1952 ഓഗസ്റ്റ് രണ്ടിന് തിരുകൊച്ചി വിദ്യാഭ്യാസ ഡയറക്ടർക്ക് കൊച്ചിയിലെ ജൂതന്മാർ ഒരു നിവേദനം നല്കി. ജൂത പ്രമാണിയും അഭിഭാഷകനുമായിരുന്ന എ.ബി. സേലത്തിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിലെ ആവശ്യം സെപ്റ്റംബറിൽ നടക്കുന്ന പത്താം ക്ലാസ് പരീക്ഷയെഴുതുന്ന മൂന്ന് ജൂത വിദ്യാർഥികൾക്കായി പ്രത്യേകം പരീക്ഷ നടത്തണമെന്നായിരുന്നു.
സെപ്റ്റംബർ 20-നാണ് ചരിത്രം, പൗരധർമം, ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളുടെ പരീക്ഷ. അന്ന് ജൂതന്മാർക്ക് പുതുവർഷാരംഭമാണ്. അതിന്റെ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കേണ്ടതുകൊണ്ട് ഇവർക്ക് പരീക്ഷയെഴുതാൻ കഴിയില്ല. അതുകൊണ്ട്, ഈ പരീക്ഷ (മൂന്നു വിഷയവും ഒറ്റദിവസം ഒരു ചോദ്യപേപ്പറിലാണ് നടത്തിയിരുന്നത്.) ഇവർക്ക് മാത്രമായി മറ്റൊരുദിവസം നടത്തണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം.
എറണാകുളത്തെ ജൂതസമൂഹം ആചാരങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്തതിനാൽ ഈ വിദ്യാർഥികളെ പരീക്ഷയ്ക്ക് വിടില്ല. ഇവർക്കായി പ്രത്യേകം പരീക്ഷ നടത്തിയാൽ അതിനുള്ള ചെലവ് തങ്ങൾ വഹിക്കാമെന്ന ഉറപ്പും അവർ നല്കി. 1902-ൽ താൻ മദ്രാസ് സർവകലാശാലയിൽ പഠിക്കവെ ഇത്തരമൊരാവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് നിവേദനത്തിൽ സേലം ചൂണ്ടിക്കാട്ടി. അന്നത്തെ പ്രസിഡൻസി കോളേജ് പ്രിൻസിപ്പൽ ഡോ. വില്യം മില്ലർ, മദിരാശി പൊതുവിദ്യാഭ്യാസ ഡയറക്ടർ വില്യം സ്റ്റോൺ എന്നിവരടങ്ങിയ സിൻഡിക്കേറ്റ് താനടക്കമുള്ള ജൂത വിദ്യാർഥികൾക്ക് മതാചാരം നിർവഹിക്കാൻ അവധി നൽകി. പ്രസിഡൻസി കോളേജിലെ തത്ത്വശാസ്ത്ര വിഭാഗം തലവൻ ഡോ. സ്വാമിനാഥനായിരുന്നു പരീക്ഷാച്ചുമതല. പ്രത്യേകം പരീക്ഷ നടത്തുമ്പോൾ വരുന്ന ചെലവ് തങ്ങൾ വീട്ടാമെന്ന് ജൂത വിദ്യാർഥികൾ പറഞ്ഞെങ്കിലും സ്വാമിനാഥൻ അത് നിരസിച്ചു. പ്രത്യേക പരീക്ഷാെച്ചലവ് ഗവൺമെന്റ് തന്നെ വഹിച്ചു. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി നടത്തിയ നിവേദനം എന്തായാലും ഫലം കണ്ടു. തിരുകൊച്ചി ഗവണ്മെന്റ് മൂന്നുപേർക്കായി ചെലവ് ഈടാക്കാതെ തന്നെ പ്രത്യേകം പരീക്ഷ നടത്തി.
ജൂത സംസ്കാരവുമായി ബന്ധപ്പെട്ട, മങ്ങിപ്പോയ ഇത്തരം ചരിത്രവസ്തുതകൾ രേഖപ്പെടുത്തിയ ഒരു പ്രസിദ്ധീകരണം കൊച്ചിയിൽ ഉണ്ടായിരുന്നു. ജൂത പ്രമുഖരിൽ ഒരാളായിരുന്ന ഇ. ഏലിയാസ് ഇറക്കിയിരുന്ന ‘പൂമാല’ എന്ന മാസികയാണ് ഭാരതത്തിലെ യഹൂദ ചരിത്രത്തിലേക്ക് അക്കാലത്ത് വെളിച്ചം വീശിയിരുന്നത്. സാഹിത്യവും കലയും സംസ്കാരവുമൊക്കെയായിരുന്നു ‘പൂമാല’ കൈകാര്യം ചെയ്തിരുന്നതെങ്കിലും യഹൂദ ജനതയുടെ ചരിത്രവും ആചാരവുമൊക്കെ ഇതിൽ സവിസ്തരം പ്രതിപാദിച്ചിരുന്നു. എറണാകുളം മാർക്കറ്റ് റോഡിൽ 1960-കളുടെ ആദ്യംവരെ ഈ പ്രസിദ്ധീകരണത്തിന്റെ ആസ്ഥാനമുണ്ടായിരുന്നു.
