വൈപ്പിന്‍: മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം ഉടന്‍ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. എസ്. ശര്‍മ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വനാവകാശ നിയമത്തില്‍ കാട് ആദിവാസികള്‍ക്കെന്ന പോലെ മത്സ്യത്തൊഴിലാളികളുടെ ആവാസ സ്ഥലം കടലോരവും കായലോരവുമാണെന്ന് സബ്മിഷന്‍ അവതരിപ്പിച്ചു കൊണ്ട് ശര്‍മ പറഞ്ഞു.

സി.ആര്‍.ഇസഡ്. നിയമത്തിലെ വിവിധ ചട്ടങ്ങള്‍ മൂലം തൊഴിലും ജീവിതവും സംരക്ഷിച്ചു മുന്നോട്ടുനീങ്ങാന്‍ കഴിയാത്ത വിധം കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം പ്രതിസന്ധി നേരിടുകയാണ്. ഇക്കാര്യം നിരവധി തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളതായും ഇക്കാര്യം പരിശോധിക്കുന്നതിന് കേന്ദ്രം ഡോ. ഷൈലേഷ് നായിക്കിന്റെ നേതൃത്വത്തില്‍ സമിതി രൂപവത്കരിച്ചതായും മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല. കേരളത്തിന്റെ ആവശ്യത്തോട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എം.പി.മാരും യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തീരദേശ പരിപാലന ചട്ടങ്ങളില്‍ നിന്ന് കേരള തീരത്തെ പൂര്‍ണമായും ഒഴിവാക്കിയില്ലെങ്കില്‍ പോലും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.