കേരളത്തിലെ മാർക്കറ്റുകളിൽ വിറ്റഴിക്കപ്പെടുന്ന മത്സ്യങ്ങളിൽ ഏറെയും വരവ് മത്സ്യങ്ങളാണ്. നാടൻ മത്സ്യങ്ങളുടെ ലഭ്യതക്കുറവാണ് വരവ് മത്സ്യങ്ങളെ വിപണിയിലേക്ക് എത്തിച്ചത്. ഒരു നേരമെങ്കിലും അല്പം മീൻചാർ കൂട്ടിയുണ്ണണമെന്ന മലയാളികളുടെ ഭക്ഷണസംസ്‌കാരം നാടൻ പുഴമത്സ്യങ്ങളുടെ അഭാവത്തിൽ വരവ് മത്സ്യക്കച്ചവടക്കാർ ശരിക്കും മുതലാക്കി. ഇതോടെ ആന്ധ്ര, തമിഴ്‌നാട്, കർണാടക തുടങ്ങിയിടങ്ങളിൽ നിന്നുമായി ടൺക്കണക്കിന് മത്സ്യങ്ങൾ കേരളത്തിന്റെ മാർക്കറ്റുകളിലേക്ക് എത്താൻ തുടങ്ങി. ആലുവയിലെ ഉണക്കമീൻ മാർക്കറ്റിൽ മാത്രം ഒന്നിടവിട്ട ദിവസങ്ങളിലായി മൂന്ന് ലോഡ് മീനാണ് എത്തിച്ചേരുന്നത്. ഇവയിൽ കടൽ സ്രാവും വരാലും മാന്തളിർ, നത്തോലി, നങ്ക്, വരാൽ, പരവ, അയല തുടങ്ങിയവയെല്ലാമുണ്ട്. വരവ് മീനുകളിൽ ഏറെ വിറ്റഴിക്കപ്പെടുന്നത് കടൽ സ്രാവും വരാലുമാണ്. 280 രൂപയാണ് ഒരു കിലോ കടൽ സ്രാവിന്റെ വില. വരാലിന് ഇപ്പോഴത്തെ മാർക്കറ്റ് വില 200 രൂപയാണ്. 

പാക്കറ്റിലെത്തുന്ന
ന്യൂജെൻ മീനുകൾ

 10, 20, 50 കിലോ തൂക്കത്തിൽ പെട്ടിയിൽ പായ്ക്ക് ചെയ്തെത്തുന്ന ഉണക്കമീനുകൾ ഒരു മാസത്തെ ഗാരണ്ടിയിൽ വിതരണം ചെയ്യുന്നുണ്ട്. ഗാരണ്ടി ഒരുമാസമാണെങ്കിലും സൂക്ഷിച്ചുെവച്ചാൽ ആറുമാസം വരെ ഉപയോഗിക്കാമെന്നാണ് കച്ചവടക്കാർ പറയുന്നത്. സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി ബഹുവർണ പെട്ടിയിലാക്കിയാണ് ഇത് എത്തുന്നത്. അതത് മീനുകളുടെ പടവും പെട്ടിയിൽ ആലേഖനം ചെയ്തിട്ടുണ്ടാകും. പെട്ടി പാക്ക് മീനുകൾ നമ്മുടെ മാർക്കറ്റുകളിൽ  എത്താൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു. മാർക്കറ്റുകളിൽ മൊത്തമായിട്ടാണ് ഇതിലേറെയും വിറ്റഴിക്കപ്പെടുന്നത്. 10 കിലോയുടെ പെട്ടിക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.
 ചില്ലറ വില്പനെയ്കത്തുന്നവ പഴയരീതിയിൽ വല്ലത്തിലാക്കിയാണ് അധികവും  കൊണ്ടുവരുന്നത്. പച്ചമീനിന്റെ കുടൽ കളഞ്ഞ് ഉപ്പ് ഇട്ട് ചാപ്പയടിച്ചതിന് ശേഷം 50 കിലോ വീതമാക്കി വല്ലംകെട്ടി നേരെ വണ്ടിയിലേക്ക് കയറ്റുകയാണ്. മൂന്ന് ദിവസത്തെ ഓട്ടത്തിനിടയിൽ ഇത് ഉണക്കമീനായി രൂപാന്തരപ്പെടും. 

