കാലവര്‍ഷം ശക്തി പ്രാപിച്ചിട്ടും ചാള, അയില തുടങ്ങിയ മത്സ്യങ്ങള്‍ പഴയതുപോലെ ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ട്രോളിങ് നിരോധനം തുടങ്ങി മൂന്നാഴ്ച കഴിഞ്ഞിട്ടും കാര്യമായ തോതില്‍ മീന്‍ ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചി, വൈപ്പിന്‍ മേഖലയില്‍ ചാള കുറെശ്ശെ ലഭിക്കുന്നുണ്ട്. കടലില്‍ പൊടിച്ചാള കാണുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ കാര്യമായി ചാള ലഭിക്കുമെന്നുമാണ് തൊഴിലാളികളുടെ പ്രതീക്ഷ.
മാര്‍ക്കറ്റില്‍ ചാളയ്ക്ക് നല്ല വിലയുണ്ടെങ്കിലും കടലില്‍ പോകുന്ന തൊഴിലാളികള്‍ക്ക് ഇപ്പോഴും കാര്യമായ വില ലഭിക്കുന്നില്ല. കിലോഗ്രാമിന് പരമാവധി 120 രൂപവരെ മാത്രമാണ് കിട്ടുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
ട്രോളിങ് നിരോധന കാലമായതിനാല്‍ വിപണിയില്‍ പൊതുവേ മീനില്ല. വരുന്ന മീനിന് വലിയ വിലയും നല്‍കേണ്ടി വരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചാള വരുന്നുണ്ട്. വിപണിയില്‍ ഇപ്പോള്‍ ലഭിക്കുന്ന മത്സ്യങ്ങളില്‍ 60 ശതമാനവും മറുനാടുകളില്‍ നിന്നുള്ളതാണ്. കടലൂര്‍, നാഗപട്ടണം, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് ചാള വരുന്നത്. നാടന്‍ മീനുകളും ചാളയും കിട്ടാത്തതിനാല്‍ വരവ് മീനുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്.
പരമ്പരാഗത വള്ളങ്ങള്‍ മാത്രമാണ് കടലില്‍ ഇറങ്ങുന്നത്. ട്രോളിങ് നിരോധന കാലം അവസാനിക്കുന്നതിന് മുമ്പ് കടല്‍ കനിയുമെന്നും കൂടുതല്‍ മീന്‍ കിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണ് പരമ്പരാഗത തൊഴിലാളി സമൂഹം.
കഴിഞ്ഞ രണ്ടു വര്‍ഷവും കടലില്‍ ചാള വന്‍തോതില്‍ കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ വെറും 25,000 ടണ്‍ ചാളയാണ് ലഭിച്ചത്. തൊട്ടു മുമ്പുള്ള വര്‍ഷം 48,000 ടണ്ണായിരുന്നു ഉത്പാദനം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ചാളയുടെ ഉത്പാദനം 20 മടങ്ങ് കുറഞ്ഞെന്നാണ് കണക്ക്. ചാള ഇക്കുറി ചതിക്കില്ലെന്ന കണക്കുകൂട്ടലിലാണ് തൊഴിലാളികള്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചാള ലഭിക്കുന്ന കാലമാണിത്. ചാളയുടെ കാലം തിരിച്ചുവരുന്നതായുള്ള സൂചനയാണ് ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
64
ചൊവ്വാഴ്ച വൈകീട്ട് വള്ളങ്ങള്‍ക്ക് ലഭിച്ച ചാള ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് എത്തിച്ചപ്പോള്‍