തൃപ്പൂണിത്തുറ: എല്ലാ ടോളുകളും തട്ടിപ്പാണ്. വെട്ടിപ്പാണ്. കോണ്‍ട്രാക്ടര്‍മാര്‍ക്കും അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കും പണം പിരിച്ചെടുക്കാനുള്ള തട്ടിപ്പ് പരിപാടിയാണിതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

അതുകൊണ്ട് സര്‍ക്കാര്‍ ടോളിന് എതിരാണ്. എരൂര്‍ മാത്തൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനം നികുതി കൊടുത്താണ് ജീവിക്കുന്നത്. നികുതി കൊടുത്തശേഷം സര്‍ക്കാരിന്റെ മരാമത്തുപണികള്‍ക്ക് വീണ്ടും നികുതി വാങ്ങുന്നത് ധാര്‍മികമല്ല.
 
കഴിഞ്ഞ അഞ്ചുവര്‍ഷം 25,000 കോടി രൂപയുടെ പണം റോഡിലോ, പാലത്തിലോ വീണിട്ടേ ഇല്ല. അത് കോണ്‍ട്രാക്ടര്‍മാരും അഴിമതിക്കാരായ രാഷ്ട്രീയക്കാരും വീതിച്ച് കൊണ്ടുപോയി. അഴിമതിക്ക് ഒരു കുറവ് വരണം. നിയമനത്തിന് പൈസ വാങ്ങുക. സ്ഥലം മാറ്റത്തിന് പൈസ വാങ്ങുക. 200 കോടി രൂപയാണ് ഒരു വര്‍ഷം പി.ഡബ്ല്യു.ഡി.യില്‍ ഇങ്ങനെ കൈക്കൂലി വാങ്ങുന്നത്.

ദുര്‍ച്ചെലവ് അവസാനിപ്പിക്കാനാണ് അധികാരത്തില്‍ വരുന്നത്. ഈ സര്‍ക്കാര്‍ വന്നിട്ട് ഏഴ് മാസമേ ആയിട്ടുള്ളൂ. സ്​പീഡ് കുറവാണെന്ന് തോന്നേണ്ട. സ്​പീഡുണ്ടോ എന്നതല്ല, കാര്യങ്ങള്‍ സാധാരണക്കാരന് വേണ്ടി നടക്കുന്നുണ്ടോ എന്നതാണ് പ്രധാനം. ഏത് സര്‍ക്കാര്‍ നല്ലകാര്യം ചെയ്താലും അത് അംഗീകരിക്കണം. തെറ്റ് കണ്ടാല്‍ വിമര്‍ശിക്കണം. പയ്യെ തിന്നാല്‍ പനയും തിന്നാം. അതാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത് - ജി. സുധാകരന്‍ പറഞ്ഞു.