വരാപ്പുഴ: കോട്ടുവള്ളി പഞ്ചായത്തിലെ പഴങ്ങാട്ട് വെളിയില്‍ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ഒന്നരമാസം പിന്നിട്ടിട്ടും നേരെയാക്കുന്നില്ല. ജനപ്രതിനിധിയുള്‍പ്പെടെ പ്രദേശത്തുള്ളവര്‍ പലവട്ടം പരാതി വിളിച്ചുപറഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി. കുടിവെള്ളം ഒഴുകി രൂപപ്പെട്ട കുഴിയില്‍ ഒടുവില്‍ നാട്ടുകാര്‍ വാഴനട്ടു.

കോട്ടുവള്ളി - ചെറിയപ്പിള്ളി റോഡില്‍ ഭൂമിക്കടിയിലൂടെ സ്ഥാപിച്ചിട്ടുള്ള പൈപ്പാണ് പൊട്ടിയൊഴുകുന്നത്. പൈപ്പിന്റെ രണ്ടു ഭാഗത്ത് നിന്നും കുടിവെള്ളം ഒഴുകിയെത്താന്‍ തുടങ്ങിയതോടെ റോഡ് ഇടിയുന്ന സ്ഥിതിയായിരിക്കുകയാണ്. കോട്ടുവള്ളി പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ ശുദ്ധജലം പാഴാകുന്നത് പതിവാണ്. പ്രദേശത്തുള്ളവര്‍ എത്ര പരാതി പറഞ്ഞാലും അധികൃതര്‍ക്ക് കുലുക്കമൊന്നുമില്ല.