വൈപ്പിന്‍: തീരക്കടലില്‍ വന്‍ തോതില്‍ പൂവാലന്‍ ചെമ്മീനിന്റെ സാന്നിധ്യം കണ്ടതോടെ തീരത്ത് ഉത്സവമേളം. ചൊവ്വാഴ്ച രാവിലെ കാളമുക്ക് ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളങ്ങള്‍ നിറയെ പൂവാലന്‍ ചെമ്മീനുമായാണ് തിരിച്ചെത്തിയത്. വള്ളങ്ങള്‍ക്ക് ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ലഭിച്ചു. അതേസമയം രാവിലെ തീരക്കടലില്‍ മത്സ്യബന്ധനത്തിനു പോയ ചെറിയ വള്ളങ്ങള്‍ക്ക് നിറയെ നത്തോലി ലഭിച്ചു. ഒരു ലക്ഷം രൂപയ്ക്ക് വരെ നത്തോലി ലഭിച്ച വള്ളങ്ങളുണ്ട്.
തിങ്കളാഴ്ച നാരന്‍ ചെമ്മീനിന്റെ ഊഴമായിരുന്നു. മിക്ക വള്ളങ്ങള്‍ക്കും രണ്ട് മുതല്‍ നാല് ലക്ഷം രൂപയ്ക്കുള്ള നാരന്‍ ചെമ്മീന്‍ ലഭിക്കുകയുണ്ടായി. ചൊവ്വാഴ്ച ഉച്ചയോടെ ചെല്ലാനം, അര്‍ത്തുങ്കല്‍ ഭാഗത്ത് പടിഞ്ഞാറ് കണ്ടാണ് പൂവാലന്‍ ചെമ്മീന്‍ ചാകര കണ്ടത്. ഹാര്‍ബറില്‍ കിലോയ്ക്ക് 180 മുതല്‍ 240 രൂപ വരെ വില ലഭിച്ചു. അതേസമയം തിങ്കളാഴ്ച വ്യാപകമായി കണ്ട നാരന്‍ ചെമ്മീന്‍ ചൊവ്വാഴ്ച കാര്യമായി കണ്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
കാലവര്‍ഷം കനത്തതാണ് കടലമ്മ കനിയാന്‍ കാരണമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. മൂന്നാഴ്ചത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാകരയുടെ സാന്നിധ്യം തീരത്ത് പ്രത്യക്ഷപ്പെട്ടത്. ഇതോടെ വള്ളങ്ങള്‍ അടുക്കുന്ന കാളമുക്ക് ഗോശ്രീപുരം ഹാര്‍ബറിനും അനുബന്ധ മേഖലയ്ക്കും വന്‍ ഉണര്‍വായി.
തുടക്കത്തില്‍ രണ്ട് ദിവസം പൂവാലനും ഒരു ദിവസം അയലയും മറ്റൊരു ദിവസം വേളൂരിയും സാമാന്യം തരക്കേടില്ലാതെ ലഭിച്ചതൊഴിച്ചാല്‍ ഈ സീസണില്‍ ചൊവ്വാഴ്ചയാണ് ഹാര്‍ബര്‍ സജീവമായത്.