തോപ്പുംപടി: കൊച്ചി, മുനമ്പം, വൈപ്പിന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മീന്‍പിടിത്ത ബോട്ടുകള്‍ കൂട്ടത്തോടെ തമിഴ്‌നാട്ടിലേക്ക് താവളം മാറ്റുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും ശിക്ഷാ നടപടികളും വലയ്ക്കുന്നതിനാലാണ് ബോട്ടുകള്‍ തമിഴ്‌നാട്ടിലേക്ക് പോകുന്നതെന്നാണ് ബോട്ടുടമകള്‍ പറയുന്നത്.

ഏതാനും മാസങ്ങള്‍ക്കിടയില്‍ കൊച്ചി, മുനമ്പം, വൈപ്പിന്‍ മേഖലകളില്‍നിന്നായി അഞ്ഞൂറിലേറെ ബോട്ടുകള്‍, തമിഴ്‌നാടന്‍ ഹാര്‍ബറുകളിലേക്ക് താവളം മാറ്റി. കൊച്ചിയില്‍ ദിവസം 25 മുതല്‍ 40 വരെ ബോട്ടുകളാണ് എത്തിയിരുന്നത്. ഇപ്പോള്‍ അത് എട്ടില്‍ താഴെയായി. കൊച്ചി കേന്ദ്രീകരിച്ചുള്ള ഫിഷറീസ് വകുപ്പിന്റെ പരിശോധനകളും നിയമ നടപടികളും പിഴയീടാക്കലുമാണ് ബോട്ട് ജീവനക്കാരുടെ മനം മടുപ്പിക്കുന്നത്.

അതേസമയം, നിയമപ്രകാരമുള്ള ലൈസന്‍സും രജിസ്‌ട്രേഷനും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ക്കെതിരേയാണ് നടപടിയെടുക്കുന്നതെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പുതിയ നിയമം നിലവില്‍ വന്നിട്ടുണ്ട്. വ്യവസ്ഥകള്‍ കര്‍ക്കശമാണ്. അത് പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം. രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവയുടെ പേരിലും ചെറുമീന്‍ പിടിത്തത്തിന്റെ പേരിലുമാണ് കൂടുതല്‍ നടപടിയുണ്ടാകുന്നത്. നേരായ വിധത്തില്‍ ബോട്ടുകള്‍ പരിശോധിച്ച് ലൈസന്‍സ് നല്‍കാനുള്ള സാങ്കേതിക സൗകര്യമോ, അതിനുള്ള വിദഗ്ദ്ധരോ ഫിഷറീസ് വകുപ്പിനില്ലെന്നാണ് ബോട്ടുടമകളുടെ പ്രധാന പരാതി. ഫീസ് അടയ്ക്കാന്‍ തയ്യാറായാല്‍ പോലും രജിസ്‌ട്രേഷന്‍ കിട്ടാത്ത സ്ഥിതിയാണ്.

തൊഴിലാളികള്‍ക്കു കൂടി ഉടമസ്ഥാവകാശമുള്ളതാണ് മിക്ക ബോട്ടുകളും. തൊഴിലാളികളില്‍ ഏറെയും തമിഴ്‌നാട്ടുകാരാണ്. തമിഴ്‌നാട്ടിലാണെങ്കില്‍ ഹാര്‍ബറുകള്‍ കൂടുതല്‍ സൗകര്യങ്ങളോടെ വികസിപ്പിച്ചു കഴിഞ്ഞു. മുട്ടം, തേങ്ങാപ്പട്ടണം, കൊളച്ചല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹാര്‍ബറുകളിലേക്കാണ് ഈ ബോട്ടുകള്‍ ചേക്കേറുന്നത്. മത്സ്യം അവിടേക്ക് പോകുന്നതിനാല്‍ കൊച്ചിയില്‍നിന്നുള്ള കച്ചവടക്കാരും അവിടേക്ക് പോകുന്നു. തമിഴ്‌നാട്ടിലാണെങ്കില്‍ ബോട്ടുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും കൊച്ചിയിലെ ബോട്ടുടമകള്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാടന്‍ ഹാര്‍ബറുകളില്‍ ഇറക്കുന്ന ഈ മീന്‍ പിന്നീട് ലോറികളിലും മറ്റും കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് തന്നെ വരികയാണ്. സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന മത്സ്യത്തിന് വില കൂടാന്‍ ഇതിടയാക്കുന്നു. മീന്‍ കച്ചവടം വഴിമാറുന്നത് ജില്ലയിലെ ഹാര്‍ബറുകള്‍ക്ക് വലിയ തിരിച്ചടിയാണ്. നൂറുകണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നത്. കച്ചവടം പോകുന്നത് പ്രദേശത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് വഴിവയ്ക്കും. ഹാര്‍ബറുകളെ ആശ്രയിച്ച് നില്‍ക്കുന്ന അനുബന്ധ തൊഴില്‍ - കച്ചവട മേഖലയ്ക്കും തകര്‍ച്ചയാണുണ്ടാകുക. സംസ്ഥാനത്തിന്റെ വരുമാനത്തെയും ഇത് ബാധിക്കും.

ഫിഷറീസ് വകുപ്പ് മന്ത്രി ഇടപെടണം

ജില്ലയിലെ ഹാര്‍ബറുകളിലേക്ക് ബോട്ടുകള്‍ വരാത്ത സ്ഥിതിയാണുള്ളതെന്നും പ്രശ്‌നപരിഹാരത്തിന് ഫിഷറീസ് മന്ത്രി ഇടപെടണമെന്നും സംസ്ഥാന ബോട്ടുടമ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ ആവശ്യപ്പെട്ടു. വന്‍ തുകയാണ് പിഴയായി ഈടാക്കുന്നത്. വലിയൊരു തൊഴില്‍ മേഖലയെ തകര്‍ക്കുന്ന ഏര്‍പ്പാടാണിത്. താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്.

കൊച്ചി, വൈപ്പിന്‍ ഹാര്‍ബറുകളിലേക്ക് വരുന്ന ബോട്ടുകളെ വിരട്ടി ഓടിക്കുന്ന രീതിക്ക് മാറ്റമുണ്ടാകണമെന്ന് കൊച്ചി ലോങ് ലൈന്‍, ഗില്‍നെറ്റ് ബോട്ട്‌ ൈബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.എം. നൗഷാദും സെക്രട്ടറി മജീദും ആവശ്യപ്പെട്ടു. ഫിഷറീസ് ഉദ്യോഗസ്ഥര്‍ ബോട്ട് തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയാണ്. ഇത് നിര്‍ത്തിയില്ലെങ്കില്‍ ഈ മേഖല തകരും. ഹാര്‍ബര്‍ യൂസര്‍ ഫീ ഇനത്തില്‍ മാത്രം ഒന്നരക്കോടിയോളം രൂപയാണ് കൊച്ചിയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കുന്നത്. സര്‍ക്കാര്‍ സഹായമൊന്നും നല്‍കിയില്ലെങ്കിലും ഉപദ്രവിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു.