വൈപ്പിന്‍: ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ ധാരാളമായി കണ്ട ചാള, അയല കുഞ്ഞുങ്ങളെ ബോട്ടുകാര്‍ നശിപ്പിക്കുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പരാതി. 12 നോട്ടിക്കല്‍ മൈലിനപ്പുറം ഇത്തരം മത്സ്യം ചത്ത നിലയില്‍ വ്യാപകമായി കടലിലുള്ളതായി കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി എറണാകുളം ജില്ല സെക്രട്ടറി പി.വി. ജയന്‍ പറഞ്ഞു.

പൈട്ടന്ന് ഉടഞ്ഞുപോകുന്ന മീനുകളെല്ലാം കോരിക്കളഞ്ഞ് കണവ, കൂന്തല്‍, വന്‍ മീനുകള്‍ എന്നിവ മാത്രമാണ് വില്‍ക്കാന്‍ എടുത്തിടുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന മീനുകളാണ് ഇത്തരത്തില്‍ നശിപ്പിക്കപ്പെടുന്നത്. നിരോധിച്ച പെലാജിക് വല ഉപയോഗിച്ച് പെയര്‍ ട്രോളിങ് നടത്തിയാണ് ഇത്തരം മീനുകള്‍ കുരുങ്ങുന്നത്. 12 നോട്ടിക്കല്‍ മൈലിനപ്പുറം ഇടപെടാന്‍ കഴിയില്ലെന്ന നിലപാടാണ് ഫിഷറീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.

എന്നാല്‍ ഈ ആരോപണം ബോട്ടുടമകള്‍ തള്ളിക്കളഞ്ഞു. ബോട്ടുകള്‍ക്ക് എത്ര മത്സ്യം ശേഖരിക്കാനും സൗകര്യമുള്ളപ്പോള്‍ വിപണിയില്‍ നല്ല വിലയുള്ള മത്സ്യം നശിപ്പിക്കേണ്ടി വരില്ലെന്ന് അവര്‍ പറയുന്നു. ചാള ലക്ഷ്യം വച്ചുള്ള വലകള്‍ ഉപയോഗിക്കുന്നത് വള്ളങ്ങളാണ്. ഇവര്‍ക്ക് സംഭരിക്കുന്നതിനും പരിമിതികളുണ്ട്. ഇതുമൂലം വള്ളക്കാരാണ് ഒഴുക്കിവിടുന്നതെന്ന് ബോട്ടുടമകളും പറയുന്നു.