തോപ്പുംപടി: കേരളത്തില്‍ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി, മുനമ്പം, വൈപ്പിന്‍ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ കടലില്‍ നിന്ന് മടങ്ങി. ബുധനാഴ്ച അര്‍ധരാത്രി മുതലാണ് നിരോധനം നിലവില്‍ വന്നതെങ്കിലും ചൊവ്വാഴ്ച മുതല്‍ തന്നെ ബോട്ടുകള്‍ കടലില്‍ നിന്ന് മടങ്ങിത്തുടങ്ങിയിരുന്നു.

അവസാന ദിവസങ്ങളില്‍ ട്രോള്‍ ബോട്ടുകള്‍ക്ക് കിളിമീന്‍, കണവ, കൂന്തല്‍ തുടങ്ങിയവ ധാരാളമായി ലഭിച്ചു. ഗില്‍നെറ്റ് ബോട്ടുകള്‍ക്ക് കേരയാണ് കൂടുതല്‍ കിട്ടിയത്.

ബുധനാഴ്ച ഉച്ചയോടെ കൊച്ചിയില്‍ മടങ്ങിയെത്തിയ ബോട്ടുകളിലുള്ള മീന്‍ വ്യാഴാഴ്ച ഹാര്‍ബറില്‍ കച്ചവടം നടത്തും.

കൊച്ചി, മുനമ്പം, വൈപ്പിന്‍ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് എഴുന്നൂറോളം മീന്‍പിടിത്ത ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. ഇതില്‍ മുന്നൂറോളം ചൂണ്ട ബോട്ടുകളാണ്.

ബോട്ടുകളില്‍ തൊഴിലെടുക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ഇതര സംസ്ഥാനക്കാരാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് അധികവും. അസം, ബംഗാള്‍, മഹാരാഷ്ട്ര, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ട്്. തൊഴിലാളികളെല്ലാം മിക്കവരും സ്വന്തംനാടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. ശേഷിക്കുന്നവര്‍ വ്യാഴാഴ്ചയോടെ മടങ്ങും.

നിരോധനകാലത്ത്് പരമ്പരാഗത വള്ളങ്ങള്‍ക്ക്് കടലില്‍ ഇറങ്ങുന്നതിന് തടസ്സമില്ല. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും കടലിലിറങ്ങാം. ഈസമയത്ത് ബോട്ടുകള്‍ കടലില്‍ ഇറങ്ങാന്‍ സാധ്യതയില്ല. വിലക്ക് ലംഘിച്ച്് ബോട്ടുകള്‍ കടലിലിറക്കുന്നതു തടയാന്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി.

ദിവസവും ലക്ഷങ്ങളുടെ കച്ചവടമാണ് ഹാര്‍ബറുകളില്‍ നടക്കുന്നത്. ഹാര്‍ബറുകള്‍ സ്തംഭിക്കുമ്പോള്‍ പ്രദേശത്തെ സമസ്ത മേഖലകളിലും അതിന്റെ പ്രതിഫലനമുണ്ടാകും. ഹാര്‍ബറുകളിലും സമീപ പ്രദേശങ്ങളിലും ഇനി വറുതിയുടെ നാളുകളാണ്.

പരമ്പരാഗത വിഭാഗം കടലില്‍ ഇറങ്ങുമെങ്കിലും കടലോര പ്രദേശത്തുകാര്‍ക്ക്് പോലും ആവശ്യത്തിന് മീന്‍ ലഭിക്കില്ല. അയല്‍നാടുകളില്‍ നിന്ന്്് മീന്‍ വന്നാല്‍ മാത്രമേ കേരളത്തിന്റെ ക്ഷാമത്തിന് പരിഹാരമാകൂ.