വൈപ്പിന്‍: കൊച്ചി തീരക്കടലില്‍ പൂവാലന് ചാകര വീണതോടെ തീരത്ത് ഉത്സവമായി. ചേര്‍ത്തല അന്ധകാരനഴി ഭാഗത്താണ് പൂവാലന് ചെമ്മീന്‍ ചാകര കണ്ടത്. വൈപ്പിനിലെ കാളമുക്ക് ഗോശ്രീപുരം ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ വള്ളങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ എട്ട് ലക്ഷം രൂപയ്ക്കു വരെ ചെമ്മീന്‍ ലഭിച്ചു.
നല്ല വലിയ പൂവാലന് ചെമ്മീനാണ് ലഭിച്ചത്. ചില വള്ളങ്ങള്‍ക്ക് 100 കൊട്ട ചെമ്മീന്‍ വരെ ലഭിച്ചു. കഴിഞ്ഞയാഴ്ച ചെറിയ തോതില്‍ പൂവാലന് ചാകര വീണെങ്കിലും വ്യാപകമായി ചെമ്മീന്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ ഭൂരിഭാഗം വള്ളങ്ങള്‍ക്കും നല്ല രീതിയില്‍ പൂവാലന് ലഭിച്ചു. കിലോയ്ക്ക് 250 രൂപവരെ എത്തിയ ചെമ്മീന്‍ അവസാനമായപ്പോള്‍ വില 150 വരെയെത്തി. ഈ സീസണില്‍ ഇത്രയും ചെമ്മീന്‍ കരയിലെത്തുന്നത് ആദ്യമാണ്.
കച്ചവടക്കാര്‍ക്കും തരകന്മാര്‍ക്കും ഇന്നലെ വിശ്രമില്ലാത്ത പണിയായിരുന്നു. വാങ്ങിക്കൂട്ടിയ ചെമ്മീന്‍ വാഹനങ്ങളില്‍ കൊള്ളാതെ വന്നതോടെ മോശമാകാതിരിക്കാന്‍ ഹാര്‍ബറില്‍ തന്നെ കൂട്ടിയിട്ട് ഐസ് ചെയ്യുകയായിരുന്നു കച്ചവടക്കാര്‍. തുടര്‍ച്ചയായ മഴ കഴിഞ്ഞ് രണ്ട് ദിവസം അല്‍പ്പം തെളിച്ചം കണ്ടപ്പോഴാണ് കടല്‍ കനിഞ്ഞത്. ചെറുവള്ളക്കാര്‍ക്ക് വേളൂരി, ചാള തുടങ്ങിയ പൊടിമീനും ലഭിച്ചു.