വൈപ്പിന്‍ : ഒന്നരമാസത്തെ ഇടവേളക്ക് ശേഷം കടലില്‍ പോയ ബോട്ടുകള്‍ക്ക് വല നിറയെ മത്സ്യം കിട്ടി. ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ കടലില്‍ പോയ ബോട്ടുകള്‍ പലതും തിരിച്ചെത്തുന്നത് ദിവസങ്ങള്‍ക്ക് ശേഷമാണ്. കണവ, കൂന്തല്‍, കിനാവള്ളി, കിളിമീന്‍ തുടങ്ങിയവയുമായാണ് ബോട്ടുകളെത്തിയത്. ഇതോടെ ഹാര്‍ബറുകള്‍ ഉത്സവലഹരിയിലായി. പല ബോട്ടുകള്‍ക്കും മൂന്നുലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം രൂപയ്ക്ക് വരെയുള്ള മീന്‍ കിട്ടി.

കാളമുക്ക് ഹാര്‍ബറില്‍ തിങ്കളാഴ്ച 30 ബോട്ടുകളാണ് അടുത്തത്. ഇരട്ടിയോളം ബോട്ടുകള്‍ മുനമ്പം ഹാര്‍ബറിലും എത്തി. കണവയ്ക്കാണ് നല്ല വില കിട്ടിയത്. വലിയതിന് കിലോയ്ക്ക് 300നും 360 നും ഇടയില്‍ വില ലഭിച്ചു. കൂന്തല്‍ ചെറിയ ഇനമായതിനാല്‍ വില കുറവായിരുന്നു. അതേസമയം കിളിമീന്‍ കുറവായതിനാല്‍ ആവശ്യക്കാരേറി. ചെറിയതിന് കിലോയ്ക്ക് 30 രൂപ മുതല്‍ 60 രൂപ വരെ വില കിട്ടി. വലുതിനു 120 രൂപയോളം വിലവന്നു.

ആദ്യദിനങ്ങളില്‍ കിട്ടിയ കരിക്കാടി ചെമ്മീന്റെ ലഭ്യത കുറഞ്ഞു. ബോട്ടുകള്‍ എത്തിത്തുടങ്ങിയതോടെ ഹാര്‍ബറുകളും അനുബന്ധ മേഖലകളും സക്രിയമായി.