വൈപ്പിന്‍: പെലാജിക് ട്രോളിങ് നടത്തുന്ന ബോട്ടുകള്‍ക്കെതിരെ ഫിഷറീസ് വകുപ്പിന്റെ കര്‍ശന നടപടികള്‍ തുടരുന്നു. ദൈവപുത്രന്‍, ജോയല്‍ എന്നീ രണ്ട് ബോട്ടുകളാണ് മുനമ്പത്ത് നിന്ന് ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് പിടികൂടിയത്. പള്ളിപ്പുറം സ്വദേശി ഷാലിയുടെയും മൂത്തകുന്നം സ്വദേശി ബീന ജോഷിയുടെയുമാണ് ബോട്ടുകള്‍.

രണ്ടു ബോട്ടുകളും പെലാജിക് വലയും മത്സ്യവുമുള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്‍ പരിസരത്ത് എത്തിച്ചു. ബോട്ടുകള്‍ക്ക് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി. രണ്ട് ബോട്ടുകളിലുമുണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് 4,07,000 രൂപ സര്‍ക്കാരിലേക്ക് അടയ്ക്കുകയും ചെയ്തു.

കിലോമീറ്ററുകള്‍ നീളവും ഏകദേശം 250 മീറ്റര്‍ വായ ദൈര്‍ഘ്യവുമുള്ള വല രണ്ട് ട്രോളിങ് ബോട്ടുകള്‍ ചേര്‍ന്നാണ് വലിക്കുക. വലിക്കപ്പെടുന്ന കടല്‍പ്രദേശത്തെ എല്ലാ സമുദ്രജീവികളും വലയില്‍ കുടുങ്ങുകയാണ് പതിവ്. വിലകൂടിയതും വിപണിയില്‍ ആവശ്യക്കാരേറെയുള്ളതുമായ മത്സ്യം മാത്രമാണ് കരയ്‌ക്കെത്തിക്കുക. ശേഷിക്കുന്നവ കടലില്‍ തന്നെ തള്ളും.

മുനമ്പം മത്സ്യബന്ധന തുറമുഖത്ത് പ്രവര്‍ത്തിക്കുന്ന ചില ബോട്ടുകള്‍ അനധികൃത മത്സ്യബന്ധനം നടത്തുന്നത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയതായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ രാജീവ് എസ്.ഐ. പറഞ്ഞു.

പെലാജിക് വലകള്‍ ബോട്ടുടമകള്‍ തന്നെ തുറമുഖത്തെത്തുന്നതിന് മുമ്പ് പല കഷണങ്ങളാക്കി കടലില്‍ ഉപേക്ഷിക്കുന്നുണ്ടെന്നും അസി. ഡയറക്ടര്‍ പറഞ്ഞു. തീരക്കടലില്‍ അടിഞ്ഞുകൂടുന്ന ഇത്തരം അവശിഷ്ടങ്ങള്‍ മത്സ്യസങ്കേതങ്ങളെയും പ്രജനനത്തേയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.