വരാപ്പുഴ: ഉള്‍നാടന്‍ മത്സ്യ ഉത്പാദനത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്നതിനായി ഒമ്പതംഗ നിയമ സഭാ സമിതി വ്യാഴാഴ്ച രാവിലെ 11ന് കടമക്കുടിയിലെത്തും. മുരളി പെരുന്നെല്ലി എം.എല്‍.എ.യുടെ നേതൃത്വത്തിലെത്തുന്ന സമിതി അംഗങ്ങള്‍ കടമക്കുടി പഞ്ചായത്തിലെ മൂലമ്പിള്ളി, പിഴല, വലിയ കടമക്കുടി എന്നിവിടങ്ങളിലും മുളവുകാട് പ്രദേശത്തും സന്ദര്‍ശനം നടത്തും.
മത്സ്യത്തൊഴിലാളികളും മത്സ്യ കര്‍ഷകരും ഒട്ടേറെയുള്ള പഞ്ചായത്തിനെ 'മത്സ്യഗ്രാമം' ആയി പ്രഖ്യാപിക്കണമെന്ന ആവശ്യം കാലങ്ങളായുള്ളതാണ്. ചീനവലകളും ഊന്നിവലകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവര്‍ ഒെേട്ടറയുള്ള പഞ്ചായത്ത് കൂടിയാണ് കടമക്കുടി.
അടുത്തിടെയായി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത 'കൂടു മത്സ്യകൃഷി' യുടെ പ്രധാന കേന്ദ്രം കൂടിയാണ് കടമക്കുടി ദ്വീപ് സമൂഹങ്ങള്‍.
150-ലധികം കൂടുകളാണ്, ദ്വീപുകളെ വലംവച്ച് പോകുന്ന പെരിയാറിന്റെ കൈവഴികളില്‍ ഒരുക്കിയിട്ടുള്ളത്. 'ജൈവ വൈപ്പിന്‍' പദ്ധതിയുടെ ഭാഗമായി നടന്നിരുന്ന വീരന്‍പുഴ കായലിലെ എക്കല്‍ ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടുന്ന ജോലികള്‍ പാതിവഴിയില്‍ മുടങ്ങിയത് ദ്വീപുകളിലെ മത്സ്യമേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയും ദ്വീപു നിവാസികള്‍ക്കുണ്ട്.
പ്രധാന ഉള്‍നാടന്‍ മത്സ്യമേഖലയില്‍ ഒന്നായ കടമക്കുടിയില്‍ ആ നിലയിലുള്ള ഒരു ഇടപെടല്‍ ഫീഷറീസ് വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന പരാതിയും ദ്വീപ് നിവാസികള്‍ക്കുണ്ട്. ഫിഷറീസ് വകുപ്പിന്റെ ഇംപ്ലിമെന്റ് ഓഫീസറുടെ സേവനം ശരിയായ നിലയില്‍ ലഭ്യമാകാത്തതിനാല്‍ കടമക്കുടിയിലെ മത്സ്യമേഖലയെ പിന്നോട്ടടിപ്പിക്കുന്നതിനും ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടുള്ള ആനുകൂല്യം സമയബന്ധിതമായി ലഭിക്കുന്നതിനും തടസ്സമാകുന്നുണ്ട്.
ഇക്കാര്യവും നിയമസഭാ ഉപസമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് പഞ്ചായത്ത് അധികൃതര്‍.
പഞ്ചായത്തില്‍ മത്സ്യ മാര്‍ക്കറ്റ് സൗകര്യം ഇല്ലാത്തതും ഇവിടത്തെ മത്സ്യമേഖലയെ തളര്‍ത്തുന്നുണ്ട്. സമയബന്ധിതമായി മത്സ്യം വിറ്റഴിക്കുന്നതിനും നല്ലവില ലഭ്യമാകുന്നതിനും ഇത് തടസ്സമാകുന്നുണ്ട്. ഇക്കാര്യത്തിലും അനുഭാവ പൂര്‍വമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദ്വീപ് ജനത. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കടമക്കുടിക്ക് മത്സ്യമാര്‍ക്കറ്റ് സാധ്യമാകണമെങ്കില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കൂടിയേ തീരൂ.
അക്വാ ടൂറിസത്തിന്റെ സാധ്യതകള്‍ വിനിയോഗിക്കുന്നതിനായുള്ള പദ്ധതികള്‍ പഞ്ചായത്തിന് അനുവദിച്ചു കിട്ടുന്നതിനായുള്ള നിവേദനം നിയമസഭാ സമിതി മുമ്പാകെ നല്‍കുമെന്ന് കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു പറഞ്ഞു. മുരളി പെരുന്നെല്ലിയാണ് നിയമസഭാ സമിതി ചെയര്‍മാന്‍.