വരാപ്പുഴ: ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നുമുള്ള മീന്‍കൊതിയന്‍മാര്‍ ചേരാനെല്ലൂരിലെത്തി, മണിക്കൂറുകള്‍ക്കകം വിറ്റത് ടണ്‍ കണക്കിന് മത്സ്യം. ഈജിപ്ഷ്യന്‍ നൈലോട്ടിക്ക (ഗിഫ്റ്റ് ഫിഷ്) മത്സ്യകൃഷി വിളവെടുപ്പ് നടന്ന ചേരാനെല്ലൂരിലെ കൊച്ചിന്‍ ഫിഷ് ഫാമിലാണ് മത്സ്യം വാങ്ങുന്നതിനും കാണുന്നതിനുമായി നിരവധിയാളുകള്‍ എത്തിയത്.
വിളവെടുപ്പ് ഉദ്ഘാടനം കഴിഞ്ഞയുടന്‍ തന്നെ മത്സ്യം വാങ്ങുന്നതിനായി അഭൂതപൂര്‍വമായ തിരക്കായിരുന്നു. വിളവെടുപ്പ് ദിനത്തില്‍ കിലോയ്ക്ക് 250 രൂപയ്ക്കാണ് വില്പന നടത്തിയത്. ഏഴ് സെന്റോളം വരുന്ന സ്ഥലത്ത് മൂന്നര ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാനാകുന്ന കോണ്‍ക്രീറ്റ് ടാങ്കിലണ് മത്സ്യത്തെ വളര്‍ത്തുന്നത്.
25000 മത്സ്യക്കുഞ്ഞുങ്ങളെയാണ് അഞ്ച് മാസം മുന്‍പ് ടാങ്കില്‍ നിക്ഷേപിച്ചത്. നൂതന രീതിയിലുള്ള ഫില്‍ട്ടര്‍ ഉപയോഗിച്ചാണ് ടാങ്കിലെ ജലത്തിന്റെ സംസ്‌കരണം നടത്തുന്നത്. ഫില്‍ട്ടറില്‍ നിന്നും പുറം തള്ളുന്ന വേസ്റ്റ് വാട്ടര്‍ ഉപയോഗിച്ച് പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.
ഹൈബി ഈഡന്‍ എം.എല്‍.എ. വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ് ആദ്യ വില്‍പ്പന നടത്തി. കേരള സര്‍ക്കാരിന്റെ ഫിഷ് ഫാം ഡവലപ്പ്‌മെന്റ് ഏജന്‍സിയുടെ മേല്‍നോട്ടത്തിലും എം.പി.ഇ.ഡി.എ.യുടെ സഹകരണത്തിലുമാണ് ഈജിപ്ഷ്യന്‍ നൈലോട്ടിക്ക മത്സ്യകൃഷി കൊച്ചിന്‍ ഫിഷ് ഫാമില്‍ നടത്തുന്നത്.