വരാപ്പുഴ: മീന്‍ കൊതിയന്‍മാര്‍ക്കും മത്സ്യ കര്‍ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാകുന്നു കടല്‍ കടന്നെത്തിയ ഈജിപ്ഷ്യന്‍ നൈലോട്ടിക്ക. നാടന്‍ പുഴമത്സ്യങ്ങളെ വെല്ലുന്ന രുചിയാണ് ഈജിപ്ഷ്യന്‍ നൈലോട്ടിക്കയെ മത്സ്യക്കൊതിയന്‍മാരുടെ തീന്‍മേശയിലെ ഇഷ്ട വിഭവമാക്കുന്നതെങ്കില്‍, ചുരുങ്ങിയ നാളുകള്‍ക്കകം വിളവെടുക്കാനാകുമെന്നതാണ് മത്സ്യ കര്‍ഷകരെ ഏറെ ആകര്‍ഷിക്കുന്നത്. ഇന്ത്യയില്‍ 'ഗിഫ്റ്റ് ഫിഷ്' എന്ന പേരിലാണിത് അറിയപ്പെടുന്നത്. മലേഷ്യയിലെ വേള്‍ഡ് ഫിഷ് സെന്ററിലെ നൈലോട്ടിക്ക എന്ന മാതൃ മത്സ്യത്തില്‍ നിന്ന് വികസിപ്പിച്ചെടുത്ത ഈജിപ്ഷ്യന്‍ നൈലോട്ടിക്ക ഇപ്പോള്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ സജീവമായി കൃഷി ചെയ്യുന്നുണ്ട്. പത്ത് വര്‍ഷം വരെ ആയുസ്സുണ്ടിതിന്. അഞ്ച് മാസം മുതല്‍ 6 മാസം വരെ വളര്‍ത്തിയാല്‍ വിളവെടുക്കാനാകും എന്നതും ഇതിന്റെ പ്രത്യേകതയാണ്. കേരളത്തില്‍ സമൃദ്ധമായി കാണുന്ന ഫിലോപ്പിയുമായി ഏറെ രൂപ സാദൃശ്യമുള്ള മീനാണിത്. പൂര്‍ണ വളര്‍ച്ചയെത്തിയ മത്സ്യത്തിന് മൂന്നര കിലോ വരെ തൂക്കമുണ്ടാകും. 250-300 രൂപയാണ് കിലോയ്ക്ക് വില. എത്ര വിസ്തൃതമായ ഏരിയയിലും വളര്‍ത്താം. കോണ്‍ക്രീറ്റ് ടാങ്കുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ കൃഷി ചെയ്യാം. പൂര്‍ണമായും ശുദ്ധീകരിച്ച വെള്ളമാണ് കൃഷിക്കനുയോജ്യം. എംപിഇഡിഎ യുടെ കീഴിലുള്ള വിജയവാഡ രാജീവ്ഗാന്ധി അക്വാ കള്‍ച്ചറല്‍ സെന്ററിലാണ് ഇന്ത്യയില്‍ ഈജിപ്ഷ്യന്‍ നൈലോട്ടിക്ക മത്സ്യം വികസിപ്പിച്ചെടുത്തിട്ടുള്ളത്. പ്രത്യേക ട്രീറ്റ്‌മെന്റിലൂടെ ആണ്‍ മീനുകളാക്കിയാണ് ഇന്ത്യയിലെമ്പാടുമുള്ള ലൈസന്‍സികള്‍ക്ക് വിതരണം ചെയ്യുന്നത്. കടുകുമണിയുടെ പകുതി വലിപ്പത്തിലുള്ള കുഞ്ഞുങ്ങളെ 30 ദിവസം പ്രത്യേകം തയ്യാറാക്കിയിട്ടുള്ള നഴ്‌സറിയിലെ പരിചരണത്തിന് ശേഷമാണ് വിതരണത്തിനായി നല്‍കുന്നത്. പൂര്‍ണമായും പാക്കറ്റ് ഭക്ഷണമാണ് ഇതിന് നല്‍കുന്നത്. 26 ശതമാനം മുതല്‍ 42 ശതമാനം വരെ പ്രോട്ടീന്‍ കണ്ടന്റ് അടങ്ങിയിട്ടുള്ള ഭക്ഷണമാണ് നല്‍കുന്നത്.
ഈജിപ്ഷ്യന്‍ നൈലോട്ടിക്ക മത്സ്യകൃഷി നടത്തുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഫാമുകളിലൊന്നാണ് എറണാകുളം ചേരാനെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഫിഷ് ഫാം. മൂന്നര ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന കോണ്‍ക്രീറ്റ് ടാങ്കിലാണ് ഇവിടെ മത്സ്യകൃഷി നടത്തുന്നത്. പ്രകൃതിദത്തമായ ജല ശുദ്ധീകരണത്തിന് സമാനമായ നൂതന രീതിയിലുള്ള ഫില്‍ട്ടറുകള്‍ ഉപയോഗിച്ചാണ് ടാങ്കിലെ വെള്ളത്തിന്റെ സംസ്‌കരണം നടത്തുന്നത്. 25,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുള്ള ഇവിടെ 5 മാസത്തെ വളര്‍ച്ചയെത്തുമ്പോള്‍ 10 ടണ്ണിലേറെ മത്സ്യം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേരള സര്‍ക്കാരിന്റെ ഫിഷ് ഫാം ഡവലപ്‌മെന്റ് ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് കൃഷി. ഇവിടത്തെ മത്സ്യങ്ങളുടെ വിളവെടുപ്പ് ശനിയാഴ്ച വൈകീട്ട് 3 ന് നടക്കും. മത്സ്യങ്ങളുടെ പ്രദര്‍ശനവും വില്പനയും സംഘടിപ്പിച്ചിട്ടുണ്ട്. ജൈവ രീതിയിലുള്ള ഈജിപ്ഷ്യന്‍ നൈലോട്ടിക്ക മത്സ്യകൃഷിക്കാവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും മത്സ്യക്കുഞ്ഞുങ്ങളും ഇവിടെ ലഭ്യമാണെന്ന് മത്സ്യ കര്‍ഷകനായ ജോസഫ് പഴനിലത്ത് പറഞ്ഞു.