മഞ്ഞുപെയ്യുന്ന തണുത്ത വെളുപ്പാൻകാലത്ത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആ കളിക്കൂട്ടമെത്തി...ടിക്കി ടാക്ക എന്ന കളിയഴകിലൂടെ, ലാ റോജ എന്ന ചെല്ലപ്പേരിലൂടെ ഫുട്‌ബോൾ പ്രേമികളുടെ മനസ്സിൽ കൂടുകൂട്ടിയ സ്പെയിൻ. ഉച്ചവെയിൽ കത്തി നിൽക്കുന്ന അടുത്ത ഫ്രെയിമിൽ അതാ വരുന്നു രണ്ടാമത്തെ കളിക്കൂട്ടം...ഫുട്‌ബോൾ കവിത തുളുമ്പുന്ന ഒരു മധുചഷകമാണെന്ന് ഹൃദയങ്ങളോട് മന്ത്രിക്കുന്ന ബ്രസീൽ. പിന്നാലെ പട്ടാളച്ചിട്ടയുടെ ഇരുമ്പുമറയിൽ ഫുട്‌ബോൾ ഒരു യുദ്ധമാക്കിയ ഉത്തര കൊറിയ. പിന്നെ പട്ടിണിയുടെ കൂട്ടിൽ സ്വപ്നങ്ങളുടെ മൂലധനത്തിൽ വിജയത്തിന്റെ കരുത്ത് അടയാളപ്പെടുത്താൻ കൊതിക്കുന്ന നൈജർ...ലോകകപ്പ് ഫുട്‌ബോളെന്ന രാജകീയ വേദിയിലേക്ക് പന്തു തട്ടാനെത്തുന്ന കളിക്കൂട്ടങ്ങളൊക്കെ ഇതാ നമ്മുടെ കൊച്ചിയിൽ. ഇതുവരെ സ്വപ്നങ്ങളിൽ മാത്രം താലോലിച്ചിരുന്ന ലോകകപ്പ് ഫുട്‌ബോൾ ഇതാ ചരിത്രത്തിലാദ്യമായി നമ്മുടെ മണ്ണിൽ അരങ്ങേറുന്നതിന്റെ അടയാളങ്ങൾ.  
ചൊവ്വാഴ്ച പുലർകാലത്താണ് ഒരു സ്വപ്നം പോലെ കൊച്ചിയുടെ മണ്ണിലേക്ക് ആദ്യത്തെ ലോകകപ്പ് അതിഥിയെത്തിയത്...അബുദാബിയിൽ നിന്ന് ഇത്തിഹാദ് എയർവേയ്‌സിൽ സ്പാനിഷ് കളിക്കൂട്ടം കൊച്ചിയുടെ മണ്ണിലേക്ക് പറന്നിറങ്ങുമ്പോൾ നഗരം തണുപ്പിൽ മൂടിപ്പുതച്ചുറങ്ങുകയായിരുന്നു. 3.08ന് ഷെഡ്യൂൾ ചെയ്തിരുന്ന വിമാനം പത്തുമിനിട്ട് വൈകി 3.18നാണ് കൊച്ചിയുടെ റൺവേയിൽ തൊട്ടത്. 
സ്പാനിഷ് കൗമാരക്കൂട്ടത്തെ കാണാൻ ഒരുപാട് ആരാധകർ വിമാനത്താവളത്തിലെത്തിയിരുന്നില്ലെങ്കിലും ബന്ധുക്കളെ യാത്രയയയ്ക്കാനെത്തിയ ആളുകളൊക്കെ ചുറ്റും കൂടിയതോടെ സ്പാനിഷ് സംഘത്തിന് ഹൃദ്യമായ ഒരു സ്വീകരണം കിട്ടിയ സന്തോഷമായി. സ്പാനിഷ് കളിക്കൂട്ടം പറന്നിറങ്ങിയ പുലർകാലത്തിന് പിന്നാലെ നട്ടുച്ച വെയിലിന്റെ തെളിഞ്ഞ ഫ്രെയിമിലാണ് കാനറി പക്ഷികളുടെ ചിറകടി കാതോരമൊഴുകിയെത്തിയത്. 
മാഞ്ചസ്റ്ററിലും മഞ്ചേരിയിലും ഒരുപോലെ ആരാധകരുള്ള പ്രിയപ്പെട്ട ബ്രസീലിനെ സ്വീകരിക്കാൻ ആർപ്പുവിളികളോടെയാണ് ആരാധകരെത്തിയത്. 
ലോകത്തെവിടെയായാലും ബ്രസീൽ ബ്രസീൽ തന്നെയാണെന്നതിന്റെ സാക്ഷ്യപത്രം. മഞ്ഞപ്പടയുടെ പിന്നാലെ കൊറിയയുടെ കൗമാരക്കൂട്ടമാണ് കൊച്ചിയുടെ മണ്ണിലേക്ക് പറന്നിറങ്ങിയത്. രണ്ടു ടീമുകളെയും ഹോട്ടലിലേക്ക് യാത്രയാക്കിയതിന് പിന്നാലെ കൊച്ചിയിലെ നാലാമത്തെ അതിഥിയായ നൈജറിന്റെ പറന്നിറങ്ങൽ. 
ടീമുകളെല്ലാം വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് നീങ്ങിയതോടെ കൊച്ചിയുടെ ലോകകപ്പിന്റെ പിന്നത്തെ ഫ്രെയിമുകളെല്ലാം തെളിഞ്ഞത് നഗരത്തിലായിരുന്നു. താമസസ്ഥലത്തു നിന്ന്‌ വൈകുന്നേരം ബ്രസീലും സ്പെയിനും നഗരത്തിന്റെ വിവിധ ഇടങ്ങളിലേക്ക് പരിശീലനത്തിനിറങ്ങി. 
ബ്രസീൽ മഹാരാജാസ് കോളേജ് മൈതാനത്തേക്ക് പന്ത് തട്ടാനെത്തിയപ്പോൾ ഫോർട്ടുകൊച്ചിയിലേക്കായിരുന്നു സ്പാനിഷ് കൗമാരക്കൂട്ടത്തിന്റെ യാത്ര. കൊറിയയും നൈജറും പനമ്പിള്ളിനഗർ സ്കൂൾ ഗ്രൗണ്ടിൽ പന്തു തട്ടാനെത്തുമെന്നായിരുന്നു അറിയിപ്പ്‌. അതോടെ നഗരത്തിന്റെ കണ്ണുകൾ കൗതുകത്തോടെ അവരെ കാത്തുനിന്നു. പക്ഷേ അവസാന നിമിഷം ഇരുടീമുകളും പരിശീലനം റദ്ദാക്കി.