തോപ്പുംപടി: കടലില്‍ നിന്ന് ചെറുമീനുകള്‍ (മത്സ്യക്കുഞ്ഞുങ്ങള്‍) പിടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം തീര മേഖലയില്‍ സംഘര്‍ഷത്തിന് വഴിതുറക്കുന്നു.
മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് നിരോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് നാലുമാസം മുമ്പാണ്. മീന്‍ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലായില്‍ ജില്ലാ കളക്ടറേറ്റില്‍ എ.ഡി.എം. പത്മകുമാറിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ചെറുമീന്‍ പിടിത്തം നിര്‍ത്തിവെയ്ക്കാന്‍ ബോട്ടുടമകളും തൊഴിലാളി സമൂഹവും തീരുമാനിച്ചത്. സ്വയം അച്ചടക്കം പാലിച്ച് മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ധാരണയായത്. ചെറുമീന്‍ പിടിക്കില്ലെന്ന് ബോട്ടുടമകളും യോഗത്തില്‍ ഉറപ്പ് നല്‍കി. നൈറ്റ് ട്രോളിങ് നിരോധിക്കാനും ഈ യോഗം തീരുമാനിച്ചിരുന്നു.
ഇതോടെ സംസ്ഥാനത്തെമ്പാടും ചെറുമീന്‍ പിടിത്തം ഏതാണ്ട് നിര്‍ത്തിവെച്ചു. ഇത്തരം മീനുകള്‍ പിടിച്ച വള്ളങ്ങള്‍ ചിലയിടങ്ങളില്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ചെറുമീന്‍ പിടിക്കരുതെന്ന് തീരദേശത്ത് ഫിഷറീസ് വകുപ്പ് അനൗണ്‍സ്‌മെന്റും നടത്തി.
14 ഇനം മത്സ്യങ്ങളുടെ കുറഞ്ഞ വലിപ്പം നിജപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവും പുറത്തുവന്നു. ഈ അളവിനേക്കാള്‍ വലിപ്പമുള്ള മീനുകള്‍ പിടിക്കരുതെന്നായിരുന്നു നിര്‍ദേശം.
ഇതിനിടെ അന്യസംസ്ഥാന ബോട്ടുകള്‍ കേരളത്തിന്റെ കടലില്‍ നിന്ന് ചെറുമീനുകള്‍ പിടിച്ച്, തമിഴ്‌നാടന്‍ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നതായി ബോട്ടുടമകള്‍ പരാതി ഉന്നയിച്ചു. ഇത് തടഞ്ഞില്ലെങ്കില്‍ കേരളത്തിലും ചെറിയ മീനുകളും പിടിക്കുമെന്നായി അവര്‍. സംസ്ഥാന സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ കേരളത്തിന് ഈ മീന്‍ സമ്പത്ത് നഷ്ടപ്പെടുകയാണെന്ന വാദമാണ് ബോട്ടുടമകള്‍ ഉന്നയിച്ചത്.
പല മേഖലകളിലും ബോട്ടുകള്‍ ചെറുമീന്‍ പിടിത്തം പുനരാരംഭിക്കുകയും ചെയ്തു.
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കുഞ്ഞുമീനുകളെ പിടിക്കരുതെന്ന് സര്‍ക്കാര്‍ തന്നെ ഉത്തരവിട്ടത്. മത്സ്യഗവേഷണ സ്ഥാപനങ്ങളും സമുദ്ര ശാസ്ത്രജ്ഞന്മാരും ഈ നിലപാടിനെ പിന്തുണച്ചു. ഇതുമായി ബന്ധപ്പെട്ട യോഗങ്ങള്‍ വിളിച്ചുചേര്‍ത്തത് കേന്ദ്ര സമുദ്ര മത്സ്യഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടാണ്. യൂണിയനുകളെല്ലാം ഈ യോഗത്തില്‍ പങ്കെടുത്തു.
ബോട്ടുകള്‍ ചെറുമീന്‍ പിടിച്ച് തമിഴ്‌നാട്ടിലേക്ക് പോകുന്നത് പതിവായതോടെ പലയിടത്തും പരമ്പരാഗത തൊഴിലാളികള്‍ ഇതിനെതിരെ രംഗത്തെത്തുകയാണ്.
ഇതിനിടെ ചെറുമീന്‍ പിടിക്കുന്നത് തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദേശം നല്‍കി. ഹാര്‍ബറുകളില്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.
ഭാവിയെ കരുതി ചെറുമീന്‍ പിടിത്തത്തില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കുകയാണ് വേണ്ടതെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ആദ്യമായി ഇക്കാര്യത്തില്‍ സ്വമേധയാ അച്ചടക്കം പാലിച്ച് മാതൃക കാട്ടിയവരാണ് കേരളത്തിലെ തൊഴിലാളികള്‍. മേഖലയിലെ പ്രവര്‍ത്തകരുടെ യോഗം വിളിച്ച് സര്‍ക്കാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം വലകളുടെ വലിപ്പം നിയന്ത്രിക്കാത്തതിനാല്‍ ചെറുമീന്‍ പിടിക്കുന്നത് തടയല്‍ പ്രായോഗികമല്ലെന്ന് ബോട്ടുടമാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ ചൂണ്ടിക്കാട്ടുന്നു. ചെറുമീന്‍ മാര്‍ക്കറ്റില്‍ വില്പന നടത്തുന്നതും തടയണം. ഇപ്പോള്‍ ഈ മീനുകള്‍ തമിഴ്‌നാട്ടിലേക്ക് പോകുകയാണ്. അതും തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിയമം ലംഘിച്ച് ചെറുമീന്‍ പിടിച്ചാല്‍ ബോട്ടുകള്‍ കടലില്‍ തടയുമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ഭാരവാഹികളായ പി.വി. വിത്സന്‍, വി.ഡി. മജീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.