വൈപ്പിന്‍: തങ്ങളുടെ തന്നെ സ്വകാര്യ ദുഃഖങ്ങളും സമൂഹത്തിന് തങ്ങളോടുള്ള കാഴ്ചപ്പാടുകളും ഒക്കെ ചേര്‍ത്തിണക്കിയ ചവിട്ടുനാടകം അരങ്ങില്‍ അവതരിപ്പിച്ച് വാടേല്‍ കരുണ സ്‌പെഷ്യല്‍ സ്‌കൂളിലെ 15 കുട്ടികള്‍ ഹൃദയങ്ങള്‍ കീഴടക്കി. ബുധനാഴ്ച നടന്ന സ്‌കൂള്‍ വാര്‍ഷികത്തിനാണ് ഭിന്നശേഷിക്കാരായ സുമയും അസീതയും റോഷനും അശ്വതിയുമൊക്കെ അരങ്ങിലെത്തിയത്.
 
'ദൈവത്തിനൊരു പൂവ്' എന്ന പേരില്‍ 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ചവിട്ടുനാടകമാണ് ഇവര്‍ അവതരിപ്പിച്ചത്. പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്ത കലാഭവനിലെ അലക്‌സ് താളൂപ്പാടത്ത്, സഹായി സനല്‍ വിന്‍സന്റ് എന്നിവര്‍ ചേര്‍ന്ന് പരിശീലനം നല്‍കി. വൈപ്പിന്‍കരയുടെ ചരിത്രത്തില്‍ നിന്നാരംഭിച്ച് സ്‌കൂളില്‍ നിന്നു ലഭിക്കുന്ന കാരുണ്യസ്​പര്‍ശവും സര്‍ക്കാര്‍ സഹായവുമൊക്കെ ചവിട്ടുനാടകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സ്‌കൂള്‍ വാര്‍ഷികം എസ്. ശര്‍മ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വാടേല്‍ പള്ളി വികാരി ഡോ. ആന്റണി തോപ്പില്‍ അധ്യക്ഷനായി. അല്‍ഫോണ്‍സ് ജോസഫ്, ഫാ. ക്രിസ്റ്റി ഡേവിഡ് പത്യാല, പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു, അനിത തോമസ്, മാനേജര്‍ സിസ്റ്റര്‍ വിയോള, ബിന്‍ഷ ഷനോജ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിമല്‍ ഗ്രേയ്‌സ് സ്വാഗതവും പി.ടി.എ. പ്രസിഡന്റ് എം.വി. ബെന്നി നന്ദിയും പറഞ്ഞു.