കുറുപ്പംപടി: നൂലേലിച്ചിറയില്‍ മാലിന്യം അടിഞ്ഞുകൂടുന്നത് ചിറയില്‍ പ്രവര്‍ത്തിക്കുന്ന കുടിവെള്ളപദ്ധതിക്ക് ഭീഷണിയായി. കോട്ടപ്പടി പഞ്ചായത്തിലെ പകുതിയോളം പ്രദേശങ്ങളിലും അശമന്നൂര്‍ പഞ്ചായത്തിലെ ഏതാനും ഭാഗത്തും കുടിവെള്ളമെത്തിക്കുന്നത് നൂലേലി പമ്പ്ഹൗസില്‍ നിന്നാണ്. പെരിയാര്‍വാലി കനാലിലൂടെ ഒഴുകിവരുന്ന മാലിന്യമാണ് ഒരേക്കറോളം വിശാലമായ ചിറയില്‍ അടിഞ്ഞുകൂടുന്നത്.

കനാല്‍, ഈ ഭാഗത്ത് ചിറയുമായി ചേര്‍ന്നാണ് ഒഴുകുന്നത്. പ്ലാസ്റ്റിക് ചാക്കുകളിലാക്കി അറവുമാലിന്യമുള്‍പ്പെടെ ആളുകള്‍ കനാലിലേക്ക് തള്ളുന്നത് തടയണമെന്നും ചിറ ശുചീകരിച്ച് കുടിവെള്ളത്തിന് ഭീഷണിയാവുന്ന സാഹചര്യം ഒഴിവാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.