തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ ബോട്ടുകളുടെ പരിശോധനയ്‌ക്കെത്തിയ ഫിഷറീസ് ഉദ്യോഗസ്ഥരും ഹാര്‍ബര്‍ തൊഴിലാളികളും തമ്മില്‍ തര്‍ക്കം. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിലച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ഫിഷറീസ് അസി. ഡയറക്ടര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. കച്ചവടം തുടങ്ങുന്ന സമയത്ത് പരിശോധന നടത്തുന്നത് തൊഴിലാളികളും കച്ചവടക്കാരും ചേര്‍ന്ന് തടഞ്ഞു. തര്‍ക്കത്തെ തുടര്‍ന്ന് ഒരുമണിക്കൂറോളം ഹാര്‍ബറിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

പിന്നീട് ഹാര്‍ബറിലെ കച്ചവടക്കാരുടെ സംഘടനാ പ്രതിനിധികള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. രജിസ്‌ട്രേഷന്‍ ഇല്ലാത്ത ബോട്ടുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടിയെടുക്കുമെന്ന് കച്ചവടക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കി. ഇതോടെയാണ് പ്രശ്‌നത്തിന് പരിഹാരമുണ്ടായത്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന മീന്‍പിടുത്ത ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ലൈസന്‍സില്ലാത്ത ബോട്ടുകള്‍ പിടികൂടി പിഴയീടാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതെതുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബോട്ടുകള്‍ക്കെതിരേ നടപടിയെടുത്തിരുന്നു.

അതേസമയം നടപടി കര്‍ശനമാക്കിയതിനാല്‍ തമിഴ്‌നാട് ബോട്ടുകളൊന്നും കൊച്ചി, വൈപ്പിന്‍ ഹാര്‍ബറുകളിലേക്ക് വരുന്നില്ലെന്നും ഇത് ഹാര്‍ബറുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നുമാണ് കച്ചവടക്കാരുടെയും തൊഴിലാളികളുടെയും പരാതി. തമിഴ്‌നാട്ടില്‍ നിന്നുള്ള ബോട്ടുകള്‍ക്ക് രേഖകളില്ലെന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നൂറോളം ബോട്ടുകള്‍ ഈ വിഭാഗത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ ലൈസന്‍സും ഇവരുടെ ൈകയിലില്ലത്രെ. ഇവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫിഷറീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണമുള്ളതിനാല്‍ ബോട്ടുകളെല്ലാം തമിഴ്‌നാട് ഹാര്‍ബറുകളിലേക്ക് പോകുന്നുവെന്നും ഇത് കൊച്ചി ഹാര്‍ബറിനെ തകര്‍ക്കുകയാണെന്നും ലോങ് ലൈന്‍, ഗില്‍നെറ്റ് ബോട്ട് ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ എം.എ. നൗഷാദ്, മജീദ് എന്നിവര്‍ പരാതിപ്പെട്ടു. കൊച്ചി കേന്ദ്രീകരിച്ച് പിടിക്കുന്ന മീനുമായി ഇവര്‍ തമിഴ്‌നാട്ടിലേക്ക് പോകുമ്പോള്‍ നഷ്ടം കേരളത്തിനാണ്. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമെന്നും ഇവര്‍ പറഞ്ഞു.