ഏലിയാസ് പിന്നീട് ഇസ്രയേലിലേക്ക് കുടിയേറിയതോടെ പ്രസിദ്ധീകരണം നിലച്ചു. ഇസ്രയേലിലെ ‘പിറവ്’ ആഘാഷിക്കുന്നതിന്റെ ഭാഗമായി ഏലിയാസ് ഒരു ഇംഗ്ലീഷ് പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയിലെ ജൂതരുടെ ചരിത്രത്തിലേക്ക് കൂടുതൽ കടന്നുചെല്ലുന്ന ‘ജ്യൂഡ് ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിൽ ബോംബെയിലേയും കൊച്ചിയിലെയും ജൂതചരിത്രം വിവരിക്കുന്നുണ്ട്.
സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും ജൂതന്മാർ ഇന്ത്യയ്ക്ക് നൽകിയ സംഭാവനകൾ മുതൽ, ഇസ്രയേൽ രൂപവത്കരണത്തിന് കാരണമായ ‘സിയോണിസ്റ്റ് പ്രസ്ഥാന’ത്തിന്റെ കൊച്ചിയിലെ പ്രവർത്തനങ്ങളെക്കുറിച്ചു വരെ പറയുന്ന, 84 പേജുള്ള പുസ്തകത്തിൽ ഹാരോൾഡ് ലാസ്കി ലണ്ടനിൽ ഗാന്ധി അനുസ്മരണ യോഗത്തിൽ നടത്തിയ പ്രസംഗം വരെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യ ബ്രിട്ടണിൽ നിന്ന് അവകാശപ്പെട്ട സ്വാതന്ത്ര്യം പോരാടി വാങ്ങിയതു പോലെ ജൂത സമൂഹത്തിന് തങ്ങളുടെ പിതൃഭൂമിയിൽ സ്വതന്ത്രരാജ്യം സ്ഥാപിക്കാൻ അവകാശമുണ്ടെന്ന് സമർഥിക്കുന്ന ലാസ്കി, ഒരു വേളയിൽ ജൂതരുടെ ബൗദ്ധിക ശേഷിയെ വിനിയോഗിച്ചാൽ ഇന്ത്യയ്ക്കുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് വാചാലനാകുന്നുമുണ്ട്. പി.എസ്. ഗൗർജേ എന്ന ജൂതൻ ഗാന്ധിജിയെക്കുറിച്ച് എഴുതിയ ഒരു ലേഖനവും ഈ പുസ്തകത്തിലുണ്ട്.
‘ഗാന്ധി ആൻഡ് ദി ജൂസ്’ എന്ന തലക്കെട്ടുള്ള ലേഖനത്തിൽ ഹിറ്റ്ലറുടെ ജൂത വേട്ടയ്ക്കെതിരേ ഗാന്ധി നടത്തിയ പ്രസ്താവനകളും ന്യൂറംബർഗിലെ ചരിത്രപ്രസിദ്ധമായ സിനഗോഗ്, നാസികൾ തീയിട്ടപ്പോൾ ഗാന്ധി അതിനെ അപലപിച്ചതും തുടർന്ന് ഹിറ്റ്ലർക്കെതിരേ അഹിംസാത്മക സമരമുറകൾ അവലംബിക്കാൻ ജർമൻ ജൂതരെ ഉപദേശിക്കുന്നതുമാണ് ഈ ലേഖനത്തിലു
ള്ളത്.
എന്നാൽ, ജൂത വംശജനും ജർമനിയിലെ തത്ത്വശാസ്ത്ര പണ്ഡിതനുമായിരുന്ന െപ്രാഫസർ മാർട്ടിൻ ബബർ ഗാന്ധിജിക്ക് അയച്ച കത്തിൽ, നാസികൾക്ക് മുന്നിൽ അഹിംസാ സിദ്ധാന്തം വിലപ്പോകില്ലെന്ന് മറുപടി നൽകി.
