maradu
ആദ്യം പൊളിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്ന മരടിലെ ജെയിന്‍ കോറല്‍കോവ്.
സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാന്‍ ദ്വാരങ്ങളിട്ടിരിക്കുന്ന ഭാഗങ്ങളാണ് പൊതിഞ്ഞുവെച്ചിരിക്കുന്നത്

കൊച്ചി: മരടില്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്ന ഫ്‌ളാറ്റുകളില്‍ ആദ്യത്തെതായ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യില്‍ ശനിയാഴ്ച രാവിലെ ആറു മുതല്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങും. ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫിസ് എന്‍ജിനീയറിങ്ങാണ് ഇവിടെ സ്‌ഫോടനം നടത്തുന്നത്. സ്‌ഫോടനത്തിനുള്ള അനുമതി വെള്ളിയാഴ്ച വൈകീട്ട് നല്‍കിയതായി പെട്രോളിയം ആന്‍ഡ് എക്‌സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) െഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഡോ. ആര്‍. വേണുഗോപാല്‍ അറിയിച്ചു.

അപേക്ഷയില്‍ ചില തിരുത്തലുകള്‍ വേണ്ടിവന്നതിനാലാണ് അനുമതി വൈകിയത്. അങ്കമാലിയിലെ സംഭരണശാലയില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാന്‍ ഹോളിഫെയ്ത്തിലേക്ക് വരാന്‍ വെള്ളിയാഴ്ച രാവിലെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, നിറയ്ക്കാന്‍ അനുമതി വൈകിയതിനാല്‍ ഈ ജോലികള്‍ തുടങ്ങിയില്ല. വണ്ടി ഹോളിഫെയ്ത്ത് കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ്. ആല്‍ഫയില്‍ സ്‌ഫോടകവസ്തു നിറയ്ക്കല്‍ ആറിനെ ആരംഭിക്കൂ. രാവിലെ ആറു മുതല്‍ ആറു വരെയാണ് നിറയ്ക്കുന്ന സമയം. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഒഴിപ്പിക്കല്‍ മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ശനിയാഴ്ച വൈകീട്ട് ഏഴിന് യോഗം വിളിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക

ദ്വാരങ്ങളില്‍ സ്‌ഫോടകവസ്തു നിറച്ചു തുടങ്ങുന്നതോടെ ഫ്‌ലാറ്റ് പരിസരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. സമീപത്ത് താമസിക്കുന്നവര്‍ ഭയക്കേണ്ടതില്ല. ഫ്‌ലാറ്റിന്റെ കോമ്പൗണ്ടിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ജോലിക്കാരും ഇതിനുള്ളില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. 200 മീറ്റര്‍ പരിധിയിലുള്ളവരെ ഒഴിപ്പിക്കുമ്പോള്‍ ആല്‍ഫ, ഹോളിഫെയ്ത്ത് ഫ്‌ലാറ്റുകളുടെ സമീപത്തുള്ള ഹോട്ടലിന്റെ പിന്‍ഭാഗവും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് അറിയിച്ചു. ഇതിന്റെ അനക്‌സ് കെട്ടിടം ഒഴിപ്പിക്കും.

കണക്കെടുപ്പ് തുടങ്ങി

ഫ്‌ലാറ്റുകളുടെ 200 മീറ്റര്‍ പരിസരത്തുള്ള വീടുകളില്‍ എത്രപേര്‍ വീതമുണ്ടെന്ന് പോലീസ് കണക്കെടുപ്പ് തുടങ്ങി. മൃഗങ്ങളുടെ എണ്ണവുമെടുക്കുന്നുണ്ട്. കൗണ്‍സിലര്‍മാരെ ബന്ധപ്പെട്ടും നേരിട്ടും പോലീസ് കണക്ക് ശേഖരിക്കും.

ഡ്രോണ്‍ അനുവദിക്കില്ല

പൊളിക്കുന്ന ഫ്‌ലാറ്റുകളുടെ 200 മീറ്റര്‍ പരിധിയില്‍ ഡ്രോണുകള്‍ അനുവദിക്കില്ല. ഉപയോഗിച്ചാല്‍ നടപടിയുണ്ടാകും. സ്‌ഫോടനം കാണാന്‍ ആളുകളെ നിശ്ചിത ദൂരപരിധിയിലെ നിര്‍ത്തൂ. ഇത് എവിടെയൊക്കെയാണെന്ന് പിന്നീടറിയിക്കും.