കൊച്ചി: ക്ലാസ്മുറിയുടെ നടുവില്‍ കിടപ്പുണ്ട് കറങ്ങുന്നൊരു കസേര. കുട്ടിക്കൂട്ടം കളിച്ചുതിമിര്‍ത്തിരുന്ന ഈ കസേരയ്ക്കിപ്പോള്‍ കൂട്ട് പൊടിയുമായാണ്. ഭിത്തി അലങ്കരിക്കാന്‍ വരച്ചൊട്ടിച്ച ചിത്രങ്ങളില്‍ വരെ കാണാം പൊടിയുടെ കരവിരുത്.
'ഗോള്‍ഡന്‍ കായലോരം' എന്ന വമ്പന്റെ അയല്‍ക്കുട്ടിയായി ശ്രദ്ധ നേടിയ മരട് കണ്ണാടിക്കാട് പുഴയോരത്തെ അങ്കണവാടിയില്‍ പക്ഷേ, കാര്യങ്ങളിപ്പോള്‍ വേറെ 'ലെവലാ'ണ്.
ഒരു പൊളിക്കലിലൂടെ ദേശീയ ശ്രദ്ധയിലേക്ക് വരെയെത്തിയ അങ്കണവാടിയില്‍ സന്ദര്‍ശകരുടെ തിരക്കാണ്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ പൂര്‍വ വിദ്യാര്‍ഥികള്‍ വരെ ക്ഷേമം ചോദിച്ച് എത്തുന്നു.
ഫ്‌ലാറ്റിന്റെ തകര്‍ച്ച കാണാനെത്തുന്നവര്‍ 'ഇവിടെയൊരു അങ്കണവാടിയുണ്ടായിരുന്നില്ലേ...?' എന്നന്വേഷിക്കുന്നു.
ഗോള്‍ഡന്‍ കായലോരവും അങ്കണവാടിയും തമ്മില്‍ ആറ് മീറ്ററില്‍ താഴെയാണ് അകലം. പൊളിക്കല്‍ ഏജന്‍സി അങ്കണവാടിയെ കണ്ടത് സ്‌കൂളായിട്ടാണ്. അതുകൊണ്ട്, പൊളിപ്ലാനില്‍ ഈ കെട്ടിടത്തിന് ഏറെ ശ്രദ്ധ കിട്ടി. 'സ്‌കൂള്‍ അടുത്തുള്ളത് വെല്ലുവിളിയാണ്' എന്ന് പൊളിക്കല്‍ ഏജന്‍സിയായ എഡിഫസ് എന്‍ജിനീയറിങ് പാര്‍ട്ണര്‍ ഉത്കര്‍ഷ് മേത്തയും ജില്ലാ കളക്ടര്‍ എസ്. സുഹാസുമെല്ലാം ആവര്‍ത്തിച്ചിരുന്നു.
ഗോള്‍ഡന്‍ കായലോരം വീണപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ അന്വേഷിച്ചതും അങ്കണവാടിയെക്കുറിച്ചുതന്നെ.
2.30-ന് സ്‌ഫോടനം കഴിഞ്ഞെങ്കിലും വൈകീട്ട് നാലു മണിയോടെയാണ് പുഴയോരം ഭാഗത്തേക്ക് ആളെ കടത്തിവിട്ടത്. ഈ സമയമത്രയും ബാരിക്കേഡിന് പുറത്ത് ശ്വാസമടക്കി കാത്തിരിക്കുകയായിരുന്നു അങ്കണവാടിയിലെ ടീച്ചര്‍ കെ.എ. അശ്വതിയും ഹെല്‍പ്പര്‍ മേരി ലിസിയും.
'എന്തെങ്കിലും പറ്റിയോ എന്നാണ് ഓടിയെത്തി നോക്കിയത്' - അവര്‍ പറയുന്നു. കാര്യമായ പ്രശ്‌നങ്ങളില്ലെങ്കിലും ചില്ലറ പരിക്കുണ്ട് കെട്ടിടത്തിന്. പിറകുവശത്തെ മതില്‍ തകര്‍ന്നു, ചിലയിടത്ത് ജനല്‍ച്ചില്ല് പൊട്ടി, ഒരുവശത്തെ ഭിത്തിക്ക് ചെറിയൊരു പോറലുമുണ്ട്. അകം മുഴുവന്‍ പൊടിയുമാണ്.
മരട് മുനിസിപ്പാലിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശമനുസരിച്ച് വൃത്തിയാക്കല്‍ പൂര്‍ത്തിയാക്കുമെന്ന് സംയോജിത ശിശുവികസന സേവന പദ്ധതിയുടെ (ഐ.സി.ഡി.എസ്.) ചൈല്‍ഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ ലളിതമോള്‍ തോമസ് പറഞ്ഞു. ഇവര്‍ തിങ്കളാഴ്ച പരിശോധന നടത്തി. റിപ്പോര്‍ട്ട് ഉടന്‍ അധികൃതര്‍ക്ക് കൈമാറും.
2001-ലാണ് അങ്കണവാടി തുടങ്ങിയത്. സമീപവാസികളായ 10 കുട്ടികളാണ് ഉണ്ടായിരുന്നത്. ഗോള്‍ഡന്‍ കായലോരത്തില്‍നിന്ന് ഉണ്ടായിരുന്നു രണ്ടുപേര്‍, ജോഹന്ന ഫിലിപ്പും ഹയാരോയും.
'ഫ്‌ലാറ്റില്‍നിന്ന് താമസം മാറ്റുന്നതിനു മുന്‍പേ കുട്ടികളെത്തി യാത്ര പറഞ്ഞു. എല്ലാവരും സങ്കടത്തോടെയാ അവരെ യാത്രയാക്കിയത്...' -അശ്വതി പറഞ്ഞു.
കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റുംവരെ അങ്കണവാടി മറ്റൊരു കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക. 'പൊടി കാരണം കുട്ടികളില്‍ പലര്‍ക്കും ജലദോഷവും പനിയുമൊക്കെയാ... അവരെ ഇവിടേക്ക് കൊണ്ടുവരാന്‍ പറ്റില്ലല്ലോ...' - ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ എന്‍.പി. ശാന്തിനി സ്‌കൂള്‍ മാറ്റത്തിന്റെ കാരണം പറയുന്നു.