വൈപ്പിന്‍ : ഐ.ഒ.സി. പുതുവൈപ്പ് സംഭരണ കേന്ദ്രത്തിനെതിരെയുള്ള ഉപരോധ സമരം മൂന്നാം ദിവസം പിന്നിട്ടപ്പോള്‍ സ്ത്രീകളുടേയും കുട്ടികളുടേയും സക്രിയ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാകുന്നു.
 
ശനിയാഴ്ച ഉദ്യോഗസ്ഥരെ അകത്ത് കയറ്റാനുള്ള ശ്രമം സ്ത്രീകളും കുട്ടികളും ചേര്‍ന്നാണ് തടഞ്ഞത്. ശക്തമായ പോലീസ് കാവലേര്‍പ്പെടുത്തിയ ശേഷമാണ് ഉദ്യോഗസ്ഥരെത്തിയത്. ദിവസം ചെല്ലുന്തോറും സമരത്തിലെ പങ്കാളിത്തം വര്‍ധിക്കുകയാണ്.

വൈകുന്നേരങ്ങളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന പന്തം കൊളുത്തി പ്രകടനം എല്ലാ ദിവസവും പുതുവൈപ്പ് പ്രദേശത്ത് നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തംഗം റോസ്‌മേരി ലോറന്‍സ്, സാബു കെ. വില്യംസ്, മേരി ആന്റണി, ഷീല സെബാസ്റ്റ്യന്‍, എം. ബി. ജയഘോഷ്, മാഗ്ലിന്‍ എന്നിവര്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.