത്തിൽ വരുന്നത്. കടുത്ത വായനയില്ലാത്തൊരാൾക്കും നല്ല എഴുത്തുകാരനാവാൻ കഴിയില്ല.
സിനിമയ്ക്ക് വേണ്ടിയുള്ള എഴുത്തിനെയും വായനയെയും യോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്നത് സാധകം കൊണ്ടാണെന്നു പറയാം.
വായന മാത്രമല്ല, പാട്ടും എഴുത്തിനെ സഹായിക്കും. പി. ഭാസ്കരൻ മാഷുടെ പാട്ടുകേട്ട് ഉന്മേഷം വരാത്ത ഒരെഴുത്തുകാരനുമുണ്ടാവില്ല. ‘മുറപ്പെണ്ണി’ലെ ‘കരയുന്നോ പുഴ...’ എന്ന പാട്ടിലെ വികാരമാണ് ഞാൻ ‘ദേശാടന’ത്തിലെ ‘കളിവീടുറങ്ങിയല്ലോ...’ എന്ന പാട്ടിൽ വരണമെന്നാഗ്രഹിച്ചത്. അത് നന്നായിവരുന്നത് ഒരനുഗ്രഹം.
കവിതയോട്
പക്ഷപാതം
താരാശങ്കറിന്റെ ‘ആരോഗ്യനികേതനം’, സുഗതകുമാരിയുടെയും പി. കുഞ്ഞിരാമൻ നായരുടെയും വൈലോപ്പിള്ളിയുടെയും ജി. ശങ്കരക്കുറുപ്പിന്റെയും കവിതകൾ, എം.ടി. യുടെയും ടി. പത്മനാഭന്റെയും മാധവിക്കുട്ടിയുടെയും വി.കെ.എന്നിന്റെയും ലളിതാംബിക അന്തർജനത്തിന്റെയും കഥകൾ... ഒക്കെ വളരെ ഇഷ്ടമാണ്. ആധുനികരിൽ അയ്യപ്പപ്പണിക്കർ, സച്ചിദാനന്ദൻ എന്നിവരുടെ കവിതകൾ ഏറെയിഷ്ടം. എല്ലാത്തരം പുസ്തകങ്ങളും വായിക്കുന്നുണ്ടെങ്കിലും കവിതയോട് പക്ഷപാതം കൂടുതലുണ്ട്. ജീവിതത്തെ ഒറ്റച്ചെപ്പിലടക്കുന്ന മഹാകഥകൾ കവിതയിലൊതുക്കുന്നു ഇടശ്ശേരിയൊക്കെ.
‘മരിക്കും ഞാൻ നിനക്കായി മംഗളാദർശ ദേവതേ’ (പി. കുഞ്ഞിരാമൻ നായർ),
‘നിരത്തിൽ കാക്ക കൊത്തുന്നു ചത്ത പെണ്ണിന്റെ കണ്ണുകൾ;
മുല ചപ്പി വലിക്കുന്നു നരവർഗ നവാതിഥി’ (അക്കിത്തം),
‘എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെൻ ഹൃദയം നൊന്തിടുകയാ-
ണെങ്ങോ മർദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു’ (എൻ.വി. കൃഷ്ണവാര്യർ)
-മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ചിലവരികൾ....
പണ്ടുതന്നെ വായിച്ച പലതും സാർവലൗകികമായ അനുഭവം നൽകുന്ന രചനകളാണ്. താരാശങ്കർ മുതൽ മാധവിക്കുട്ടി വരെയുള്ളവരുടെ കൃതികളിൽ ഈ അനുഭവം എക്കാലത്തും ഒരേപോലെ ലഭിക്കും.
മോഹിപ്പിക്കുന്ന
എഴുത്ത്
വായനയിൽ ഏറെ മോഹിപ്പിക്കുന്ന ചിലരുണ്ട്. അവരെഴുതുന്നതു പോലെ എനിക്കുമെഴുതാനായെങ്കിൽ എന്ന തോന്നലുണ്ടാക്കുന്നവർ. സുഗതകുമാരിയാണ് അതിൽ പ്രധാനം. എം.ടി. യുടെ കഥകൾ വായിക്കുമ്പോഴും അങ്ങനെ തോന്നും. അത് അനുകരിക്കണമെന്നല്ല തോന്നാറ്്.
അവരുടെ എഴുത്തിലൂടെ ലഭിക്കുന്ന അനുഭവം എന്റെ എഴുത്തിലും അനുഭവിപ്പിക്കാൻ പറ്റിയെങ്കിൽ എന്ന മോഹമാണ്. കുഞ്ഞിരാമൻ നായരുടെയും വൈലോപ്പിള്ളിയുടെയും ശങ്കരക്കുറുപ്പിന്റെയും കവിതകളും ഇങ്ങനെ മോഹിപ്പിക്കാറുണ്ട്.