വൈപ്പിന്‍: മത്സ്യബന്ധന മേഖലയിലെ ബോട്ടുജെട്ടി ഫീസ് ക്രമാതീതമായി വര്‍ധിപ്പിച്ച കൊച്ചി തുറമുഖ ട്രസ്റ്റ് നടപടിയില്‍ പരിഹാരത്തിന് മുഖ്യമന്ത്രി ഇടപെട്ടു. ശനിയാഴ്ച എറണാകുളത്ത് ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയെ കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം കെ.ആര്‍. സുഭാഷും മത്സ്യബന്ധന മേഖല സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ പോള്‍ രാജന്‍ മാമ്പിള്ളിയും നേരില്‍ കണ്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാനുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. മത്സ്യമേഖലയ്ക്ക് ദോഷം വരാത്ത രീതിയില്‍ പ്രശ്‌നം തീര്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പോര്‍ട്ടിന്റെ സുരക്ഷയും ലൈസന്‍സ് ഫീസ് വര്‍ധനയും തമ്മില്‍ കൂട്ടിക്കുഴയ്ക്കാനാവില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ചര്‍ച്ചകളിലൂടെ മത്സ്യമേഖലയുടെ ആശങ്ക അകറ്റാന്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
കാലാനുസൃതമായ വര്‍ധന അംഗീകരിക്കാന്‍ തയ്യാറാണെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. ഫീസ് വര്‍ധനയ്ക്ക് കാരണമായി പോര്‍ട്ട് ട്രസ്റ്റ് രണ്ട് കാരണങ്ങളാണ് പറയുന്നത്. അനിയന്ത്രിതമായി മത്സ്യബന്ധന യാനങ്ങള്‍ കയറിയിറങ്ങുന്നത് പോര്‍ട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നതാണ് ഒരു കാര്യം. കോസ്റ്റല്‍ പോലീസ്, മറൈന്‍ പോലീസ്, ലോക്കല്‍ പോലീസ്, നേവി, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവ ശക്തമായി രംഗത്തുള്ളപ്പോള്‍ ഈ വാദം ന്യായീകരിക്കത്തക്കതല്ലെന്ന് സമര സമിതി പറയുന്നു. പോര്‍ട്ടിന്റെ കീഴിലുള്ള തോപ്പുംപടി ഹാര്‍ബറില്‍ കൂടുതല്‍ മത്സ്യബന്ധന യാനങ്ങള്‍ എത്തിക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം. തോപ്പുംപടി ഹാര്‍ബര്‍ നവീകരിക്കാന്‍ പോര്‍ട്ട് പണം ചെലവാക്കിയിട്ടില്ലെന്നാണ് സമര സമിതിയുടെ വാദം. കേന്ദ്ര കൃഷിമന്ത്രാലയം എം.പി.ഇ.ഡി.എ. ക്ക് നല്‍കിയ ഫണ്ടും എം.പി. ഫണ്ടും ഉപയോഗിച്ചാണ് ഹാര്‍ബര്‍ വികസനം നടത്തിയതെന്നും സമിതി ചൂണ്ടിക്കാട്ടി. വൈപ്പിനിലെ മത്സ്യമേഖലയെ നിലനിര്‍ത്താന്‍ ശക്തമായി സമിതി രംഗത്തുണ്ടാകുമെന്ന് ചെയര്‍മാന്‍ സി.കെ. ആന്റപ്പന്‍, ജനറല്‍ കണ്‍വീനര്‍ പി.ആര്‍. മുരളി എന്നിവര്‍ പറഞ്ഞു.