ഉണക്ക പള്ളത്തി കിട്ടാനില്ല 

ഒരു കാലത്ത് നാട്ടിൻ പുറങ്ങളിലെ നിത്യ കാഴ്ചയായിരുന്ന പള്ളത്തിയെ കണ്ടുകിട്ടാനേയില്ല. പാവങ്ങളുടെ കരിമീൻ എന്നറിയപ്പെടുന്ന പള്ളത്തിയിപ്പോൾ അപൂർവ മത്സ്യങ്ങളുടെ ഗണത്തിലാണ്. മത്സ്യക്കെട്ടുകളിൽ മീൻ പിടിക്കുന്ന സമയത്ത് ആർക്കും വേണ്ടാതെ നിരത്തിൽ ഉപേക്ഷിച്ച്‌ പോയിരുന്ന പള്ളത്തിക്ക് ഇപ്പോൾ വൻ ഡിമാൻഡാണ്. നാടൻ പള്ളത്തി ഉണക്കിയതിന് കിലോയ്ക്ക് 400 രൂപയാണ് വില. ഒരു വട്ടം കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്നത്ര രുചിയുള്ളതുകൊണ്ടാതാണ്,  പള്ളത്തിയെ തേടി മീൻകൊതിയന്മാർ മാർക്കറ്റിലെത്തുന്നത്.

വില്പനയ്ക്ക്  എരിവേറ്റി അച്ചാർ

ഉണക്കമത്സ്യങ്ങൾക്കെന്ന പോലെ ഉണക്കമീൻ കൊണ്ട് തയ്യാറാക്കിയ അച്ചാറുകൾക്കും ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. ഗ്രാമങ്ങളിൽ കുടുംബശ്രീ യൂണീറ്റുകളാണ് ഉണക്കമീൻ അച്ചാറുകൾ ആദ്യം എത്തിച്ചതെങ്കിലും ഇപ്പോൾ ചെറുകിടക്കാരും   ബ്രാൻഡഡ് കമ്പനികളും വരെ ഉണക്കമീൻ അച്ചാറുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്. നഗര-നാട്ടുമ്പുറമെന്ന വ്യത്യാസമില്ലാതെ യഥേഷ്ടമായി ഉണക്കമീൻ അച്ചാറുകൾ വിറ്റഴിക്കപ്പെടുന്നുണ്ട്. 

  കടൽ വരാൽ  വറുത്ത്  പൊടിച്ചത്

 ഇത് രുചികരമായ ഉണക്കമീൻ വിഭവങ്ങളിൽ ഒന്നാണ്. 100 ഗ്രാം പാക്കറ്റിന് 50 രൂപയാണ് വില. ഇതിന് ആവശ്യക്കാർ ഏറെയുള്ളതായി വരാപ്പുഴ മാർക്കറ്റിലെ ഉണക്കമീൻ വ്യാപാരി സാജു പറയുന്നു. 
പരീക്ഷണാർത്ഥം തയ്യാറാക്കി കൊണ്ടുവന്നതാണ് എന്നാൽ, ഇപ്പോൾ റെക്കോഡ് വില്പനയാണ് നടക്കുന്നതെന്നും സാജു പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്നവർ ഉൾപ്പടെ നാട്ടിൽ എത്തി തിരിച്ചു പോകുമ്പോൾ ധാരാളമായി വാങ്ങിക്കൊണ്ടുപോകുന്നുണ്ട്.
 (ചേരുവ - ഉണക്കിയ കടൽ വരാൽ എടുക്കുന്നതിന്റെ പകുതി അളവിൽ (1000 gm. - 500 gm) തേങ്ങ പീര വറുത്തിടണം. കാഷ്മീരി മുളക് പൊടിയും  വേപ്പിലയും ചേർത്ത് വെളിച്ചെണ്ണയിൽ വറുത്ത് പൊടിച്ചെടുക്കണം.)