വരാപ്പുഴ: ഇനിയും പണം മാറിക്കിട്ടിയില്ലെങ്കില്‍ കഞ്ഞികുടി മുട്ടും, എന്തും സഹിക്കാന്‍ തയ്യാറായിട്ടാണ് എത്തിയിട്ടുള്ളതെന്ന് ചെറിയപ്പിള്ളി എസ്.ബി.ഐ. ശാഖയിലെത്തിയ 65-കാരി രാജമ്മ. ക്ഷേമ പെന്‍ഷന്‍ തുക കിട്ടിയത് ബാങ്കില്‍ നിക്ഷേപിച്ചതാണ്. എടിഎം കാര്‍ഡില്ല, പണം കിട്ടിയേ മതിയാകൂ. കടം മേടിക്കാമെന്നു വെച്ചാല്‍ ആരുടെയും കൈയിലില്ല. ഉള്ളതാകട്ടെ ആയിരവും അഞ്ഞൂറുമാണ്. ഷുഗറിന്റെ മരുന്നിനുള്ള പണമാണ് ബാങ്കില്‍ കിടക്കുന്നത്. പണം എടുത്തിട്ടുവേണം മരുന്ന് വാങ്ങാന്‍. അതുകൊണ്ടുതന്നെ അതിരാവിലെ ബാങ്കിലെത്തി. എന്നിട്ടും ടോക്കണ്‍ കിട്ടിയത് എണ്‍പതാമത്. ശനിയാഴ്ച ബാങ്കുകളില്‍ നോട്ട് മാറി വാങ്ങാന്‍ എത്തിയവരില്‍ പലരും ഏറെ തയ്യാറെടുപ്പുകളോടെയാണ് എത്തിയത്.
 
ചിലര്‍ കുപ്പിവെള്ളവും മരുന്നും ഉച്ചഭക്ഷണവുമൊക്കെയായാണ് എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ക്യൂവില്‍ നിന്നിട്ടും പണം കിട്ടാതെ മടങ്ങിയവരാണ് ഇവരിലേറെയും. ഇടപാടുകാരെ കൈയിലെടുക്കാന്‍ ചില പൊടിക്കൈകളൊക്കെ ബാങ്കുകളും ഒരുക്കിയിരുന്നു. മണിക്കൂറുകളോളം ബാങ്കിനുള്ളില്‍ ചെലവഴിക്കുന്നവരുടെ ബോറടി മാറ്റാനായി സിനിമയും മ്യൂസിക് പ്രോഗ്രാമുകളും എല്‍സിഡിയിലൂടെ പ്രദര്‍ശിപ്പിച്ച ബാങ്കുകളുമുണ്ട്. ചിലയിടത്ത് വൈഫൈ സൗകര്യം ഒരുക്കിയിരുന്നു. ഇടപാടുകാരായെത്തിയ യുവാക്കള്‍ക്കിത് അനുഗ്രഹമായി. ചിലര്‍ കൊണ്ടുപിടിച്ച ചാറ്റിങ്ങിലായിരുന്നു. ഇതിനിടെ ടോക്കണ്‍ നമ്പര്‍ വിളിച്ചത് കേള്‍ക്കാതെ പോയവരും ഉണ്ട്.

ശനിയാഴ്ച ബാങ്കുകളില്‍ എത്തിയവരില്‍ ഏറെയും സ്ത്രീകളായിരുന്നു. കഴിഞ്ഞ ദിവസം പെട്ടെന്ന് പണം വാങ്ങി പോകാമെന്നു കരുതി എത്തിയവരില്‍ പലര്‍ക്കും ബാങ്കിന്റെ ഷട്ടര്‍ താഴ്ത്തുന്നതുവരെ കാത്തുനില്‍ക്കേണ്ടി വന്നിരുന്നു. ഇത് മുന്‍കൂട്ടി കണ്ട് ബാങ്കുകള്‍ തുറക്കുന്നതിനു മുന്‍പ് തന്നെ നീണ്ട നിരയായിരുന്നു പലയിടത്തും. ഒട്ടുമിക്ക ബാങ്കുകളിലും പണം മാറ്റിയെടുക്കുന്നതിനും ചെക്ക് ഡെപ്പോസിറ്റ് ചെയ്യുന്നതിനും പണം നിക്ഷേപിക്കുന്നതിനും ഒരു ക്യൂ മാത്രമായതും വലച്ചു. കൈക്കുഞ്ഞുങ്ങളുമായി എത്തിയവരാണ് ഏറെയും വലഞ്ഞത്. തിക്കും തിരക്കും ചൂടൂം ഒരുപോലെയായതോടെ ബഹളമയമായിരുന്നു പലയിടത്തും. പുതിയ നോട്ടിന്റെ രൂപഘടനയും പഴയ നോട്ടുകള്‍ അസാധുവാക്കിയതുമൊക്കെ ക്യൂവില്‍ നിന്നവര്‍ ചര്‍ച്ചയാക്കിയതോടെ പലര്‍ക്കും നേരമ്പോക്കുമായി.