വൈപ്പിന്‍: കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാറിന്റെ അവസാനനാളുകളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഓഷ്യനേറിയം വീണ്ടും പരിഗണിക്കുന്നു. ആഗോള ടെന്‍ഡര്‍ ക്ഷണിക്കുന്നിടം വരെ കാര്യങ്ങള്‍ എത്തിയതാണ്.
എന്നാല്‍ യുഡിഎഫ് ഭരണകാലത്ത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയില്ല.
ഇതിനിടെ പദ്ധതി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ആലോചന മാത്രമാണ് നടന്നത്.
അന്ന് ഫിഷറീസ് മന്ത്രിയായിരുന്ന എസ്. ശര്‍മ എംഎല്‍എ ഇക്കാര്യം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി ഉന്നതതല യോഗം വിളിച്ചുകൂട്ടി. ഓഷ്യനേറിയം പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ആഗോള ടെന്‍ഡര്‍ നടപടികള്‍ക്ക് തുടക്കംകുറിക്കാന്‍ യോഗം തീരുമാനിച്ചു.
പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ടുണ്ടായ തടസ്സങ്ങള്‍ നീക്കുന്നതിനും യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കിറ്റ്‌കോയെ ചുമതലപ്പെടുത്തും. പദ്ധതിക്ക് ആവശ്യമായ പ്രാഥമിക ഫണ്ട് അനുവദിക്കും. മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എസ്. ശര്‍മ എം.എല്‍.എ., മത്സ്യഫെഡ് ചെയര്‍മാന്‍, ഫിഷറീസ് വകുപ്പ് സെക്രട്ടറി, മത്സ്യഫെഡ് എംഡി, അഡാക് എംഡി, ഫിഷറീസ് ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.