വൈപ്പിന്‍ : നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ മൂന്ന് ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മുനമ്പത്ത് നിന്ന് പിടികൂടി. പെലാജിക് വല ഉപയോഗിച്ച സെയ്ന്റ് ജൂഡ്, ലൈസന്‍സ് ഇല്ലാത്ത മാലിക്, ലൈസന്‍സ് പുതുക്കാത്ത സുല്‍ത്താന്‍ 2 എന്നീ ബോട്ടുകളാണ് കസ്റ്റഡിയില്‍ എടുത്തത്. ബോട്ടുകളിലെ മത്സ്യ ലേലം ചെയ്ത ഇനത്തില്‍ 89,500 രൂപയും പിഴയായി 1,61,000 രൂപയും സര്‍ക്കാരിലേക്ക് അടച്ചു. അസി. ഡയറക്ടര്‍ എസ്. ഐ. രാജീവ്, സി.ഐ. കെ.ജി. ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രാത്രി പട്രോളിങ്.

പുതുതായി രജിസ്‌ട്രേഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ബോട്ടുകള്‍ 15നകം പരിശോധനയ്ക്കായി ഹാജരാക്കണമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു. ലൈസന്‍സ് പുതുക്കാത്തവ 20നകം പുതുക്കണം. അതിനു ശേഷം കര്‍ശന നടപടിയുണ്ടാകുമെന്നും അസി. ഡയറക്ടര്‍ പറഞ്ഞു.