തൃപ്പൂണിത്തുറ: പോളപ്പായല്‍ ശല്യം മൂലം വഞ്ചി പോലും പുഴയില്‍ ഇറക്കാന്‍ പറ്റാതെ ജീവിതം ദുരിതത്തിലായ മത്സ്യ-കക്ക വാരല്‍ തൊഴിലാളികള്‍ ചേര്‍ന്ന് പുഴയില്‍ താത്കാലിക തടയണ കെട്ടിത്തുടങ്ങി. ചമ്പക്കര പുഴയുടെ തെക്കുഭാഗത്തേക്ക് പോളപ്പായല്‍ വരുന്നത് തടയാനാണ് തടയണ കെട്ടുന്നത്.
പോളപ്പായല്‍ മൂലം എരൂര്‍ പെരീക്കാട്, കടക്കോടം, ചക്കാലപ്പറമ്പ്, കുന്നറ തുടങ്ങിയ ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും കക്ക വാരല്‍ തൊഴിലാളികള്‍ക്കും വര്‍ഷകാലത്ത് പുഴയില്‍ വഞ്ചി ഇറക്കാന്‍ പറ്റാറില്ല. ഇതിനാല്‍ മത്സ്യബന്ധനവും കക്ക വാരലും മുടങ്ങാറുണ്ട്.
തൃപ്പൂണിത്തുറ നഗരസഭയുടെ സഹകരണത്തോടെയാണ് തടയണ കെട്ടുന്നത്. ഇതിന്റെ ആദ്യ കുറ്റിവയ്ക്കല്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ഒ.വി. സലിം, കൗണ്‍സിലര്‍ കെ.എം. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
മുന്‍കാലങ്ങളില്‍ ചമ്പക്കര വള്ളംകളിക്ക് പുഴയില്‍ ട്രാക്ക് തുറക്കാറുള്ള കുറ്റിക്കളും മുളകളുമാണ് വള്ളംകളിക്കു ശേഷം പോളപ്പായല്‍ തടയാന്‍ വേണ്ടി മത്സ്യ-കക്ക വാരല്‍ തൊഴിലാളികള്‍ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം വള്ളംകളി നടന്നതുമില്ല.