ഇന്ത്യയിലും ഫുട്ബോളോ? ഓസ്ട്രേലിയയിൽ പഠിക്കാനെത്തിയ കൊച്ചിക്കാരൻ ജോൺ ജോസഫ്‌ പതിവായി കേട്ട ചോദ്യമാണിത്. അതിന് ഈ ചെറുപ്പക്കാരൻ മറുപടിപറഞ്ഞത് കാലുകൾ കൊണ്ടാണ്. പതിനാല് ഡിവിഷനുകളുടെ ചവിട്ടുപടികൾ ഓരോന്നായി കളിച്ചുകയറി ഇപ്പോൾ ഓസ്ട്രേലിയയിലെ പ്രമുഖ ടീമുകളിലൊന്നായ ലൈക്കാർഡ് സെയ്ന്റ്സിന്റെ മിഡ്ഫീൽഡർ പൊസിഷനിലെത്തിയിരിക്കുന്നു, ജോൺ. കൊച്ചി ലോകകപ്പ് ഫുട്ബോളിന്റെ ആരവത്തിൽനിറയുമ്പോൾ ജോൺ ഓസ്ട്രേലിയൻ ഫുട്ബോൾ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു

തുടക്കം
2013-ൽ പ്രോജക്ട് മാനേജ്മെന്റിൽ എം.എസ്. കോഴ്സ് ചെയ്യാനാണ് സിഡ്നിയിൽ വന്നിറങ്ങിയത്. ഏഴാം വയസ്സു മുതൽ പന്തുതട്ടിത്തുടങ്ങിയതിനാൽ ആദ്യം അന്വേഷിച്ചത് പഠിക്കാൻ ചേർന്ന യൂണിവേഴ്സിറ്റിയിൽ ഫുട്ബോൾ ടീം ഉണ്ടോയെന്നാണ്. പക്ഷേ, അവിടെ അങ്ങനെയൊന്ന് ഇല്ലായിരുന്നു. എങ്കിലും അന്വേഷണം തുടർന്നു. അങ്ങനെയാണ് കാന്റർബറി സ്പോർട്ടിങ് ക്ലബ്ബിൽ ചേരുന്നത്. ഫുട്ബോളിനെ സ്നേഹിക്കുന്ന സിഡ്നിയിലെ ഒരുകൂട്ടം മലയാളികളുടെ ചങ്ങാതിക്കൂട്ടമാണത്.   ‘‘നാട്ടിലെ കോളേജ് ടൂർണമെൻറുകളിൽ മാത്രം കളിച്ചിട്ടുള്ള എനിക്ക് ലീഗിൽ കളിക്കാനുള്ള ആത്മവിശ്വാസം പകർന്നുതന്നതും അതിനുള്ള അവസരങ്ങൾ ഒരുക്കിയതും ഈ ക്ലബ്ബിലെ കൂട്ടുകാരാണ്. പഠനത്തിന്റെ തിരക്കിനിടയിൽ തടസ്സങ്ങൾ ഓരോന്നായി വരുമ്പോൾ ബിപിൻ ചേട്ടനും ദനോ ചേട്ടനുമൊക്കെയടങ്ങുന്ന വലിയ സംഘം തുണയായി നിന്നു.
 50,000 ഓസ്ട്രേലിയൻ ഡോളറായിരുന്നു കോഴ്സിന്റെ ഫീസ്. അതിന്റെ കൂടെ ഫുട്ബോൾ പഠനത്തിനുള്ള ചെലവ് വേറെ. പഠനത്തിന്റെ ഇടവേളകളിൽ പാർട്ട് ടൈമായി റെസ്റ്റോറന്റുകളുടെ അടുക്കളകളിലും വെയർഹൗസുകളിലും ജോലിചെയ്തും സ്റ്റേഷൻ വൃത്തിയാക്കൽ പോലുള്ള പ്രവൃത്തികളിൽ ഏർപ്പെട്ടുമാണ് കളി പഠിക്കാനുള്ള പണം സ്വരൂപിച്ചത്.

