കൊച്ചി: പാര്‍ക്കിന്‍സണ്‍സ് രോഗം സ്ത്രീകളെക്കാള്‍ കൂടുതലായി പുരുഷന്മാരില്‍ കാണുന്നുവെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. ജയശ്രീ ബെന്‍ മേത്ത. പാര്‍ക്കിന്‍സണ്‍ രോഗബാധിതരായ ആളുകളുടെ എണ്ണം ഭാവിയില്‍ ഉയരാനുള്ള സാധ്യതകളും കൂടുതലാണ്. ഇന്ത്യയില്‍ പാര്‍ക്കിന്‍സണ്‍ രോഗം നഗരപ്രദേശങ്ങളിലെക്കാള്‍ 40 ശതമാനം വരെ ഗ്രാമീണമേഖലകളില്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. പാര്‍ക്കിന്‍സണ്‍ രോഗികളുടെ വ്യക്തമായ കണക്കുകള്‍ തയ്യാറാക്കുന്നതിനായി പാന്‍ ഇന്ത്യ പഠനങ്ങള്‍ നടത്തേണ്ടത് ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പാര്‍ക്കിന്‍സണ്‍ ദിനാചരണത്തോട് അനുബന്ധിച്ച് തുടക്കമിട്ട സഹായ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

അമൃത ആശുപത്രിയിലെ അഞ്ഞൂറ് പാര്‍ക്കിന്‍സണ്‍സ് രോഗബാധിതരെ ചേര്‍ത്താണ് സഹായ ഗ്രൂപ്പ് രൂപവത്കരിച്ചിരിക്കുന്നതെന്നും എന്നാല്‍, രാജ്യത്തെ ഏത് പാര്‍ക്കിന്‍സണ്‍സ് രോഗബാധിതര്‍ക്കും ഇതില്‍ അംഗമാകാമെന്നും അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ന്യൂറോളജി വിഭാഗം മേധാവി ഡോ. അനന്ത്കുമാര്‍ പറഞ്ഞു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഇവര്‍ക്ക് കൗണ്‍സലിങ്ങും ആവശ്യമായ സഹായങ്ങളും പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലോക പാര്‍ക്കിന്‍സണ്‍സ് ദിനത്തോടനുബന്ധിച്ചാണ് ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി.ബി.എസ്.) ശസ്ത്രക്രിയ പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ സഹായകരമാകുമെന്ന് സമ്മേളനത്തില്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി, അമൃത ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍, 'മാതൃഭൂമി' തൃശ്ശൂര്‍ യൂണിറ്റ് ചീഫ് സബ് എഡിറ്റര്‍ ജിജോ സിറിയക്, അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ. കേണല്‍ വിശാല്‍ മര്‍വഹ, ന്യൂറോളജി വിഭാഗം പ്രൊഫസര്‍ ഡോ. റാണി നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഏഷ്യയിലെ ആദ്യ ഡി.ബി.എസ്. ഘടിപ്പിക്കല്‍ ശസ്ത്രക്രിയ നടത്തിയ ഗുരുവായൂര്‍ സ്വദേശി സുബൈര്‍, സുദര്‍ശന്‍ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ സമ്മേളനത്തില്‍ പങ്കുവച്ചു.

എന്താണ് ഡി.ബി.എസ്. ശസ്ത്രക്രിയ
 
ബ്രെയിന്‍ പേസ്‌മേക്കര്‍ എന്നറിയപ്പെടുന്ന ന്യൂറോ സ്റ്റിമുലേറ്റര്‍ രോഗിയുടെ ശരീരത്തില്‍ ഉറപ്പിക്കുന്ന രീതിയാണ് ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി.ബി.എസ്.) ശസ്ത്രക്രിയ. വയറുകള്‍ മുഖേന ഇത് തലയുമായി ബന്ധിപ്പിക്കുകയും തലച്ചോറില്‍ നിന്ന് സന്ദേശങ്ങള്‍ കൃത്യമായി വിനിമയം ചെയ്യാന്‍ ഇത് സഹായിക്കും. ചികിത്സകളോട് കാര്യമായി പ്രതികരിക്കാത്തവരും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്തവരുമായ എഴുപത് വയസ്സ് വരെ പ്രായമുള്ള പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ ഡി.ബി. എസ് സര്‍ജറി നടത്താന്‍ കഴിയും. അഞ്ച് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നവരില്‍ ഈ ചികിത്സാ രീതി പരീക്ഷിക്കാവുന്നതാണ്. നാലോ അഞ്ചോ മണിക്കൂര്‍ മാത്രമാണ് ഈ സര്‍ജറിക്കായി വേണ്ടിവരുന്നത്.