തോപ്പുംപടി: കേന്ദ്ര മത്സ്യബന്ധന നയവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും വിദേശ കപ്പലുകള്‍ക്ക് അനുമതി നല്‍കരുതെന്ന തൊഴിലാളികളുടെ വികാരം നയരേഖയിലുണ്ടാകുമെന്നും സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സുനില്‍ മുഹമ്മദ് പറഞ്ഞു.
കൊച്ചിയില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കടല്‍ വിദേശ കമ്പനികള്‍ക്ക് തീറെഴുതുന്നതിനാണ് പുതിയ നയമെന്ന ആക്ഷേപം ശരിയല്ല. വിദേശ കപ്പലുകള്‍ക്കെതിരെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിഷേധം ഉണ്ടായിട്ടുണ്ട്. തൊഴിലാളികളുെട ഈ പ്രതിഷേധം നയരേഖയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
എന്നാല്‍, നയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ചോദ്യാവലി പൂരിപ്പിച്ച് നല്‍കാന്‍ സംസ്ഥാനത്തെ തൊഴിലാളി സമൂഹം വേണ്ട താത്പര്യമെടുത്തില്ല. ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. മജീന്ദ്രന്‍ മോഡറേറ്ററായി. നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ദേശീയ സെക്രട്ടറി ടി. പീറ്റര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.പി. ജോണ്‍, ജനറല്‍ സെക്രട്ടറി ജാക്‌സണ്‍ പൊള്ളയില്‍, പി.വി. വിത്സണ്‍, എന്‍.ജെ. ആന്റണി, മാഗ്ലിന്‍ പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.