ചോദ്യങ്ങൾ
‘ഇന്ത്യയിൽ ഫുട്ബോളുണ്ടോ?’ സെലക്‌ഷൻ ട്രയലുകളിൽ പങ്കെടുക്കുമ്പോൾ ആദ്യകാലത്ത് കേട്ട സ്ഥിരം ചോദ്യമാണിത്. ഓസ്ട്രേലിയൻ ഫുട്ബോളിൽ ഇന്ത്യക്കാരെന്നല്ല, ഏഷ്യക്കാർ തന്നെ കുറവാണ്. നമ്മുടെ ശരീരപ്രകൃതി തന്നെ ഗ്രൗണ്ടിൽ നമ്മെ വേറിട്ടുനിർത്തും. കുറേ വലിയ മനുഷ്യരുടെ ഇടയിൽ ചെറിയ മനുഷ്യൻ... ഇതാണ് ഗ്രൗണ്ടിൽ എന്റെ അവസ്ഥ. ഇത് പരിമിതികളും സൃഷ്ടിക്കാറുണ്ട്. എന്നാൽ, പ്രതിബന്ധങ്ങളെ മറികടന്ന് ഗോളടിക്കുകയാണല്ലോ ഫുട്ബോളിൽ വേണ്ടത്.’’


തിരഞ്ഞെടുപ്പുകൾ
പലപ്പോഴും നൂറുപേരോളം പങ്കെടുക്കുന്ന ട്രയലുകളിൽ നിന്നാണ് നാലോ അഞ്ചോ പേർ തിരഞ്ഞെടുക്കപ്പെടുന്നത്. ഇത്രയും ആളുകൾക്കിടയിൽ കഴിവുകാട്ടുക എന്നതാണ് പ്രധാനം. വേഗം എന്നത് എനിക്ക് തുണയായി എന്നാണ് വിശ്വസിക്കുന്നത്. സെലക്‌ഷൻ ട്രയൽ ജയിക്കാനായതും അങ്ങനെയാണ് എന്നാണ് കരുതുന്നത്.


ഓസ്‌ട്രേലിയൻ 
സ്റ്റേറ്റ് ലീഗ്

പതിന്നാല് ഡിവിഷനുകളാണ് സ്റ്റേറ്റ് ലീഗിലുള്ളത്. ഓരോ ഡിവിഷനിലെയും മികച്ച താരങ്ങളെയാണ് ഉയർന്ന ഡിവിഷനിൽ കളിക്കാൻ ക്ലബ്ബുകൾ തിരഞ്ഞെടുക്കുന്നത്. ഞാൻ ഇപ്പോൾ കളിക്കുന്നത് ലൈക്കാർഡ് സെയിന്റ്‌സിനുവേണ്ടിയാണ്. സിഡ്‌നി യൂണിവേഴ്‌സിറ്റി ടീമിനുവേണ്ടി കളിക്കുമ്പോഴാണ് ലൈക്കാർഡിന്റെ ഫസ്റ്റ് ഡിവിഷനിലേക്കും പിന്നീട് സ്റ്റേറ്റ് ലീഗിലേക്കും തിരഞ്ഞെടുക്കപ്പെടുന്നത്. 


ലക്ഷ്യം
ഓസ്‌ട്രേലിയൻ എ ലീഗിൽ കളിക്കണം. കടമ്പകളേറെയുണ്ടെങ്കിലും എത്തിപ്പിടിക്കാം എന്നു തന്നെയാണ് വിശ്വാസം.


കുടുംബം
കാക്കനാട് പടമുകളിലാണ് വീട്. അച്ഛൻ ജോസഫ് ആന്റണി കൈലാത്ത്. അമ്മ കാതറീൻ. ഇവരുടെ കണ്ണു വെട്ടിച്ചാണ് നാട്ടിൽ ടൂർണമെന്റുകൾക്ക് പോയിക്കൊണ്ടിരുന്നത്. ജെറൈൻ ആന്റണി ജോസഫ്, സെലസ്റ്റീൻ ജോസഫ്, ടെറിൻ ജോർജ് ജോസഫ് എന്നിവരാണ് സഹോദരങ്ങൾ. ഇവരുടെ കൂടെയാണ് പന്തുതട്ടാൻ പഠിച്ചത്. ഇന്ന് ഈ കഥകളൊക്കെ പറഞ്ഞ് ഞങ്ങൾ ചിരിക്കാറുണ്ട്.