തോപ്പുംപടി: കൊച്ചിയില്‍ സ്രാവിന്‍ ചിറകുകള്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നുണ്ടായ പ്രചാരണങ്ങള്‍ മത്സ്യബന്ധന മേഖലയെ ഉലയ്ക്കുന്നു. സ്രാവുകളെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന രീതിയില്‍ തെറ്റായ പ്രചാരണം നടക്കുന്നതിനാല്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചൂണ്ട ബോട്ടുകളില്‍ ബഹു ഭൂരിപക്ഷവും തിങ്കളാഴ്ച കടലില്‍ ഇറങ്ങിയില്ല. ട്രോളിങ് നിരോധനം നീങ്ങിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച അര്‍ധരാത്രിയോടെ മറ്റ് വിഭാഗം ബോട്ടുകള്‍ കടലിലേക്ക് നീങ്ങിയിട്ടുണ്ട്.

എന്നാല്‍ ലോങ് ലൈന്‍, ഗില്‍നെറ്റ് വിഭാഗത്തില്‍പ്പെടുന്ന ചൂണ്ട ബോട്ടുകളാണ് കടലില്‍ പോകാന്‍ മടിക്കുന്നത്. ഇവയ്ക്കാണ് സ്രാവുകള്‍ ധാരാളമായി ലഭിക്കുന്നത്. പുതിയ സാഹചര്യത്തില്‍ സ്രാവ് കരയിലെത്തിച്ചാല്‍ അതിന്റെ വില്പന നടക്കുമോ എന്നാണ് ആശങ്ക. മാത്രമല്ല, സ്രാവ് പിടിത്തം നിരോധിച്ചിട്ടുള്ളതായി സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ പ്രചാരണം നടത്തുന്നതും പ്രശ്‌നമാകുകയാണ്. സ്രാവിന്‍ ചിറകുകളുടെ കയറ്റുമതിയാണ് നിരോധിച്ചിട്ടുള്ളത്. വംശനാശം നേരിടുന്ന ചിലയിനം സ്രാവുകളെ പിടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇത്തരം ഇനങ്ങളെ അറബിക്കടലില്‍ നിന്ന് ലഭിക്കാറില്ലെന്ന് ബോട്ട് തൊഴിലാളികള്‍ പറയുന്നു.

കൊച്ചിയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ സ്രാവിന്‍ ചിറകുകള്‍ നിരോധിക്കപ്പെട്ട ഇനങ്ങളുടേതല്ലെന്ന് കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ ബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഇവ നിരോധിക്കപ്പെട്ട സ്രാവിന്റേതാണെന്ന് ആരും പരിശോധിച്ച് കണ്ടെത്തിയിട്ടില്ല. പോലീസിന് ഇക്കാര്യത്തില്‍ നടപടി എടുക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ബിസിനസ് രംഗത്തെ ചില വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് സ്രാവിന്‍ ചിറകുകളുടെ പിടിത്തത്തില്‍ കലാശിച്ചതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ സ്രാവുകള്‍ വില്പനയ്ക്ക് എത്തുന്നത്. മാംസാവശ്യത്തിനായാണ് ഇവയെ വില്‍ക്കുന്നത്. ചിറകിന് വലിയ പ്രാധാന്യം നല്‍കുന്നില്ല. നിരോധിക്കപ്പെട്ട ഇനത്തിലുള്ള സ്രാവുകളെ വില്പന നടത്താറില്ലെന്നും ഇവര്‍ പറയുന്നു. സ്രാവിന്റെ ചിറകിന്റെ വിലയെക്കുറിച്ചുള്ള പ്രചാരണവും തെറ്റാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കൊച്ചിയില്‍ കണ്ടെത്തിയ സ്രാവിന്‍ ചിറകുകള്‍ക്ക് 25 ലക്ഷം രൂപ പോലും വില വരില്ല. ഇവ കയറ്റുമതിക്കായി സൂക്ഷിച്ചതല്ല. കയറ്റുമതി ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ വിദേശത്തെ വില അനുസരിച്ച് ചിറകിന്റെ വില കണക്കാക്കുന്നതുതന്നെ ശരിയല്ല. സ്രാവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ അന്യ സംസ്ഥാനക്കാരായ ബോട്ട് തൊഴിലാളികളെ ഭയപ്പെടുത്തുകയാണെന്നും കൊച്ചി ഫിഷറീസ് ഹാര്‍ബറിലെ കച്ചവടത്തെ ഇത് ബാധിക്കുമെന്നും ഹാര്‍ബറിലെ വിവിധ സംഘടനകളുടെ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന കൊച്ചി ഫിഷറീസ് ഹാര്‍ബറിനെ തളര്‍ത്താനുള്ള നീക്കത്തില്‍ സംഘടനകളുടെ പ്രതിനിധികള്‍ പ്രതിഷേധിച്ചു. സ്രാവ് പിടിക്കുന്ന തൊഴിലാളികളെ കുറ്റക്കാരായി ചിത്രീകരിച്ചാല്‍ അത് ഹാര്‍ബറിനെ തകര്‍ക്കുമെന്നും നിയമ വിരുദ്ധമായ നീക്കങ്ങള്‍ അധികൃതര്‍ ഉപേക്ഷിക്കണമെന്നും വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ എ.എം. നൗഷാദ്, എം. മജീദ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആന്‍ഡ് കമ്മിഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.യു. അനസ്, ട്രോള്‍നെറ്റ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി.എം. ഷെരീഫ്, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹിയായ സി.ബി. റഷീദ് തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.