കോച്ചിയിലെ ജൂത സമൂഹത്തിന് പല കാലങ്ങളിലായി രാജാക്കന്മാരിൽ നിന്ന് ലഭിച്ച ചെപ്പേടുകളെക്കുറിച്ചുമുണ്ട് ഇതിൽ ലേഖനം. ഇസ്രായേലിന്റെ സൈനിക ശക്തി ഭാവിയിൽ ഇന്ത്യയ്ക്ക് എങ്ങനെ പ്രയോജനപ്പെടുമെന്ന പ്രവചന സ്വഭാവമുള്ള ലേഖനവും ഉൾക്കൊള്ളുന്ന പുസ്തകം, ഒരുകാലത്ത് കൊച്ചിയിൽ ജൂതന്മാർക്കുണ്ടായിരുന്ന കച്ചവട മേധാവിത്വം വരെ വിവരിക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് വിദൂരദേശത്തേക്ക് ‘ഹുക്ക’ കയറ്റുമതി ചെയ്തിരുന്നത് ഏലിയാവു എന്ന ജൂതനായിരുന്നു.
ഇസ്രയേലിന്റെ ജനനത്തിലേക്കു നയിച്ച ലോക സിയോണിസ്റ്റ് പ്രസ്ഥാനത്തിന് കേളത്തിലും ശാഖയുണ്ടായിരുന്നു. പറവൂരിൽ 1960 ഓഗസ്റ്റിൽ നടന്ന സിയോണിസ്റ്റ് സമ്മേളനത്തിൽ ബോംബെ സിയോണിസ്റ്റ് അസോസിയേഷൻ ചെയർമാൻ എച്ച്. സിനോവിക്സ്, ജനറൽ സെക്രട്ടറി ഡോ. ജെ.എ. നിസ്റ്റ എന്നിവർ പങ്കെടുത്തു. മലബാർ തീരത്ത് വസിക്കുന്ന ജൂതന്മാരെല്ലാം കൊച്ചി ആസ്ഥാനമായുള്ള സംഘടനയുടെ കീഴിലായിരുന്നു. മതബോധനം, റബ്ബി (മതപുരോഹിതൻ) കളുടെ പരിശീലനം, ജൂതരുടെ ഒത്തുചേരൽ തുടങ്ങിയവയായിരുന്നു സംഘടനയുടെ പ്രധാന പ്രവർത്തനങ്ങൾ. എസ്.എസ്. കോഡർ (പ്രസിഡന്റ്), പറവൂർ സ്വദേശിയായ ഏലിയാഹൂ മേയർ (സെക്രട്ടറി), ഇ. ഏലിയാസ് സാമുവൽ, ഇ. കോഡർ, അഡ്വ. റേയ്മണ്ട് സേലം, അഡ്വ. പി.എ. ആരോൺ (കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു ഭാരവാഹികൾ. ‘ഇന്തോ-ഇസ്രയേൽ പബ്ലിക്കേഷൻസ്’ എന്ന ഒരു പ്രസിദ്ധീകരണ സ്ഥാപനം വരെ കൊച്ചിയിലുണ്ടായിരുന്നു. ഹീബ്രുവിലുള്ള പുസ്തകങ്ങളാണ് ഇവിടെ നിന്നിറങ്ങിയിരുന്നത്.
ഹീബ്രുവിലെ
ഭഗവദ്ഗീത
ഭാരതീയ ദർശനങ്ങളുടെ വലിയ ആരാധകരാണ് ജൂതന്മാർ. ഇസ്രയേലിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ഗ്രന്ഥങ്ങളിലൊന്ന് ‘ഭഗവദ്ഗീത’ യാണ്. 1920-കളിൽ ഡോ. ഇമ്മാനുവേൽ ഒൾസ്വഞ്ചർ ആണ് ‘ഭഗവദ്ഗീത’ ജൂതന്മാരുടെ ഔദ്യോഗിക ഭാഷയായ ഹീബ്രുവിലേക്ക് തർജമ ചെയ്തത്.
തർജമ എന്ന ഒറ്റ ലക്ഷ്യത്തിനായി മാത്രം അദ്ദേഹം അഞ്ചുതവണ ഭാരതത്തിലെത്തി. സംസ്കൃതം പഠിച്ച ഒൾസ്വഞ്ചർ കൊച്ചിയിലും വന്നിരുന്നു. യൂറോപ്പിൽ നിന്ന്, ഇസ്രയേൽ രൂപവത്കൃതമായപ്പോൾ അവിടേക്ക് കുടിയേറിയ ഒൾസ്വഞ്ചർ ജൂതനാണ്. ഇസ്രായേലിൽ വെച്ചാണ് ഭഗവദ്ഗീതയുടെ മൊഴിമാറ്റം അദ്ദേഹം നടത്തിയത്.
ഇസ്രയൽ പ്രസിഡന്റ് ഇദ്ദേഹത്തെ ഇതിന്റെ പേരിൽ ആദരിച്ചിട്ടുണ്ട്. ഈ ചടങ്ങിൽ വെച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: ‘‘ഞാൻ ഗീത തർജമ ചെയ്തത് ഒരുൾവിളിയെ തുടർന്നാണ്.
രണ്ട് സംസ്കാരങ്ങൾ തമ്മിൽ ഒരു പാലം പണിയാൻ എനിക്കു കഴിഞ്ഞു.’’